ന്യൂഡൽഹി: മത്സരങ്ങൾ കടുക്കുന്ന ഓൺലൈൻ ഷോപ്പിങ് രംഗത്ത് പുത്തൻ തന്ത്രവുമായി കമ്പനികൾ. ഓൺലൈനിലൂടെ വാങ്ങിയ സാധനങ്ങൾ മടക്കിനൽകുന്ന സമയത്തുതന്നെ ഇനി പണം തിരികെ ലഭിക്കും. ഓൺലൈൻ വ്യാപാരികളായ ജബോങാണ് കാഷ് ഓൺ ഡെലിവറി റിട്ടേൺസ് പദ്ധതിയുമായി രംഗത്തെത്തിയത്.

സാധാരണ ഗതിയിൽ പണം തിരികെ കിട്ടാൻ ആഴ്ചകളോളമാണ് ഉപഭോക്താക്കൾക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഈ കാലതാമസം ഒഴിവാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ജബോങ് ലക്ഷ്യമിടുന്നത്. ഇനിമുതൽ മടക്കിനൽകാനുദ്ദേശിക്കുന്ന സാധനങ്ങൾ തിരിച്ചെടുക്കാൻ വരുന്നവർ തന്നെ പണം ഉപഭോക്താക്കൾക്ക് തിരികെ നൽകും.

ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുമ്പോൾ അവ കൈയിൽ കിട്ടുന്ന സമയത്ത് പണം നൽകുന്ന 'കാഷ് ഓൺ ഡെലിവെറി' സംവിധാനവും ആദ്യമായി അവതരിപ്പിച്ചത് ജബോങ് ആയിരുന്നു. ഇപ്പോൾ കാഷ് ഓൺ ഡെലിവെറിക്കു സമാനമായ രീതിയിൽ ' കാഷ് ഓൺ ഡെലിവറി റിട്ടേൺസ്' സംവിധാനവും ആദ്യമായി അവതരിപ്പിക്കുന്നത് ഓൺലൈൻ വ്യാപാരികളായ ജബോങ്ങ് തന്നെയാണ്.