തിരുവനന്തപുരം: ദുബായിലേക്ക് ഒരു ബാഗ് നിറയെ കറൻസി കടത്തിയെന്ന് കോടതിയിൽ സ്വപ്നാ സുരേഷ് രഹസ്യമൊഴി നൽകിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്, ആ രഹസ്യമൊഴി തിരുത്തിക്കാൻ വിജിലൻസ് മേധാവി അടക്കമുള്ള ഉന്നതർ നടത്തിയ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കേണ്ടി വരും. രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കി ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

എന്നാൽ മുൻ മാധ്യമപ്രവർത്തകനായ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവരെ ഇടനിലക്കാരാക്കി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അടക്കമുള്ള ഉന്നതർ രഹസ്യമൊഴി അട്ടിമറിക്കാനും സ്വപ്നയെ മൊഴിയിൽ നിന്ന് പിന്മാറ്റിക്കാനും നടത്തിയ ശ്രമങ്ങളെക്കുറിച്ച് നിലവിൽ അന്വേഷിക്കുന്നില്ല. ഗൂഢാലോചനക്കേസ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടി വരും. വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ അജിത്കുമാറിനെതിരെ വകുപ്പുതല അന്വേഷണവും ഉടൻ പ്രഖ്യാപിക്കും.

ഒരു നല്ല തുക വാങ്ങി കീഴടങ്ങണമെന്നാണ് ഷാജ് കിരൺ സ്വപ്നയോട് നിർബന്ധിച്ചത്. വിജിലൻസ് മേധാവിയടക്കം വാട്‌സ്ആപ്പിൽ വിളിച്ച് സംസാരിച്ച ശേഷമായിരുന്നു ഈ നിർബന്ധം. ആരാണ് പണം നൽകി സ്വപ്നയുടെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ചതെന്നാണ് അന്വേഷിക്കേണ്ടത്. ഇങ്ങനെയൊരു അന്വേഷണം നടത്തിയാൽ ഉന്നതർ കുടുങ്ങുമെന്നതിനാലാണ് തത്കാലം ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തത്.

എന്നാൽ തനിക്കെതിരേ എടുത്ത കലാപ ആഹ്വാനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. കേസ് റദ്ദായില്ലെങ്കിൽ, തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഉന്നത പൊലീസുദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും ഈ കേസിൽ തന്നെ സാക്ഷിയാക്കണമെന്നും സ്വപ്ന ആവശ്യപ്പെടും. സമാനമായ രീതിയിലാണ് സ്വപ്നയ്ക്കും ജോർജ്ജിനുമെതിരായ കേസിൽ സരിത എസ് നായരെ സാക്ഷിയാക്കിയത്.

മജിസ്‌ട്രേറ്റിനു മുന്നിൽ സി.ആർ.പി.സി 164 പ്രകാരം രഹസ്യമൊഴി നൽകിയാലും വിചാരണ ഘട്ടത്തിൽ ഇത് ആവർത്തിക്കുകയും തെളിവുകൾ ലഭ്യമാക്കുകയും ചെയ്താലേ മൊഴിക്ക് സാധുതയുണ്ടാവൂ. പിണറായിയുടെ ദുബായ് സന്ദർശന വേളയിൽ ബാഗ് നിറയെ കറൻസി കടത്തിയെന്നതടക്കം അതീവഗൗരവതരമായ മൊഴികൾ വിചാരണ വേളയിൽ സ്വപ്ന ആവർത്തിച്ചാൽ അത് കുരുക്കാവുമെന്ന് സർക്കാർ ഭയക്കുന്നു. മാത്രമല്ല, എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യുന്ന (രേഖയാക്കി വയ്ക്കുന്ന) ശീലമുള്ള സ്വപ്ന, ഈ ബാഗിന്റെ ചിത്രങ്ങളോ മറ്റേതെങ്കിലും ഇടപാടുകളുടെ വിവരങ്ങളോ രേഖയാക്കി സൂക്ഷിച്ചിട്ടുണ്ടോ എന്നും സർക്കാർ ഭയപ്പെടുന്നുണ്ട്.

സ്വർണക്കടത്ത് പുറത്തുവന്ന സമയത്ത് കേന്ദ്രഏജൻസികൾ നടത്തിയ റെയ്ഡിൽ സ്വപ്ന ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോണുകളും ഒരു ലാപ്‌ടോപ്പും പിടികൂടാനായിരുന്നില്ല. ഇത് രഹസ്യകേന്ദ്രത്തിൽ പൂഴ്‌ത്തിയതായാണ് വിവരം. ഈ ഫോണുകളിലും ലാപ്‌ടോപ്പിലും നിർണായക വിവരങ്ങളും രേഖകളും ഉള്ളതിനാലാണ് സ്വപ്ന ഇത്രയും ധൈര്യത്തോടെ സർക്കാരിനെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ ഡോളർ കടത്തിലെ തെളിവുകൾ ഇപ്പോൾ പുറത്തുവിടില്ലെന്നും കോടതിക്ക് കൈമാറുമെന്നും സ്വപ്ന തുറന്നു പറഞ്ഞിട്ടുമുണ്ട്.

സ്വപ്നയുടെ രഹസ്യമൊഴി പൂർണമായി പുറത്തുവരികയും അതിന് ഉപോൽബലകമായ തെളിവുകൾ ഭാഗികമായെങ്കിലും പുറത്താക്കുകയും ചെയ്താൽ സർക്കാരിനും പിണറായി വിജയനും തുടരുക അസാദ്ധ്യമായിരിക്കും. ഇത് മുൻകൂട്ടികണ്ടാണ് സ്വപ്നയെ വിശ്വാസ്യതയില്ലാത്തയാളായി ചിത്രീകരിക്കാനും കേസുകളിൽ കുടുക്കി ഒതുക്കാനുമുള്ള വഴിവിട്ട നീക്കങ്ങൾ.

സ്വപ്നയുടെ അഭിഭാഷകനെതിരെ പോലും കേസെടുത്തതും നിയമപ്രകാരമുള്ള മാർഗ്ഗങ്ങളിലൂടെയല്ലാതെ സ്വപ്നയുടെ കൂട്ടാളി സരിത്തിനെ റാഞ്ചിയെടുക്കുകയും സരിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തതും ഇതിന്റെ തെളിവാണ്. ലൈഫ് മിഷൻ കമ്മിഷൻ ഇടപാട് നടന്നപ്പോൾ ഉപയോഗിച്ചിട്ടില്ലാത്ത സരിത്തിന്റെ ഫോണാണ് ഈ കേസിന്റെ പേരിൽ വിജിലൻസ് പിടിച്ചെടുത്തത്. സമീപകാലത്ത് സ്വപ്ന രഹസ്യ വിളികൾ നടത്തിയിരുന്നത് സരിത്തിന്റെ ഫോണിൽ നിന്നാണ്. ഈ വിളികളുടെ വിവരങ്ങൾ കണ്ടെത്താനായിരുന്നു അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം വിജിലൻസിന്റെ റാഞ്ചൽ നാടകം.

ഒരു നിയമവിരുദ്ധ സംഭവമോ അതേത്തുടർന്നുള്ള ഒരുകൂട്ടം സംഭവങ്ങളോ ഉണ്ടായിട്ടില്ലെങ്കിൽ പൊലീസ് ഇപ്പോൾ സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കലാപ ആഹ്വാനത്തിനുള്ള ഐ.പി.സി 153 വകുപ്പ് നിലനിൽക്കില്ല. കോടതിയിൽ നൽകിയ രഹസ്യമൊഴി പുറത്തു പറഞ്ഞതിന് ഈ വകുപ്പ് ചുമത്താനാവില്ല. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് ഗൂഢാലോചന നടത്തിയതിനാണ് ഐ.പി.സി 120 (ബി) പ്രകാരം ഗൂഢാലോചന കുറ്റം ചുമത്തിയത്. എന്നാൽ കലാപ ആഹ്വാനത്തിനുള്ള ഐ.പി.സി 153 നിലനിൽക്കുന്നതല്ലെങ്കിൽ ഗൂഢാലോചനക്കുറ്റത്തിന് പ്രസക്തിയില്ലാതാവും. ആദ്യകുറ്റം റദ്ദായാൽ ഗൂഢാലോചക്കുറ്റം സ്വാഭാവികമായി റദ്ദാകും.

സി.ആർ.പി.സി 164പ്രകാരമുള്ള രഹസ്യമൊഴിയിൽ കുറ്റസമ്മതമൊഴിയായോ സാക്ഷിമൊഴിയായോ എന്തും പറയാം. ബാഹ്യസമ്മർദ്ദങ്ങളില്ലാതെ മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തുന്ന മൊഴിയാണിത്. എന്നാൽ വിചാരണ വേളയിൽ, രഹസ്യമൊഴിയിലേത് തെറ്റായ വിവരങ്ങളാണെന്ന് തെളിയിക്കാനായാൽ ഐ.പി.സി 193പ്രകാരം വ്യാജ തെളിവു നൽകിയതിന് കേസെടുക്കാനാവും. തനിക്കെതിരെ വ്യാജമൊഴി നൽകിയെന്ന് സി.ആർ.പി.സി 341പ്രകാരം മുഖ്യമന്ത്രിക്ക് കോടതിയിൽ ഹർജി നൽകാം. എന്നാൽ ഇത് വിചാരണ വേളയിൽ മാത്രമാവും പരിഗണിക്കപ്പെടുക.