മുംബൈ: ബിഗ്‌ബോസ് 11 തുടങ്ങിയപ്പോൾ നിറയെ രസകരമായ ട്വിസ്റ്റുകളും ടേണുകളുമായിരുന്നു.എന്തൊക്കെയാണ് ഷോയിൽ സംഭവിക്കുന്നതെന്ന് പ്രേക്ഷകർക്ക് ശരിക്കും മനസ്സിലായതുപോലുമില്ല. മൽസരാർഥികൾ നിരന്തരം പരസ്പരം പ്രകോപിപ്പിക്കുന്നു, വഴക്കുകൂടുന്നു,ചീത്ത വിളിക്കുന്നു..അങ്ങനെ ഇല്ലാത്തതൊന്നുമില്ല. ഷോയ്ക്ക് മസാല പോരാത്തതുകൊണ്ടാണോ എന്തോ, ബിഗ്‌ബോസ് ഹൗസിൽ നിന്ന് ആദ്യ ആഴ്ച പുറത്താക്കിയ സുബൈർ ഖാൻ എന്ന മൽസരാർഥി അവതാരകൻ സൽമാൻ ഖാനെതിരെ പരാതി നൽകിയിരിക്കുകയാണ്.

മുംബൈയിലെ ലോണാവാല പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.ഹൗസ് വിട്ടുകഴിഞ്ഞാൽ തന്നെ ഈ വ്യവസായത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് സൽമാൻ ഭീഷണിപ്പെടുത്തി. 'നിന്റെ ഞാൻ എന്റെ നായയാക്കും.നീ ഹൗസ് വിട്ട ശേഷം കാണാം' ഇങ്ങനെ സൽമാൻ ഭീഷണി മുഴക്കിയെന്നാണ് സുബൈർ ഖാന്റെ പരാതി.

ബിഗ് ബോസ് 11 ന്റെ ആദ്യവാരാന്ത്യത്തിലെ എപിസോഡിൽ,സുബൈറിനെതിരെ സൽമാൻ രോഷാകൂലനായി സംസാരിച്ചിരുന്നു. ഹൗസിൽ സുബൈർ വളരെ മോശം ഭാഷയിൽ, പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിച്ചതാണ് സൽമാനെ ചൊടിപ്പിച്ചത്. താൻ വളരെ അപകടകാരിയാണെന്നും ഇയാൾ മറ്റുമൽസരാർഥികൾക്ക് മുന്നറിയിപ്പ് നൽകി.ദാവൂദ് ഇബ്രാഹിമിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സുബൈർ ഖാൻ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഈ ഞായറാഴ്ച ഷോ വിട്ടിരുന്നു.സുബൈർ ചികിൽസയിലാണെന്ന് ആദ്യം അറിയിച്ചെങ്കിലും, ഷോയുടെ അവസാനം വോട്ടുകൾ കുറവായതിനാൽ പുറത്തായെന്നാണ് സൽമാൻ ഖാൻ അറിയിച്ചത്.