കോഴിക്കോട്: സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് ആര് എന്ത് വിദ്വേഷ പ്രസംഗം നടത്തിയാലും പൊലീസിന് കേസെടുക്കാൻ മടിയാണ്. എന്നാൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് രണ്ടു കേസ് എടുത്തുകൊണ്ട് കോഴിക്കോട് പൊലീസ് മാതൃകയായി,കോഴിക്കോട് മുസ്ലിം മേയറും മുസ്ലം എംഎ‍ൽഎയും വേണമെന്ന പ്രസംഗിച്ച ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെതിരെയും, റിപ്പോർട്ടർ ചാനലിന്റെ പരിപാടിക്കിടെ സിപിഐ.എം നേതാവ് മുഹമ്മദ് റിയാസിനോട് പാക്കിസ്ഥാനിൽ പോകാൻ പറഞ്ഞ ആർഎസ്എസ് പ്രവർത്തകനെതിരെയുമാണ് സമ്മർദങ്ങൾക്കൊടവിൽ പൊലീസ് കേസെടുത്തത്.

ബേപ്പൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആദംമുൽസിയുടെ മണ്ഡലം കൺവെൻഷനിൽ മതസ്പർധ ഉണ്ടാക്കുന്നതരത്തിൽ പ്രസംഗിച്ചെന്ന് കാണിച്ച് ബേപ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകിയത്. ബേപ്പൂരിൽ ആദംമുൽസി ജയിച്ചാൽ ഒരു മുസ്ലിം എംഎ‍ൽഎയും മുസ്ലിം മേയറെയും തങ്ങൾക്ക് ലഭിക്കുമെന്നും, അതിനാൽ കോൺഗ്രസിനോട് താൽപ്പര്യമില്‌ളെങ്കിലും തങ്ങൾ ഇത്തവ യു.ഡി.എഫിനെ പിന്തുണക്കുമെന്നും ഒരു മുസ്ലിം സംഘടനാ നേതാവ് തന്നോട് പറഞ്ഞതായാണ് കൺവെൻഷനിൽ അബു പ്രസംഗിച്ചത്. ആദംമുൽസിയുടെ എതിരാളിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സി മമ്മദ് കോയ കോഴിക്കോട് കോർപ്പറേഷൻ മേയറാണ്.

ഇന്ത്യൻ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 (മതസാമുദായിക സ്പർധയും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കൽ) അനുസരിച്ചാണ് കേസ്. നേരത്തെ വിഷയത്തിൽ കേസെടുക്കേണ്ട സാഹചര്യമില്‌ളെന്ന് അസി. പബ്‌ളിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയിരുന്നു. സംഭവത്തിൽ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് നല്ലളം എസ്.ഐ റിയാസ് ചാകിരി കേസ് രേഖപ്പെടുത്തിയത്.

അതിനിടെ റിപ്പോർട്ടർ ചാനൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിഅംഗവും സിപിഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസിനോട് പാക്കിസ്ഥാനിൽ പോകാനാവശ്യപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. റിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന പ്രവർത്തകനെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ജനപ്രാതിനിധ്യ നിയമത്തിലെ 125ാം വകുപ്പ് (മതസാമുദായിക സ്പർധയും വർഗീയധ്രുവീകരണവും സൃഷ്ടിക്കൽ), ശിക്ഷാനിയമം 295 എ (സമൂഹത്തിൽ ബോധപൂർവം അസ്വസ്ഥത സൃഷ്ടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

റിപ്പോർട്ടർ ചാനൽ ബുധനാഴ്ച കോഴിക്കോട് ബീച്ചിൽ നടത്തിയ പരിപാടിക്കിടെയാണ് ബിജെപി പ്രവർത്തരുടെ ആക്രോശമുണ്ടായത്. പത്തോളം വരുന്ന പ്രവർത്തകരാണ് പരിപാടി അലങ്കോലപ്പെടുത്തിയത്. കോലീബി സഖ്യത്തെക്കുറിച്ച് റിയാസ് പരാമർശിച്ചപ്പോഴായിരുന്നു ആക്രമണം. അവതാരകൻ ഇടപെട്ടതോടെ പ്രവർത്തകർ റിയാസിനൊപ്പം അവതാരകനുനേരെയും തിരിയുകയായിരുന്നു.