കൊച്ചി: കേരളത്തിലെ പൊലീസ് വകുപ്പ് രാജ്യത്ത് ഏറ്റവും കാര്യശേഷിയുള്ളവരാണ് എന്നാണ് പൊതുവേ പറയാറ്. കേസ് അന്വേഷണം നടത്തുന്ന കാര്യത്തിലും പ്രതികളെ പിടിക്കുന്ന കാര്യത്തിലും മറ്റേത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തേക്കാൾ മികച്ചവരാണ് ഇവിടുത്തെ പൊലീസുകാർ. അതിന് തെളിവായി നിരവധി സംഭവങ്ങൾ നമുക്ക് മുമ്പിൽ ഉണ്ട് താനും. എന്നാൽ, ഇത്തരം മികവു പുലർത്തുന്ന പൊലീസിനെ നാണം കെടുത്തുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. ബിജെപി ഓഫീസിലേക്ക് ആയുധങ്ങളുമായി സി.പി.എം കൗൺസിലർ ഇരച്ചു കയറി അക്രമം നടത്തുമ്പോൾ തടയാതെ പേടിച്ചോടുന്ന കേരളാ പൊലീസിനെയാണ് കണ്ടത്. ഇത് സംസ്ഥാന പൊലീസിന് മൊത്തത്തിൽ നാണക്കേടുണ്ടായി. എന്നാൽ അവിടെയും തല ഉയർത്തിപ്പിടിച്ച് ഒരു പൊലീസുകാരൻ ഉണ്ടായിരുന്നു.

അക്രമികളുടെ രാഷ്ട്രീയബന്ധം കണ്ട് പിന്മാറാതെ ധീരമായി അതിനെ ചെറുക്കാൻ തുനിഞ്ഞ വ്യക്തി. ആ കാക്കിപ്പൊലീസുകാരനാണ് സോഷ്യൽ മീഡിയയിലെ താരം. നിരവധി പേർ അദ്ദേഹത്തെ അഭിനന്ദനം കൊണ്ട് മൂടി. പൊലീസിനുള്ളിൽ നിന്നും ഒടുവിൽ അഭിനന്ദനം എത്തി. മ്യൂസിയം സ്റ്റേഷനിലെ പ്രത്യുഞ്ജയനാണ് അക്രമികൾക്ക് മുന്നിൽ പതറാതെ നിന്ന് കൃത്യനിർവഹണം നടത്താൻ തയ്യാറായി രംഗത്തെത്തിയത്. പ്രത്യഞ്ജയനെ തേടി ഒടുവിൽ പുരസ്‌ക്കാരവുമെത്തി.

പൊലീസുകാരന് ഐജി മനോജ് എബ്രഹാം പാരിതോഷികം പ്രഖ്യാപിക്കുകയാണ് ചെയ്തത്. 5000 രൂപ ക്യാഷ് അവാർഡാണ് അദ്ദേഹത്തിനായി ഐജി പ്രഖ്യാപിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന പ്രത്യുഞ്ജയനെ സന്ദർശിച്ച ശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചത്. സി.പി.എം നേതാവും നഗരസഭാ കൗൺസിലറുമായ ഐ.പി ബിനു ഉൾപ്പെടെയുള്ളവർ ബിജെപി ഓഫീസ് ആക്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരിൽ പ്രത്യഞ്ജയൻ മാത്രമാണ് ഇവരെ തടയാൻ ശ്രമിച്ചത്. അക്രമികളെ കണ്ട് ഓടിപ്പോയ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

പ്രത്യേക സംഘം അന്വേഷിക്കുന്നു തിരുവനന്തപുരത്ത് ബിജെപി സി.പി.എം സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സമ്മാനം ആശുപത്രിയിലെത്തി മനോജ് എബ്രഹാം പ്രഖ്യാപിക്കുകയും ചെയ്തു.

പുലർച്ചെ ഒരുമണിക്ക് ശേഷമാണ് ഒരു ബൈക്കിൽ രണ്ടുപേരടങ്ങിയ അക്രമിസംഘം കൈയിൽ വലിയ വടിയുമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എത്തുന്നത്. റോഡിൽ വശത്തായി നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലെ ഉദ്യോഗസ്ഥർ ഇവർ കൈവീശിയത് പ്രകാരം ബൈക്കിനടുത്തേക്ക് ഓടിയെത്തുകയും പേപ്പറിൽ ബൈക്കിന്റെ നമ്പർ കുറിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് രണ്ടുബൈക്കുകളിലായി അഞ്ചുപേർ കൂടി കൈയിൽ വടികളുമായി എത്തുന്നുണ്ട്. പൊലീസുകാരോട് തട്ടിക്കയറി ഗേറ്റ് കടന്ന് അക്രമികൾ അകത്തേക്ക് കടക്കുമ്പോൾ അവിടെ കാവൽ നിന്നിരുന്ന രണ്ടുപൊലീസുകാർ പുറത്തേക്ക് ഓടുകയാണ്.

പുറത്തുനിന്ന മറ്റൊരു മുതിർന്ന പൊലീസുകാരൻ മൊബൈലിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമിസംഘം അകത്തുകയറി കാറുകളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും കല്ലെറിയുകയും ചെയ്യുമ്പോൾ പ്രതിഞ്ജകുമാർ തനിച്ച് അക്രമിസംഘത്തെ എതിർക്കുന്നുണ്ട്. അക്രമികളെ പിന്തിരിപ്പിക്കാൻ നോക്കുന്ന ഇയാളെ മൂന്നുപേർ ചേർന്ന് കൈയേറ്റം ചെയ്യുകയും തള്ളി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. തുടർന്നും ഇദ്ദേഹം അക്രമികളെ എതിർക്കുമ്പോൾ മറ്റ് പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയാണ്. അക്രമിയുടെ കൈയിൽ നിന്നും വടി പിടിച്ചുവാങ്ങാൻ ശ്രമിച്ച ഈ പൊലീസുകാരനെ മർദ്ദിക്കുമ്പോഴും പുറത്തുള്ള മൂന്നുപൊലീസുകാരിൽ ഒരാൾ ഷൂസ് നേരെയാക്കുന്നു, മറ്റൊരാളാകട്ടെ ഇതൊക്കെ കണ്ടിട്ടും ലാത്തിയുമായി അനങ്ങാതെ നിൽക്കുകയുമാണ ചെയ്തത്.