തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സിൽവർലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയത കേസുകൾ പിൻവലിച്ചേക്കില്ലെന്ന് സൂചന. കേസ് നടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം.

രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം നൽകും. സർക്കാരിന്റെ നിലപാടറിയാതെ കേസുകൾ പിൻവലിക്കുന്ന കാര്യം ആലോചിക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടർ നടപടികൾ പിന്നീടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ അറസ്റ്റും റിമാൻഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കല്ലിട്ടുള്ള സർവേ തടഞ്ഞിടത്തെല്ലാം പൊലീസ് കേസെടുത്തിരുന്നു. വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ് 38 കേസ്. കണ്ണൂരിൽ 17 കേസും കോഴിക്കോട് 14 കേസും കൊല്ലത്ത് 10 കേസും തിരുവനന്തപുരത്ത് 12 കേസുകളുണ്ട്.

എല്ലായിടത്തുമായി കണ്ടാലറിയാവുന്നവർ എന്ന പേരിൽ എഴുന്നൂറിലേറെപ്പേരെ പ്രതികളാക്കിയിട്ടുമുണ്ട്. ഇതിൽ നാട്ടുകാരും സ്ത്രീകളും രാഷ്ട്രീയക്കാരും സമരസമിതിക്കാരുമെല്ലാം ഉൾപ്പെടും.

കല്ലിട്ടുള്ള സർവേ വേണ്ടെന്നു വച്ചതോടെ ഈ കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയുമെല്ലാം ആവശ്യപ്പെട്ടു. എന്നാൽ പിൻവലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടർ നടപടികളുമായി മുന്നോട്ടു പോവും. രണ്ടു മാസത്തിനുള്ളിൽ കുറ്റപത്രവും നൽകും. മറിച്ചുള്ള നിർദ്ദേശമൊന്നും സർക്കാരിൽനിന്ന് പൊലീസിന് ലഭിച്ചിട്ടില്ല.

അതുമല്ല, കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങേണ്ടത് കുറ്റപത്രം നൽകിയ ശേഷമാണെന്നതിനാൽ സർക്കാർ പിന്നീട് തീരുമാനിക്കട്ടേയെന്നുമാണ് പൊലീസിന്റെ നിലപാട്. എന്നാൽ കേസ് പിൻവലിച്ചാൽ സമരങ്ങൾ വീണ്ടും ശക്തിപ്പെടുമെന്നും അതിനാൽ അത്തരം നടപടികൾ വേണ്ടെന്നുമാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും ആലോചന.

പൊതുമുതൽ നശിപ്പിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലും ഇട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യാവുന്ന കുറ്റങ്ങളാണങ്കിലും അതു വേണ്ടെന്നാണ് തീരുമാനം. അതിനാൽ കേസിൽപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടിവരില്ല. പക്ഷേ കോടതി കയറേണ്ടി വരും.

കെ റെയിൽ സർവ്വെയുടെ ഭാഗമായി സ്ഥാപിച്ച സർവ്വെ കല്ല് പൊതുമുതൽ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ പൊലീസിനാവും. കണ്ണൂർ ചാലയിൽ കെ റെയിൽ കല്ലുകൾ തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.

മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവർ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി തർക്കമുള്ള ഇടങ്ങളിൽ ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സർവെ നടത്തും. ജിയോ ടാഗിങ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്‌മെന്റ് കോർപറേഷന്റെ നിർദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിർദ്ദേശങ്ങളുയർന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിങ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.

കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘർഷങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം.

അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ അവസാനിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സർക്കാർ. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സർവേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സർക്കാർ പിന്മാറിയത് രാഷ്ട്രീയ വിജയമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ ഒട്ടും അയഞ്ഞിട്ടില്ലെന്ന സൂചന തന്നെയാണ് സർക്കാർ നൽകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം വി ഗോവിന്ദനും സർക്കാർ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയിരുന്നു.

പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ ഓർമിപ്പിച്ച് കോടിയേരി സൂചിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സിൽവർ ലൈൻ പദ്ധതിക്ക് ജനങ്ങൾ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തും.

അതിനായി പണം സർക്കാർ കണ്ടെത്തും. ഇടത് സർക്കാർ സിൽവർലൈനിന് വേണ്ടി ഭൂമി നഷ്ടപെടുന്നവർക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ തുക നൽകണമെന്നാണെങ്കിൽ അതും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ വരാതിരിക്കാൻ സിൽവർലൈനിനെതിരായ രാഷ്ടീയ സമരം വിമോചന സമരമാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

കേരളത്തിന്റെ അടുത്ത 50 വർഷത്തെ വളർച്ച മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈൻ എന്നാണ് മന്ത്രി എം വിഗോവിന്ദൻ പറഞ്ഞത്. പക്ഷേ, സർക്കാരിനെ അതിന്റെ പേരിൽ നാനാഭാഗത്ത് നിന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. യാത്രക്കാരുടെ സൗകര്യം മാത്രമല്ല കേരളത്തിന്റെ സമഗ്ര വികസനമാണ് സിൽവർ ലൈൻ ലക്ഷ്യമിടുന്നത്.

ഒരൊറ്റ മനുഷ്യന് പോലും പ്രയാസമില്ലാത്ത നിലയിലേ സിൽവർ ലൈൻ വരൂ. ആർക്കെങ്കിലും വിഷമമുണ്ടായാൽ പിന്നെ പദ്ധതി ഉണ്ടാകില്ല എന്നുതന്നെ സർക്കാരിന് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും എം വിഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുത്തുന്നത് വലിയ ത്യാഗമാണ്. പക്ഷെ നാടിന്റെ സമഗ്ര വികസനത്തിനും ഉന്നതിക്കും വേണ്ടിയാണ് ഈ ത്യാഗമെന്ന് ജനം തിരിച്ചറിയണമെന്നും എം വിഗോവിന്ദൻ ആവശ്യപ്പെട്ടു.

അതേസമയം കല്ലിടൽ നിർത്തിയത് തന്നെ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണെന്ന പ്രചാരണം ശക്തമാക്കുകയാണ് പ്രതിപക്ഷം. കല്ലിടൽ നർത്തിയത് യുഡിഎഫ് പ്രതിഷേധം ലക്ഷ്യം കണ്ടു എന്നതിന്റെ തെളിവാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.