തിരുവനന്തപുരം: രാജ്യം കാഷ്‌ലെസ് വിപണിയിലേക്കു മാറാൻ തയ്യാറെടുക്കുമ്പോൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സർവീസ് ചാർജിന്റെ പേരിലുള്ള വൻ കൊള്ള. ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങൾ ഇലക്ട്രോണിക് മണി ഇടപാടിന്റെ പേരിൽ വൻ തുകയാണ് സർവീസ് ചാർജ് എന്ന ഇനത്തിൽ ഉപഭോക്താക്കളിൽനിന്ന് പിഴിഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. ഇലക്ട്രോണിക് കാർഡുകൾ ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം താത്കാലിക ആശ്വാസം മാത്രമായിരിക്കും. ഡിസംബർ കഴിയുന്നതോടെ ചാർജുകളെല്ലാം തിരികെ വരുമെന്നാണ് അറിയുന്നത്.

കറൻസി ഇടപാടുകൾ കഴിവതും കുറച്ച് പകരം നെറ്റ്ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇവാലറ്റ് തുടങ്ങിയവ വഴി ഇടപാടുകൾ നടത്തണമെന്നാണു കേന്ദ്ര നിർദ്ദേശം. കറൻസി നിരോധനത്തിനു മുമ്പുതന്നെ ഈ രീതി പ്രോൽസാഹിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയതാണ്. ഇതിന്റെ ഭാഗമായി കറൻസിരഹിത പണമിടപാടുകൾക്ക് ഈടാക്കുന്ന സർവീസ് ചാർജ് ഒഴിവാക്കണമെന്ന് സർക്കാർ മാസങ്ങൾക്കു മുൻപേ ബാങ്കുകളോടും റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിഎസ്എൻഎൽ ഒഴികെ ആരും അനുകൂല നടപടിയെടുത്തിരുന്നില്ല.

ദിവസവും 13 ലക്ഷത്തിലേറെ ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്ന റെയിൽവേ അടക്കം വൻ കൊള്ളയാണ് സർവീസ് ചാർജിന്റെ പേരിൽ നടത്തുന്നത്. ഓൺലൈനായി ഒരു സാധാരണ സ്ലീപ്പർ ടിക്കറ്റെടുക്കുന്നതിന് ടിക്കറ്റ് നിരക്കിനു പുറമേ 20 രൂപയാണ് സർവീസ് ചാർജ് നൽകേണ്ടത്. ഉയർന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റ് ആണെങ്കിൽ ഇതു 40 രൂപയാകും. സർവീസ് ചാർജിന്മേൽ സേവന നികുതിയും സെസുകളും ചേർത്ത് 15 ശതമാനം കേന്ദ്രസർക്കാരിനും നൽകണം. അപ്പോൾ 20 രൂപയും 40 രൂപയും യഥാക്രമം 23, 46 രൂപയാകും. ഇതിനു പുറമേയാണ് ബാങ്ക് ഈടാക്കുന്ന സർവീസ് ചാർജ്. നെറ്റ്ബാങ്കിങ് വഴിയാണെങ്കിൽ 10 രൂപയും സേവന നികുതിയും ചേർത്ത് പതിനൊന്നര രൂപ ബാങ്ക് പിടിക്കും. ഫലത്തിൽ, റെയിൽവേ കൗണ്ടറിൽ ചെന്നു ടിക്കറ്റ് വാങ്ങുന്നതിനേക്കാൾ 34.50 രൂപ സ്ലീപ്പർ ടിക്കറ്റിനും 57.50 രൂപ ഉയർന്ന ക്ലാസുകളിലെ ടിക്കറ്റിനും ഓൺലൈനിൽ വാങ്ങുമ്പോൾ നൽകണം. ക്രെഡിറ്റ് കാർഡ് വഴിയാണെങ്കിൽ റെയിൽവേ സർചാർജിനു പുറമേ 1.8 ശതമാനവും ഇവോലിറ്റുകളിൽ 1.3 മുതൽ 1.8% വരെയുമാണ് സർവീസ് ചാർജ്.

സർവീസ് ചാർജ് വഴി മാത്രം റയിൽവേയ്ക്കു ലഭിക്കുന്ന പ്രതിമാസ വരുമാനം 76 കോടിയിലേറെ രൂപയാണ്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള വെബ്‌സൈറ്റ് നിലനിർത്തുന്നതിനുള്ള ചെലവാണ് സർവീസ് ചാർജ് ഇനത്തിൽ ഈടാക്കുന്നതെന്നാണു റെയിൽവേയുടെ ന്യായം. എന്നാൽ പകുതിയിലേറെ ടിക്കറ്റ് ബുക്കിങ്ങും ഓൺലൈനായതോടെ റിസർവേഷൻ കൗണ്ടറുകളിൽ ജീവനക്കാരെ കുറച്ചിട്ടുണ്ടെന്നതു കണക്കിലെവിടെയുമില്ല.

ഇതേപോലെയാണ് എടിഎം കാർഡ് വഴിയുള്ള സേവനത്തിനു ബാങ്കുകൾ സർവീസ് ചാർജ് വാങ്ങുന്നത്. എടിഎം കാർഡ് സംവിധാനത്തിന് ആവശ്യത്തിനു പ്രചാരമായിക്കഴിഞ്ഞപ്പോൾ കാർഡിനു വാർഷിക ഫീസ് ഈടാക്കിത്തുടങ്ങി. ഇപ്പോൾ മാസം അഞ്ചിൽ കൂടുതൽ തവണ എടിഎം കാർഡ് വഴി പണം പിൻവലിച്ചാൽ സർവീസ് ചാർജും നൽകണം. പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ഡെബിറ്റ് കാർഡ് വഴി പണം നൽകിയാൽ ബാങ്കുകൾ 10 രൂപ സർവീസ് ചാർജും രണ്ടര ശതമാനം സർവീസ് ടാക്‌സും ഈടാക്കാൻ തുടങ്ങിയതും ഇരുട്ടടിയായി. കെഎസ്ഇബിയുടെ വൈദ്യുതി ബിൽ ഓൺലൈനിൽ അടയ്ക്കുമ്പോഴും ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. ഡിസംബർ 31 വരെയാണ് റെയിൽവേ സർവീസ് ചാർജ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ബാങ്കുകളിൽ ഭൂരിഭാഗവും ഇത് പാലിക്കാൻ തയാറായിട്ടില്ല.

ഏറെ വൈകാതെ എല്ലാ മേഖലയിലും ഇത്തരം സർവീസ് ചാർജുകൾ കടന്നുവരാനാണു സാധ്യത. ഒരു വശത്തു കറൻസിരഹിത പണമിടപാടു പ്രോൽസാഹിപ്പിക്കുകയും പിന്നീട് ഇതിനെല്ലാം സർവീസ് ചാർജ് ഈടാക്കുകയും ചെയ്യുന്ന രീതിശക്തമായ ജനരോഷത്തിന് ഇടയാക്കുമെന്നകാര്യത്തിൽ തർക്കമില്ല.