തിരുവനന്തപുരം : രണ്ടുനില പണിയാൻ അനുമതി വാങ്ങി കവടിയാറിൽ 13 നില ഫ്‌ളാറ്റ് സമുച്ചയം പണിതുയർത്തി വൻ തട്ടിപ്പു നടത്തിയ സംഭവത്തിൽ ഹീരാ ഗ്രൂപ്പ് ഉടമ എആർ ബാബു, തിരുവനന്തപുരം മുൻ മേയർ ജെ ചന്ദ്ര എന്നിവരുൾപ്പെടെ ഒൻപതുപേർക്കെതിരെ വിജിലൻസ് കേസെടുത്തു. ഹീരാ ഗ്രൂപ്പിന്റെ കവടിയാറിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഇടപെടലിനെ തുടർന്ന് കുറ്റപത്രം നൽകിയിട്ടുള്ളത്. കവടിയാർ മ്യൂസിയം റോഡിലെ ഡീറ്റെയിൽഡ് ടൗൺ പ്‌ളാനിങ് പദ്ധതിയില്പെട്ട പ്രദേശത്താണ് ഈ ഫ്‌ളാറ്റ് നിർമ്മിച്ചത്. ഇവിടെ രണ്ടുനില കെട്ടിടത്തിനു മാത്രമേ അനുമതി പാടുള്ളുവെന്നാണു നിയമം. അല്ലെങ്കിൽ പരമാവധി 7.5 മീറ്റർ ഉയരം. ഇത് മറികടന്നാണ് കൂറ്റൻ ഫ്‌ളാറ്റ് നിർമ്മിച്ചിരിക്കുന്നത്.ഹീരാ ഗ്രൂപ്പിന്റെ രാഷ്ട്രീയ സ്വാധീനത്താൽ പ്രതികളെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാതെ വി.എസ് അച്യുതാനന്ദന്റെ കാലത്ത് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് കോടതി ഇടപെടൽ മൂലമാണ് കുറ്റപത്രം നൽകുന്നതിൽ കലാശിച്ചത്. 19നു ഹാജരാകാൻ വിജിലൻസ് കോടതി പ്രതികൾക്കു സമൻസ് അയച്ചിരിക്കുകയാണ്.

സിപിഎമ്മിന്റെ മുൻ മേയർ ജെ. ചന്ദ്ര, ഫ്‌ളാറ്റ് ഉടമ ഹീരാ ബാബു എന്നിവർക്കു പുറമെ കോർപറേഷനിലെ ടൗൺ പ്‌ളാനിങ് ഓഫിസർമാരായിരുന്ന ജെ. മൻസൂർ, ബി.എസ്. ജയകുമാർ, അസിസ്റ്റന്റ് ടൗൺ പ്‌ളാനിങ് ഓഫിസറായിരുന്ന കെ. ബാലഗോപാൽ, ബിൽഡിങ് ഇൻസ്‌പെക്ടർ എസ്. രാജു, റീജ്യണൽ ടൗൺ പ്‌ളാനർ എ.വിജയകുമാർ, ആർക്കിടെക്ട് പി. ശ്രീലത എന്നിവർക്കെതിരെയാണു കുറ്റപത്രം. ഒന്നാം പ്രതിയായിരുന്ന കോർപറേഷൻ മുൻ സെക്രട്ടറി രവീന്ദ്രൻ മരണപ്പെട്ടു. ഫ്‌ളാറ്റുടമ പ്രതികളുമായി ഗൂഢാലോചന നടത്തി 9,00,59,340 രൂപ ലാഭമുണ്ടാക്കിയെന്നാണു കേസ്. അനധികൃത കെട്ടിട നിർമ്മാണത്തിനു മറ്റു പ്രതികൾ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ക്രമവിരുദ്ധ അനുമതി നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

മേയർ ചന്ദ്രയുടെ നേതൃത്വത്തിലെ സിപിഐ(എം) ഭരണസമിതി നിലവിലിരിക്കെ റോഡ് വികസന കമ്മിറ്റി ചട്ടങ്ങൾ കാറ്റില്പറത്തി ഉടമയ്ക്കു പത്തു കോടിയോളം രൂപ ലാഭമുണ്ടാക്കാൻ 13 നില ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയെന്നാണ് ആക്ഷേപം. ക്വാറം തികയാതിരുന്ന ബന്ധപ്പെട്ട യോഗത്തിന്റെ തീരുമാനം ചട്ടവിരുദ്ധമാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. കമ്മിറ്റിയുടെ കൺവീനറായിരുന്ന കോർപറേഷൻ സെക്രട്ടറി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാജ്ഭവനിൽ പോലും ഉയരത്തിലുള്ള കെട്ടിടം ഇല്ല. എന്നാൽ ഈ ഫ്‌ളാറ്റിന്റെ ഉയരം 39 മീറ്ററാണ്. ആകെ 3.29 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ അപ്പാർട്ട്‌മെന്റുകൾ 12.30 കോടി രൂപയ്ക്കു വിറ്റുവെന്നാണു വിജിലൻസ് കണ്ടെത്തൽ.

തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ എം. കൃഷ്ണൻ നായർ 2007ൽ നൽകിയ പരാതിയിലാണു ക്രമക്കേട് വെളിച്ചത്തുവന്നത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തിയ വിജിലൻസ്, കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി നിയമോപദേശത്തോടെ 2010ൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് ഡയറക്ടർ സർക്കാരിനു റിപ്പോർട്ട് നൽകിയെങ്കിലും അന്നത്തെ ഇടതു സർക്കാർ തീരുമാനമെടുത്തില്ല. ഈ സർക്കാർ വന്നതോടെ 2012 ഏപ്രിലിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. കേസ് വിജിലൻസ് ട്രിബ്യൂണലിനു വിടാനും ഉത്തരവിട്ടു.

തുടർന്ന് അന്വേഷണസംഘം കേസ് അവസാനിപ്പിക്കുന്നതായി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെ ചോദ്യം ചെയ്തു പരാതിക്കാരൻ കോടതിയെ സമീപിച്ചു. കോടതി വിജിലൻസ് റിപ്പോർട്ട് തള്ളി. പ്രഥമദൃഷ്ട്യാ കേസിൽ തെളിവുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികൾക്കെതിരെ പ്രൊസിക്യൂഷൻ അനുമതി വാങ്ങി കുറ്റപത്രം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. അങ്ങനെ കഴിഞ്ഞ ജനുവരിയിൽ സർക്കാർ പ്രൊസിക്യൂഷൻ അനുമതി നൽകി. ഇപ്പോൾ കുറ്റപത്രവും നൽകി. ഡിവൈഎസ്പി റെജി ജേക്കബാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ സതേൺ റേഞ്ച് വിജിലൻസ് ഡിവൈ എസ്പി എ. അശോകൻ കുറ്റപത്രം സമർപ്പിച്ചു. 44 രേഖകളും 39 പേരുടെ സാക്ഷിപ്പട്ടികയും കോടതിയിൽ ഹാജരാക്കി.