മസ്‌ക്കറ്റ്: ഒമാനിൽ അതിശക്തമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ സ്‌കാർലെറ്റ് ഫീവർ പിടിപെടുന്നവരുടെ എണ്ണം അടിക്കടി വർധിക്കുന്നതായി റിപ്പോർട്ട്. ചൂടിനൊപ്പം തന്നെ അന്തരീക്ഷത്തിൽ ഈർപ്പവും ഏറുന്നതാണ് സ്‌കാർലെറ്റ് ഫീവർ പരക്കെ വ്യാപകമാകാനുള്ള പ്രധാന കാരണം. സ്‌കാർലെറ്റ് ഫീവർ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ക്ലിനിക്കുകളിലും തിരക്ക് അനുഭവപ്പെടാൻ തുടങ്ങി.

ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന സ്‌കാർലെറ്റ് ഫീവറിന് ഏറെ രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. നൂറുകണക്കിന് കുട്ടികളും മുതിർന്നവരും സ്‌കാർലെറ്റ് ഫീവറിന് ചികിത്സ തേടി ക്ലിനിക്കുകളിൽ എത്തുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. തൊണ്ടവേദന, സ്‌കിൻ റാഷസ്, വയറുസംബന്ധിച്ച അസ്വസ്ഥതകൾ തുടങ്ങിയവയാണ് സ്‌കാർലെറ്റ് ഫീവറിന്റെ ലക്ഷണങ്ങൾ. കഴിഞ്ഞ മാസം തന്നെ 200 കേസുകളോളം കൈകാര്യം ചെയ്തുവെന്ന് സ്റ്റാർകെയർ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷൻ ഡോ.അങ്കിത് മോദി വെളിപ്പെടുത്തി.

അതേസമയം തക്ക സമയത്ത് സ്‌കാർലെറ്റ് ഫീവറിന് ചികിത്സ തേടിയിട്ടില്ലെങ്കിൽ അത് പിന്നീട് ഏറെ പ്രശ്‌നങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തുന്നത്. റൂമാറ്റിക് ഫീവർ, ചെവി-ത്വക് അണുബാധകൾ, തൊണ്ടവീക്കം, ന്യൂമോണിയ, ആർത്രൈറ്റീസ് തുടങ്ങിയ സ്‌കാർലെറ്റ് ഫീവർ ചികിത്സ നടത്താത്തതു മൂലം സംഭവിക്കാവുന്നതാണ്.

ശ്വാസനാളിയുടെ മുകൾ ഭാഗത്ത് പടരുന്ന അണുബാധയാണ് സ്‌കാർലെറ്റ് ഫീവറിന് കാരണം. രോഗം പിടിപെട്ട് 24 മുതൽ 48 മണിക്കൂറിനുള്ളിൽ തൊലിപ്പുറത്ത് റാഷസ് പ്രത്യക്ഷപ്പെടും. ഇതാണ് രോഗത്തിന്റെ ആദ്യലക്ഷണവും. കഴുത്തിന് ചുറ്റുമാണ് ആദ്യം പാടുകൾ പ്രത്യക്ഷപ്പെടുന്നതെങ്കിലും പിന്നീട് അത് ദേഹം മുഴുവൻ പടരും. തൊലിപ്പുറത്ത് ചെറിയ കുരുക്കളും ഉണ്ടാകും. പിന്നീട് ചർമം പരുപരുത്തതാകും. നാവ് ചുവന്ന് സ്‌ട്രോബറിയുടെ നിറത്തിലെത്തുമെന്നും ഡോ. മോദി പറയുന്നു.

അതേസമയം സ്‌കാർലെറ്റ് ഫീവറിനെതിരേ നിലവിൽ വാക്‌സിൻ ഒന്നുമില്ലെന്നാണ് പറയുന്നത്. ആന്റിബയോട്ടിക്കുകൾ കൊണ്ടുള്ള ചികിത്സയാണ്  നിലവിലുള്ളത്. സ്‌കാർലെറ്റ് ഫീവർ പകർച്ച വ്യാധിയാണെന്നും രോഗാണുക്കൽ വായുവിലൂടെ പകരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. രോഗി തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും രോഗാണുക്കൾ അന്തരീക്ഷത്തിൽ പടരും. രോഗബാധിതനായ ആളെ  സ്പർശിക്കുന്നതിലൂടെയും ഇവർ ഉപയോഗിച്ച ടവൽ, വസ്ത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗാണു പകരും. തുടർച്ചയായി പത്തു ദിവസം ആന്റിബയോട്ടിക്കുകൾ കഴിച്ചാലോ രോഗത്തിന് ശമനമാകൂ എന്നും ഡോക്ടർമാർ നിർദേശിക്കുന്നു.