കണ്ണൂർ: പള്ളിയുടെയും മതപഠനത്തിന്റെയും പേര് പറഞ്ഞാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്ക് ഗൾഫിൽ പണപ്പിരിവ് നടത്തുന്നതെന്ന്തിന് പൊലീസിന് തെളിവുകൾ ലഭിച്ചു. ഇത്തരത്തിൽ പ്രവർത്തിച്ചുവന്ന പാപ്പിനിശ്ശേരി സ്വദേശി കെ.ഒ.പി. തസ്ലീം, പള്ളിയുടേയും മത പഠനത്തിന്റേയും മറവിലാണ് യു.എ.ഇ. യിൽ നിന്നും പണ പിരിവ് നടത്തിയത്. വ്യാജ പേരിൽ പണം പിരിച്ചതിന് യു.എ.ഇ. യിലെ കോർഫുകാൻ പൊലീസ് സ്റ്റേഷനിൽ തസ്ലീമിനെതിരെ കേസെടുത്തിട്ടുമുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ചേർന്നവർക്ക് സാമ്പത്തിക സഹായം നൽകിയെന്ന വളപട്ടണം പൊലീസ് എടുത്ത കേസിന് സമാനമായാണ് കോർഫുക്കാനിലെ കേസെന്ന് അന്വേഷണ സംഘത്തലവൻ ഡി.വൈ.എസ്‌പി. പി.പി.സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

തസ്ലീം ഇപ്പോൾ ഗൾഫ് നാടുകളിൽ എവിടയോ ഒളിവിൽ കഴിയുകയാണ്. യു.എ.ഇ.യിൽ കേസുള്ളതിനാൽ ഏറെ കാലം ഒളിവിൽ കഴിയാൻ പറ്റിയെന്ന് വരില്ല. രാജ്യങ്ങൾ തമ്മിലുള്ള നടപടി ക്രമങ്ങളുടെ സാങ്കേതികത്വത്തിന്റെ നൂലിഴ പിടിച്ചാണ് തസ്ലീം ഇപ്പോഴും ഒളിവിൽ കഴിയുന്നത്. എന്നാൽ ഇത് അധിക കാലം തുടരാൻ ആവില്ലെന്ന് ഡി.വൈ. എസ്. പി. സദാനന്ദൻ പറഞ്ഞു.

ഐ.എസ്. ബന്ധമുള്ള കണ്ണൂർ സ്വദേശികളായ മിത്ലജിനും റാഷിദിനും 400 ഡോളർ വീതം പണം നൽകിയത് ഇങ്ങിനെ പിരിച്ചെടുത്ത പണമാണ്. കണ്ണൂരിലെ ഒരു തുണി വ്യാപാരിക്ക് ഷാർജയിലെ റോളർ വാച്ച് ഷോപ്പിൽ നിന്നും പണം കൈമാറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തസ്ലീം പിരിച്ചെടുത്ത പണത്തിൽ ഒരു പങ്ക് മിത്ലജിന്റെ അക്കൗണ്ട് വഴിയാണ് നാട്ടിലെത്തിച്ചത്. ഐഎസിൽ ചേർന്നവർക്കുള്ള സാമ്പത്തിക സ്രോതസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

സിറിയൻ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച ഷെജിലിനും കൂട്ടാളിയായ മിത്ലജിനും ഇന്ത്യൻ രൂപ മൂന്നര ലക്ഷം വരുന്ന 4000 ഡോളർ തസ്ലീം എത്തിച്ചിരുന്നു. ഐ.എസിൽ നിന്നും തിരിച്ചു വന്ന ചക്കരക്കല്ല് സ്വദേശി ഷാജഹാനും ഡൽഹിയിൽ വെച്ച് ഒരു ലക്ഷം രൂപ വരുന്ന ഡോളറാണ് നൽകിയത്.

രാജ്യത്ത് ബോബു സ്ഫോടനം നടത്താനും വിധ്വംസക പ്രവർത്തനങ്ങൾ നടത്താനുമാണ് ഇങ്ങനെയുള്ള പണം എത്തുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ ബംഗളൂരുവിൽ പത്തിടങ്ങളിലായി നടത്തിയ സ്ഫോടന പരമ്പരക്ക് ചെലവായത് 4 ലക്ഷം രൂപ മാത്രമാണ്.

അനധികൃത പിരിവ് വഴി എത്തിച്ചേരുന്ന പണമെല്ലാം മത പഠനത്തിന്റേയും മത പ്രചാരണത്തിന്റേയും പേരിലാണ്. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും പണം എത്തുന്നത്. കേരളത്തിലെ നിരവധി സംഘടനകൾ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഗൾഫ് നാടുകളിൽ നിന്നും പണം പിരിച്ചെടുക്കുന്നുണ്ട്. അതിന്റെ മറവിലാണ് രാജ്യ ദ്രോഹ പ്രവർത്തനത്തിനും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്കുള്ള റിക്രൂട്ട്മെന്റിനും പണം എത്തുന്നത്