പൊന്നാനി: മീൻപിടിത്ത ബോട്ടിൽ പൊന്നാനിയിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത്. പത്ത് വർഷം മുമ്പ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചപ്പോൾ കേരളം ഞെട്ടി. പൊന്നാനി കടപ്പുറത്ത് ഒരു മീൻപിടിത്ത ബോട്ടിലേക്ക് അമിതമായി ഡീസൽ കയറ്റിക്കൊണ്ടിരിക്കുന്നുവെന്ന വിവരം രഹസ്യമായി പൊലീസിന് ലഭിച്ചതോടെയാണ് മനുഷ്യക്കടത്തിന്റെ യാഥാർത്ഥ്യം കേരളം അറിഞ്ഞത്.

സാധാരണ മീൻപിടിത്ത ബോട്ടിലേക്കു കയറ്റുന്നതിനേക്കാൾ കൂടുതൽ ഡീസലാണ് കയറ്റിക്കൊണ്ടിരിക്കുന്നത്. സംശയം തോന്നി പൊലീസെത്തി ബോട്ട് പരിശോധിച്ചു. പന്തികേടു തോന്നിയ പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിനും ആഴ്ചകൾക്കു മുൻപ് പൊന്നാനിയിലെത്തി ബോട്ട് വാങ്ങിച്ച തമിഴ്‌നാട് സ്വദേശിയായ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം മനുഷ്യക്കടത്തിനുള്ള നീക്കമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. പൊന്നാനിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കൊരു ബോട്ട് യാത്ര. 3000 നോട്ടിക്കൽ മൈൽ അകലെ കിടക്കുന്ന ഓസ്‌ട്രേലിയൻ തീരത്തേക്കെത്താൻ രണ്ടാഴ്ചയിലധികം സമയമെടിക്കും. മീൻപിടിത്ത ബോട്ടിൽ ജീവൻ പണയപ്പെടുത്തി അഭയാർത്ഥികളെ മറുകരയിൽ എത്തിക്കാനുള്ള സാഹസികമായ നീക്കമായിരുന്നു അത്.

ശ്രീലങ്കൻ തമിഴ് വംശജരായ ചില അഭയാർഥികളെ ഓസ്‌ട്രേലിയയിലേക്കു കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. ഇതിനായി പലരിൽ നിന്നും പണം വാങ്ങി അവരെ യാത്രയ്ക്കു തയാറാക്കിയതായും പൊലീസ് പറഞ്ഞു. ആളുകളിൽ നിന്നു വാങ്ങിച്ച പണത്തിൽ നിന്ന് ദിനേശും കൂട്ടരും പൊന്നാനിയിലെത്തി ഒരു ബോട്ട് വാങ്ങിച്ചു. അങ്ങനെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചു. ഇതിനായി ബോട്ടിൽ ഡീസൽ നിറച്ച് തയ്യാറെടുപ്പ് നടത്താനുള്ള ശ്രമത്തിനിടയിലായിരുന്നു പൊലീസ് ബോട്ട് പൊക്കിയത്.

കസ്റ്റഡിയിലെടുത്ത ദിനേശിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുമായാണ് പൊലീസ് കേസെടുത്തത്. എന്നാൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളിലേക്ക് എത്തിച്ചേരാൻ അന്വേഷണത്തിൽ പൊലീസിന് കഴിഞ്ഞില്ല. ആരെയാണ് കടത്താൻ ലക്ഷ്യമിട്ടത്, അതിനുള്ള രേഖകൾ ഒന്നുംതന്നെ പൊലീസിന് കണ്ടെത്താനുമായില്ല. ഇതോടെ ദിനേശിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. മനുഷ്യക്കടത്തിനുള്ള ശ്രമം മാത്രമായി കേസ് ഒതുങ്ങി.

എന്നാൽ മനുഷ്യക്കടത്ത് യാഥാർത്ഥ്യമായിരുന്നുവെന്ന് പിന്നീട് കേരളം തിരിച്ചറിഞ്ഞു. മുനമ്പം മനുഷ്യക്കടത്ത് കേസ് ഇതിനുള്ള തെളിവായി. അന്വേഷിക്കാൻ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് രംഗത്ത് വന്നതും ഓസ്‌ട്രേലിയയിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം വന്നതും മനുഷ്യക്കടത്തിന്റെ തീവ്രത വ്യക്തമാക്കി.

മുനമ്പത്തുനിന്ന് തമിഴ്, സിംഹള വംശജർ ഉൾപ്പെടെ 160 പേരെ വിദേശത്തേക്ക് കടത്തിയതായാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗംപേരും ഓസ്‌ട്രേലിയയിൽ എത്തി. ഇതുസംബന്ധിച്ച് എംബസിയും ഐബിയും ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് വിവരം കൈമാറിയിരുന്നു. ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലെത്തി അഭയാർഥികളായി കഴിയുന്ന സിംഹളരെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന റാക്കറ്റ്തന്നെ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

മുനമ്പം തീരത്തുനിന്ന് ഭക്ഷണപായ്ക്കറ്റുകൾ നിറച്ച 19 ബാഗുകളും കൊടുങ്ങല്ലൂരിൽനിന്ന് 54 ബാഗുകളും കണ്ടെടുത്തതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കുറഞ്ഞ നിരക്കിൽ ബോട്ട് മാർഗം ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹി അംബേദ്കർ കോളനി നിവാസികൾ, തമിഴ്‌വംശജർ, ശ്രീലങ്കൻ പൗരന്മാർ, ഇതരസംസ്ഥാനക്കാർ തുടങ്ങിയവരുൾപ്പെടുന്ന സംഘത്തെ മുനമ്പത്തുനിന്നു ബോട്ടിൽ കടത്തുകയായിരുന്നു. കടത്തൽസംഘം ഓരോ ആളിൽനിന്നും മൂന്നു ലക്ഷംരൂപവീതം ഈടാക്കിയതായാണ് പൊലീസ് റിപ്പോർട്ട്.

കാണാതായവർക്കായി ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനും പുറമേ മലേഷ്യ, തായ്ലൻഡ്, ഇന്തൊനീഷ്യ, അൾജീറിയ തുടങ്ങിയ രാജ്യങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കാണാതായവരുടെ ബന്ധുക്കളിൽ ചിലർക്ക് അൾജീരിയയിൽനിന്നു വന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പത്ത് വർഷം മുമ്പ് പൊന്നാനി കടപ്പുറത്ത് ഒരു സായാഹ്നത്തിൽ മനുഷ്യക്കടത്തിന്റെ സംശയം ഉയർത്തിയ ആ മീൻപിടുത്ത ബോട്ടും പിടിയിലായ ബോട്ടുടമയും ഒക്കെ വിസ്മൃതിയിലേക്ക് മറയുകയാണ്. തെളിവുകളില്ലാതെ.