തൃശ്ശൂർ: കോടതിയിൽ കേസ് നൽകിയ ശേഷം ബ്ലാക് മെയിൽ ചെയ്യുന്നുവെന്ന ആരോപണത്തിൽ തൃശൂരിലെ ജോർജ്ജ് വട്ടക്കുളത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരും അടക്കം നിരവധി പേർ ഇയാൾക്കെതിരെ പരാതി നൽകി. ബ്ലാക് മെയിൽ ചെയ്യുന്നുവെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുകയാണ് പൊലീസ്. ശരിയെന്ന് കണ്ടാൽ കേസെടുക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം ജോർജ്ജ്് വട്ടക്കുളത്തിനെതിരെ പൊലീസ് കമ്മീഷണർക്ക് ദയ ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നു. പത്രപ്രവർത്തകനാണെന്നും താൻ നടത്തുന്ന പത്രസ്ഥാപനത്തിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന വേണമെന്നും കാണിച്ച് അഞ്ചു മാസം മുമ്പ് വട്ടകുളം ദയ ആശുപത്രി അഢ്മിനിസ്ട്രേറ്റരെ സമീപിച്ചുവെന്നാണ് ആരോപണം. സംഭാവനയ്ക്കായ് സമീപിച്ചപ്പോൾ രസീത് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അഞ്ചു ലക്ഷം രൂപ നൽകാനാവില്ലെന്നറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി.

രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ വീണ്ടും ആശുപത്രി ഡയറക്ടർ ജബ്ബാറിനെ സമീപിച്ച് പണം നൽകണമെന്നാവശ്യപ്പെട്ടു. തുടർന്ന് ആശുപത്രിയോടു ചേർന്നു നടക്കുന്ന നിർമ്മാണം തടസ്സപ്പെടുത്തി. ഇതിനെതിരെ ആശുപത്രി അധികൃതർ ആശുപത്രി അധികൃതർ കോടതിയിൽ നൽകിയ പരാതിയിൽ സ്റ്റേ ലഭിച്ചിരുന്നു.

നേരത്തെ ജോർജ്ജ് വട്ടക്കുളത്തിനെതിര പരാതിപ്പെടാൻ മടിച്ചെങ്കിലും ഇപ്പോൾ ഇയാൾക്കെതിരായി നാട്ടുകാർ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് പൊലീസിൽ പരാതിപ്പെടാൻ മാനേജ്മെൻ് തയ്യാറായതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൾ അസീസ് പറഞ്ഞു. പരാതി ലഭിച്ചതായും തുടർ അന്വേഷണത്തിന് വിയ്യൂർ പൊലീസിലേക്ക് പരാതി കൈമാറിയതായും കമ്മീഷണർ രാഹുൽ ആർ നായരും അറിയിച്ചു.

നിയമലംഘനത്തിനെതിരെ സ്ഥിരമായി കോടതികളെ സമീപിക്കുന്ന തൃശൂരിലെ പൊതുപ്രവർത്തകനാണ് ജോർജ് വട്ടുകുളം. കഴിഞ്ഞ ദിവസം വട്ടക്കുളത്തിന്റെ വീട്ടിന് നേരെ ആക്രമണവും നടന്നു. പുലർച്ചെയുണ്ടായ കല്ലേറിൽ വീടിന്റേയും കാറിന്റേയും ചില്ലുകൾ തകർന്നു. അതേ സമയം ജോർജ് വട്ടുകുളത്തിനെതിരെ നാട്ടുകാരും ഒട്ടേറെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. രണ്ടു പേർ വീടിന് മുൻപിൽ എത്തി കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായി കാണാനായിട്ടില്ല. ഇതിനിടെയാണ് കൂടുതൽ പരാതികൾ ഉയരുന്നത്.