തിരുവനന്തപുരം: വാട്‌സ് ആപ്പിലെ ഹർത്താൽ ആഹ്വാനം കണ്ട് വിജയിപ്പിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയവർ കുടുങ്ങും. ഊരും പേരുമില്ലാതെ നടന്ന ഹർത്താൽ ആഹ്വാനത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്ന് അന്വേഷണ സംഘങ്ങൾ ഉറപ്പിച്ച സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹർത്താൽ ആക്രമണങ്ങളിൽ രണ്ടായിരത്തിൽ അധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റെടുക്കാൻ സംഘടന ഇല്ലാത്തതിനാൽ ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയവർ ജാമ്യം പോലും ലഭിക്കാതെ അഴിക്കുള്ളിൽ കിടക്കുകയാണ്. മുന്നൂറോളംപേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

ഹർത്താലിനു വാട്‌സ്ആപ് വഴി പ്രചാരണം നടത്തിയവരും കുടുങ്ങും. ഇത്തരം വാട്‌സ്ആപ് ഗ്രൂപ്പുകളുടെയും അഡ്‌മിന്മാരുടെയും വിവരങ്ങൾ സൈബർസെൽ ശേഖരിക്കുന്നുണ്ട്. ഇവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കും. വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളുടെ അഡ്‌മിനുകളോടു സ്റ്റേഷനിൽ ഹാജരാകാൻ കോഴിക്കോട് പൊലീസ് നിർദ്ദേശം നൽകി.

ഹർത്താലിന് ആഹ്വാനം ചെയ്യുകയും അതിന്റെ മറവിൽ ആക്രമണം നടത്തുകയും ചെയ്ത 762 പേർക്കെതിരെ വയനാട്ടിൽ കേസെടുത്തു. 41 പേരെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ ഹർത്താലിന്റെ പേരിൽ അതിക്രമം നടത്തിയതിനെത്തുടർന്നു റിമാൻഡ് ചെയ്യപ്പെട്ട 25 പേരുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. ഹർത്താൽ അനുബന്ധ അക്രമങ്ങളിൽ മലപ്പുറത്ത് 250 പേരെ അറസ്റ്റ് ചെയ്തു. 80 പേരെ റിമാൻഡ് ചെയ്തു. അക്രമത്തിനു നേതൃത്വം നൽകിയവരെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തും.

താനൂരിലെ അക്രമസംഭവങ്ങൾക്ക് ആളെക്കൂട്ടാൻ സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. തൃശൂരിൽ പാവറട്ടി പൊലീസ് പത്തുപേർക്കെതിരെയും ഗുരുവായൂർ പൊലീസ് അഞ്ചുപേർക്കെതിരെയും കേസെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ട അൻപതോളം പേർക്കെതിരെയും കേസെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു.

തീവ്ര സ്വഭാവമുള്ള സംഘടനകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്തോയെന്ന കാര്യവും അന്വേഷിക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഹർത്താൽ അരങ്ങേറിയത്. ഹർത്താലിന്റെ മറവിൽ മലബാർ മേഖലയിൽ വ്യാപകമായ അക്രമസംഭവങ്ങൾ നടന്നു. മലപ്പുറത്ത് മാത്രം 130 പേരെയാണ് അക്രമസംഭവങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്തത്. 60ൽ അധികം കേസുകളും രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ കാസർകോട്, കോഴിക്കോട് മേഖലകളിലും തിരുവനന്തപുരത്തും ഇതേപോലെയുള്ള സംഭവങ്ങൾ ഉണ്ടായി. ഇതേതുടർന്നാണ് തീവ്രസ്വഭാവമുള്ള സംഘടനയുടെ സാന്നിധ്യം പൊലീസ് അന്വേഷിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിലേതുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചേർത്താണ് അന്വേഷണസംഘം രൂപീകരിച്ചത്. വാട്സ് ആപ്പ് വഴി ഹർത്താൽ ആഹ്വാനം നടത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ തടയാൻ പൊലീസ് പരാജയപ്പെട്ടുവെന്ന പരാതികൾ നിരവധി സ്ഥലങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഇതേതുടർന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്.

ലക്ഷ്യമിട്ടത് വർഗീയ കലാപം

'വാട്‌സാപ്പ് ഹർത്താലു'മായി ബന്ധപ്പെട്ട് എട്ടു ജില്ലകളിൽ വർഗീയ കലാപമുണ്ടാക്കാൻ അക്രമികൾ ലക്ഷ്യമിട്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നകത്. ഇക്കാര്യം ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാൻ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ കലാപമുണ്ടാക്കാൻ ശ്രമമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നു. സംഘട്ടനങ്ങളുണ്ടാക്കുകയും ചില വിഭാഗക്കാരുടെ വാഹനങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഹർത്താൽ അനുകൂലികൾ പദ്ധതികൾ ആസൂത്രണം ചെയ്തതെന്നും ഡി.ജി.പി. വ്യക്തമാക്കി. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട്, വെൽഫെയർ പാർട്ടി എന്നീ സംഘടനകളിലുള്ളവരാണ് ഹർത്താലിന്റെ പേരിലുള്ള അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നത്.

വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. ഈ കേസുകളിലുൾപ്പെട്ടവർക്ക് ഭാവിയിൽ ഒരു കാരണവശാലും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാറിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണിത്. പൊലീസിന്റെ അവസരോചിത ഇടപെടൽ മൂലമാണ് അക്രമം വ്യാപിക്കാതിരുന്നതെന്നും രാജേഷ് ദിവാൻ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രതപാലിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ തീരുമാനിച്ചു. തീവ്രസ്വഭാവമുള്ള ചില സംഘടനകൾ സാമൂഹികമാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനംചെയ്ത് സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ആസൂത്രണം നടന്നത്. സംസ്ഥാനവ്യാപകമായി ഇത്തരമൊരു പ്രവണതയുണ്ടായത് അപകടകരമാണ്. കേസിലുൾപ്പെട്ടവരുടെ പട്ടിക എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറും. ഹർത്താൽ ആഹ്വാനമുണ്ടായപ്പോൾത്തന്നെ പൊലീസ് അംഗീകൃത രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഹർത്താലിന് പിന്തുണയില്ലെന്നാണ് നേതാക്കൾ പൊലീസിനെ അറിയിച്ചതെന്നും രാജേഷ് ദിവാൻ പറഞ്ഞു.

അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനു കീഴിലുള്ള ഹൈടെക് സെല്ലിന്

അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ തിങ്കളാഴ്ച മലബാർ മേഖലയിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ചിനു കീഴിലുള്ള ഹൈടെക് സെൽ ആണ് അന്വേഷിക്കുക. വാട്‌സാപ്പ്, ഫേസ്‌ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താനാണ് ശ്രമം. അന്വേഷണസംഘത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. കശ്മീരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കാനെന്ന പേരിലാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.

മതസ്പർധ ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അക്രമം നടത്തിയ ചിലർ ലോക്കൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടികൂടാൻ ശ്രമം തുടരുകയാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹർത്താൽ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഹർത്താലിനിടെ നടന്ന അക്രമ സംഭവങ്ങളുടെയും ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ വാട്‌സാപ്പിലും ഫേസ്‌ബുക്കിലും പരക്കുകയാണ്. ഇതിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആഹ്വാനം പോക്‌സി സെർവർ വഴി

അതേസമയം ഹർത്താലിന് ആഹ്വാനം ചെയ്യാൻ ഉപയോഗിച്ചതു 'പ്രോക്‌സി സെർവർ'. ഇതുസംബന്ധിച്ചു കേന്ദ്ര സൈബർ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. സന്ദേശങ്ങൾ അയയ്ക്കുന്ന കംപ്യൂട്ടർ, സ്മാർട് ഫോൺ എന്നിവ തിരിച്ചറിയാതിരിക്കാനാണു പ്രോക്‌സി സെർവറുകൾ ഉപയോഗിക്കുന്നത്. സാധാരണ ഹർത്താൽ ആഹ്വാനങ്ങളിൽനിന്നു വ്യത്യസ്തമായി സാമുദായിക സ്പർധ വളർത്തുന്ന പരാമർശങ്ങളും വരികൾക്കിടയിൽ ഒളിപ്പിച്ച വിദ്വേഷവും നിറഞ്ഞതായിരുന്നു സന്ദേശം. രാജ്യം മുഴുവൻ കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഇന്ത്യൻ ഭാഷകളിൽ മലയാളത്തിൽ മാത്രമാണു ഹർത്താൽ ആഹ്വാനം പ്രചരിച്ചത്. സഹകരിക്കാത്തവരെ ആക്രമിക്കാനുള്ള പരോക്ഷ ആഹ്വാനവും സന്ദേശത്തിൽ അടങ്ങിയിരുന്നു.

ഹർത്താൽ ആഹ്വാനത്തിനു രണ്ടു ദിവസം മുൻപുതന്നെ കഠ്‌വ സംഭവത്തിൽ പ്രതിഷേധം അറിയിക്കാൻ ഓൺലൈൻ മാധ്യമങ്ങളുടെ പ്രൊഫൈൽ 'വയലറ്റ് നിറ'മാക്കാനുള്ള പ്രചാരണവും നടന്നു. ഇന്ത്യയുമായി സൈബർ വിവര കൈമാറ്റ കരാർ നിലവിലില്ലാത്ത വിദേശരാജ്യത്തെ ഇന്റർനെറ്റ് ഡേറ്റ വ്യാപന സംവിധാനങ്ങളാണു പ്രച്ഛന്ന വേഷ സെർവറുകളായ പ്രോക്‌സി സെർവറുകൾ. ഇന്റർനെറ്റ് വഴി വിവരങ്ങൾ കൈമാറുന്ന വ്യക്തിയുടെ യഥാർഥ വിലാസമായ ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ് (ഐപി) മറച്ചുവയ്ക്കാനാണു പ്രോക്‌സി സെർവർ ഉപയോഗപ്പെടുത്തുന്നത്. ഏതു രാജ്യത്തിരുന്നും മറ്റൊരു രാജ്യത്തിന്റെ ഇത്തരം സംവിധാനങ്ങൾ ആർക്കും ഉപയോഗപ്പെടുത്താൻ കഴിയും.

സമ്പൂർണ പരാജയമായി ഇന്റലിജന്റ്‌സ്

അക്രമത്തിലേക്ക വഴിതിരിഞ്ഞ അപ്രഖ്യാപിത ഹർത്താലിനു കളമൊരുങ്ങുന്നതും അതിലെ അക്രമ സാധ്യതയും മുൻകൂട്ടി അറിയുന്നതിൽ സംസ്ഥാന ഇന്റലിജൻസിനു ഗുരുതര വീഴ്ച. ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് ഉന്നതരെ അറിയിച്ചു. ഹർത്താലിനെക്കുറിച്ചു നവമാധ്യമത്തിൽ രൂപംകൊണ്ട ചർച്ചയും അതിനു പിന്നിലെ തീവ്രവാദ സ്വഭാവവും തിരിച്ചറിയുന്നതിലാണ് ഇന്റലിജൻസ് പരാജയപ്പെട്ടത്. ഇതാണ് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമത്തിന് ഇടയാക്കിയത്.

ശനിയാഴ്ചയോടെയാണു ജനകീയ ഹർത്താൽ എന്ന പേരിൽ സമൂഹമാധ്യങ്ങളിൽ സന്ദേശം പ്രചരിച്ചുതുടങ്ങിയത്. ഇതിന് ഒരു വിഭാഗം രഹസ്യമായി സംഘടിത പിന്തുണയും പ്രചാരണവും നൽകിയതു സൈബർ പൊലീസോ ഇന്റലിജൻസ് വിഭാഗമോ ഗൗരവത്തോടെ തിരിച്ചറിഞ്ഞില്ല. ഹർത്താലിന്റെ പേരിൽ സമൂഹമാധ്യമ കൂട്ടായ്മയിലെ കുറച്ചുപേർ സെക്രട്ടേറിയറ്റിനു മുൻപിൽ കൂടിച്ചേരുമെന്നും അല്ലാതെ ഹർത്താൽ ഉണ്ടാകില്ലെന്നുമായിരുന്നു ഇന്റലിജൻസ് വിലയിരുത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർത്താലിന്റെ തലേദിവസം സാധാരണ കൈക്കൊള്ളുന്ന മുൻകരുതലൊന്നും പൊലീസും എടുത്തില്ല.

രാവിലെ മുതൽ ചിലർ ബലമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെയാണ് അപ്രഖ്യാപിത ഹർത്താലിന്റെ പിന്നിൽ മറഞ്ഞിരുന്നവർ ആരെന്നു പൊലീസ് തിരിച്ചറിഞ്ഞത്. മലബാർ മേഖലയിലായിരുന്നു വ്യാപക അക്രമം. പൈലറ്റുമാർക്ക് എത്താൻ കഴിയാത്തതിനാൽ വിമാനങ്ങൾ പോലും വൈകി; പ്രഖ്യാപിത ഹർത്താലിൽ പോലും ഉണ്ടാകാത്ത കാര്യം. ചിലയിടത്തു കാര്യങ്ങൾ വർഗീയ സംഘർഷത്തിന്റെ വക്കോളമെത്തി. അതോടെയാണു പൊലീസ് ഉണർന്നത്.

മുന്നറിയിപ്പില്ലാതെ ഹർത്താലിന് ആഹ്വാനം ചെയ്തവരെയും അക്രമം നടത്തിയവരെയും കുറിച്ച് അന്വേഷിക്കുമെന്നാണു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇപ്പോൾ പറയുന്നത്. വിഐപികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം വന്നാൽ 24 മണിക്കൂറിനകം പോസ്റ്റിടുന്നവരെ പിടികൂടുന്ന പൊലീസ് എന്തുകൊണ്ട് രണ്ടു ദിവസം തുടർച്ചയായി ഹർത്താൽ ആഹ്വാനം ഉണ്ടായിട്ടും ഒന്നും ചെയ്തില്ലെന്ന ചോദ്യമാണ് ഉയരുന്നത്. വരാപ്പുഴയിൽ കസ്റ്റഡി മർദനം ഉണ്ടായ കാര്യം പോലും ഇന്റലിജൻസ് കൃത്യസമയത്തു റിപ്പോർട്ട് ചെയ്തിരുന്നില്ല.