- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശുവണ്ടി വികസന കോർപ്പറേഷൻ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി; മുൻ എംഡി കെ.എ.രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ സിബിഐയോട് ഉത്തരവിട്ട് സി.ജെ.എം കോടതി
തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് എഴുതിത്ത്തള്ളിയ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. രതീഷിനെക്കൂടാതെ ഐ.എൻ.റ്റി.യു.സി നേതാവ് ഇ.ചന്ദ്രശേഖരൻ , കശുവണ്ടി കരാറുകാരൻ ജെയ്മോൻ ജോസഫ് എന്നിവരെ ഹാജരാക്കാൻ സിജെഎം ആർ. രേഖയാണ് ഉത്തരവിട്ടത്. കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 പ്രകാരം സി ബി ഐ പ്രൊസിക്യൂഷൻ അനുമതി തേടിയെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു. തുടർന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കുറവ് ചെയ്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന , വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സി ബി ഐ ആദ്യം സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച് പരിശോധിച്ച സിബിഐ ജഡ്ജി കെ. സനിൽകുമാർ കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളിൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പുകൾ ഇല്ലാത്തതിനാൽ മജിസ്ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണെന്ന് നിരീക്ഷിച്ചു. തുടർന്ന് കേസ് വിചാരണക്കായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് റെക്കോർഡുകൾ അയക്കാൻ കോടതിയിലെ ശിരസ്തദാറോട് ഉത്തരവിടുകയായിരുന്നു.
എൽ ഡി എഫ് സർക്കാരിന്റെ സ്വാധീനത്താൽ സംസ്ഥാന വിജിലൻസ് ഇതേ കേസ് പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് 2019 ൽ എഴുതിത്ത്തള്ളിയിരുന്നു. പ്രതികൾക്കെതിരെ തെളിവില്ലെന്ന കാരണം കാട്ടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റെഫർ റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ മെച്ചപ്പെട്ട തെളിവില്ലായെന്ന കാരണം ചൂണ്ട ക്കാട്ടി കേസ് എഴുതിത്ത്തള്ളുകയായിരുന്നു. തന്റെ മകളുടെ വിവാഹത്തീയതിക്ക് മുമ്പായി റഫർ റിപ്പോർട്ട് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ. എൻ. റ്റി. യു. സി. സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതി 2019 ജനുവരി 31 നകം റഫർ റിപ്പോർട്ട് സ്വീകരിക്കണമോ തള്ളണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിജിലൻസ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വാദം കേട്ട മുൻ വിജിലൻസ് ജഡ്ജി ഡി.അജിത്കുമാർ റെഫർ റിപ്പോർട്ട് അംഗീകരിച്ച് വിജിലൻസ് കേസ് റദ്ദാക്കുകയായിരുന്നു. അതേ സമയം സംഭവം സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ അന്വേഷണം നടക്കുന്നതായും വിജിലൻസ് കേസ് റദ്ദാക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
2015 ഓണക്കാലത്ത് 2,000 ടൺ നിലവാരമില്ലാത്ത തോട്ടണ്ടി നിയമവിരുദ്ധമായി ടെണ്ടർ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന വിദേശ രാജ്യത്തിൽ നിന്നും സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്തതിൽ 2. 86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോർപ്പറേഷന് വരുത്തിയെന്നും തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം പ്രതികൾ ഉണ്ടാക്കിയെന്നുമാണ് കേസ്. സംസ്ഥാനത്തുള്ള നിലവാരമില്ലാത്ത തോട്ടണ്ടി വിദേശത്ത് നിന്ന് തൂത്തുക്കുടി തുറമുഖത്ത് ഇറക്കി കണ്ടെയിനറിലും ലോറിയിലുമായി എത്തിച്ചുവെന്നും കാപ്പക്സിലെ ഗുണനിലവാര പരിശോധകൻ നിലവാരമില്ലാത്ത തോട്ടണ്ടിക്ക് ഒന്നാം തരം ഗുണനിലവാരമുള്ളതായി വ്യാജ സാക്ഷ്യപത്രം നൽകിയതായും 2016 ൽ രജിസ്റ്റർ ചെയ്ത വിജിലൻസിന്റെ എഫ്.ഐ.ആറിൽ ഉണ്ട്. എന്നാൽ പ്രൊസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്ത്തള്ളാൻ അനുമതി തേടി 2018 ൽ റഫർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
വിജിലൻസ് അഴിമതിക്കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ കൊല്ലം കടപ്പാക്കടയിലുള്ള കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ചന്ദ്രശേഖരൻ , കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷ് , കുത്തക കമ്പനിയായ ജെ.എം.ജെ. കമ്പനി ഉടമ ജെയ്മോൻ ജോസഫ്, കൊല്ലം കാപ്പക്സിലെ ഗുണനിലവാര പരിശോധകൻ ഭുവനചന്ദ്രൻ എന്നിവരെയാണ് കേസ് റദ്ദാക്കി വിജിലൻസ് കോടതി കുറ്റവിമുക്തരാക്കിയത്.