മലപ്പുറം: സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പേരുകൾ പരാമർശിക്കപ്പെട്ടവരെല്ലാം റിപ്പോർട്ടിനെയും സരിതയെയും തള്ളിപ്പറഞ്ഞ് സ്വയം ന്യായീകരിച്ച് രക്ഷാകവചം തീർക്കുന്ന തിരക്കിലാണ്. റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പുതന്നെ സോളാർ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെട്ട പേരാണ് ബഷീറലി തങ്ങളുടേത്.

ഇപ്പോൾ തങ്ങളുടെ പേരുകൂടി റിപ്പോർട്ടിൽ പരാമർശിക്കപ്പെടുകയും കുഞ്ഞാലിക്കുട്ടി പറഞ്ഞതു പ്രകാരം കണ്ടതന്നെ ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചെന്ന് സരിത മൊഴി നൽകുകയും ചെയ്തതോടെ ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനെ എങ്ങനെ നേരിടുമെന്ന് ചിന്തിക്കുകയാണ് ഇപ്പോൾ ലീഗ് നേതൃത്വം.

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ പേരും ഉൾപ്പെട്ടത് മുസ്‌ളിംലീഗിനെ പരുങ്ങലിലാക്കി. മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദ്, എ പി അനിൽകുമാർ, ഡിസിസി ജനറൽ സെക്രട്ടറിയും തിരൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. പി നസറുള്ള എന്നീ കോൺഗ്രസ് നേതാക്കൾ കുടുങ്ങിയെങ്കിലും ബഷീറലി ഉൾപ്പെട്ടതാണ് ലീഗിനെ കുഴക്കിയത്.

പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ചാണ് സരിതാ നായർ ബഷീറലി തങ്ങളെ കണ്ടത്. സരിതയുടെ പരാതികൾ എന്ന നിലയിൽ കത്തിൽ പരാമർശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നൽകിയവരെയും കുറിച്ചുള്ള ഭാഗത്താണ് പാണക്കാട് ബഷീറലി തങ്ങളുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.

19-7-2013 ൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സരിത എഴുതിയ കത്തിലാണ് ബഷീറലിയുടെ പേര് പരാമർശിക്കുന്നത്. വഞ്ചിച്ചവരുടെയും പീഡിപ്പിച്ചവരുടെയും പേരുകളാണ് പ്രധാനമായും കത്തിലുള്ളത്. റിപ്പോർട്ടിലെ പേജ് 116, 251 എന്നിവയിലാണ് ബഷീറലിയെ പരാമർശിക്കുന്നത്.
നേരത്തെ സരിതയുടെ കത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ബഷീറലി തങ്ങളും സരിതയെ പീഡിപ്പിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് സ്ഥരീകരിക്കുന്നതാണ് ജ.ശിവരാജൻ കമ്മീഷൻ റിപ്പോർട്ട്.

'പാണക്കാട് ബഷീർ അലി തങ്ങൾ. ശ്രീ. കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് അവർ അദ്ദേഹത്തെ കണ്ടു. അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. പ്രോജക്ടിന്റെ സ്ഥലം കാണുന്നതിനുവേണ്ടിയെന്ന് പറഞ്ഞാണ്. ലൈംഗികമായി അവരെ പീഡിപ്പിച്ചു. ഫോൺവഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നു. അവർക്കെല്ലാം പദ്ധതിയേക്കാൾ ചൂഷണം ചെയ്യുന്നതിനാണ് താൽപ്പര്യം'.

പേജ് 245-ൽ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരം: 19-7-2013 തീയതിയിലെ കത്തിൽ പരാമർശിക്കുന്ന എല്ലാ ആൾക്കുമെതിരെ വാക്കാലുള്ളതും രേഖാമൂലം ഉള്ളതുമായ മറ്റ് തെളിവുകളുടെ പിൻബലം ഉള്ളതിനാൽ, അഴിമതി തടയൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കുന്നത് സർക്കാർ പരിഗണിക്കണമെന്നുകൂടി കമ്മിഷൻ നിർദ്ദേശിക്കുന്നു.

ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി റിപ്പോർട്ടുവച്ചത്. ഇതുപ്രകാരം ബഷീറലിക്കെതിരെയും അന്വേഷണം വേണ്ടിവരും. മുസ്‌ളിംലീഗിനെ നിയന്ത്രിക്കുന്ന പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗത്തിനെതിരെ കേസുവന്നാൽ എങ്ങനെ നേരിടുമെന്ന ചിന്തയാണ് നേതൃത്വത്തെ അലട്ടുന്നത്. നേരത്തെ ബഷീർ അലിയിൽ നിന്നും സരിത 50,000 രൂപ തട്ടിയിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ലക്ഷ്മി നായർ എന്ന പേരിലായിരുന്നു സരിത സമീപിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ആരോപണം ഉയർന്നപ്പോൾ സരിതക്കെതിരെ പ്രതിരോധം തീർക്കാൻ ഉയർത്തിയ ആരോപണമാണെന്ന ചർച്ചകളും ഇപ്പോൾ സജീവമാണ്.