മുംബൈ: വിവാഹാവശ്യങ്ങൾക്കായി രണ്ടരലക്ഷം രൂപ പിൻവലിക്കാൻ കർശന ഉപാധികളോടെ റിസർവ് ബാങ്ക് ഉത്തരവായി. പണം ചെലവാക്കിയതിന്റെ തെളിവ് ഹാജരാക്കുകയും വേണം. നോട്ട് അസാധുവാക്കലിനെ തുടർന്ന് വിവാഹങ്ങൾ നടത്താൻ ഏറെ ബുദ്ധിമുട്ടുള്ളതായി വിലയിരുത്തലുകളെത്തി. ഈ സാഹചര്യത്തിലാണ് റിസർവ്വ് ബാങ്കിന്റെ ഇടപെടൽ.

നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച നവംബർ എട്ടിന് ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കർശനമായ വ്യവസ്ഥകളാണ് പണം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ബാങ്കിൽ സമർപ്പിക്കുന്ന അപേക്ഷയിൽ വധുവിന്റെയും വരന്റെയും പേരും വിലാസവും തിരിച്ചറിയൽ രേഖകളും വിവാഹത്തിയതിയും നൽകണം. ഡിസംബർ 30ന് മുമ്പുള്ള വിവാഹങ്ങൾക്കുമാത്രമാണ് തുക പിൻവലിക്കാൻ അനുവാദമുള്ളത്.

വധൂവരന്മാർക്കും മാതാപിതാക്കൾക്കും മാത്രമേ തുക പിൻവലിക്കാൻ സാധിക്കൂ. തുക പിൻവലിക്കുന്നതിനായി സമർപ്പിക്കുന്ന രേഖകൾ ബാങ്കുകളിൽ സൂക്ഷിക്കാനും നിർദേശമുണ്ട്. ഹാൾ ബുക്ക് ചെയ്യാനും പാചകക്കാർക്കും മുൻകൂർ പണം നൽകിയതിന്റെ രസീത് തുടങ്ങിയവയും വിവരങ്ങൾ സത്യമാണെന്ന സാക്ഷ്യപത്രവും പണം പിൻവലിക്കുന്നയാൾ ബാങ്കിൽ നൽകണം. പണം വാങ്ങുന്ന പാചകക്കാരും മറ്റും തങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും എഴുതി നൽകണം. ഇതും പണം പിൻവലിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം നൽകണം.

ചെക്ക്, ഡ്രാഫ്റ്റ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കു മാത്രമേ പണമായി നൽകാവൂ എന്ന് അപേക്ഷകരോടു വ്യക്തമാക്കണമെന്നും റിസർവ് ബാങ്കിന്റെ നിർദേശത്തിൽ പറയുന്നു.