കൊച്ചി: മലയാളിയുടെ മസാലക്കൂട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറുവപ്പട്ട. എന്നാൽ സംസ്ഥാനത്തെ അങ്ങാടിക്കടകളിലും മസാലക്കടകളിലും ലഭിക്കുന്ന കറുവപ്പട്ടയെന്ന പേരിൽ മാരകവിഷാംശം അടങ്ങിയിരിക്കുന്ന 'കാസിയ' എന്ന ശ്രീലങ്കൻ കറുവപ്പട്ടയാണ് വ്യാപകമായി വിറ്റഴിക്കുന്നത്. ഈ ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നെങ്കിലും ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. ' സിലോൺ സിന്നമൺ ' വിഭാഗത്തിൽ പെട്ട പദാർഥമാണ് ഇപ്പോൾ കറുവപ്പട്ടയെന്ന പേരിൽ കേരളത്തിൽ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ഇതിനെ കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലും അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കറുവപ്പട്ടയെന്ന പേരിൽ മലയാളികളെ വിഷം തീറ്റിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് കോടതി തന്നെ ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്. ഈ ആരോപണത്തെ കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖിന്റെ നിർദ്ദേശം. കണ്ണൂർ സ്വദേശിയായ ലിയോനാർഡ് ജോണാണ് മലയാളികളെ പകൽ വെളിച്ചത്തിൽ കൊള്ളടയിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

'കാസിയ' എന്ന പേരിലുള്ള വിഷപദാർഥമാണ് കറുവപ്പട്ടയെന്ന പേരിൽ മലയാളികളുടെ അടുക്കളയിൽ എത്തുന്നത്. പല യൂറോപ്യൻരാജ്യങ്ങളും ഇതിന്റെ ഉപയോഗം നിരോധിച്ചതോടെയാണ് കാസിയ കടൽ കടന്ന് ഇന്ത്യയിൽ എത്തുന്നത്. ഇവയുടെ ഉപയോഗം തലച്ചോറിൽ രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി പല സർവകലാശാലകളും കണ്ടെത്തിയതോടെയാണ് ഇവയ്ക്ക് മറ്റു വിദേശരാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. നിയമങ്ങളുണ്ടെങ്കിലും എന്ത് വിഷവും കൊണ്ട് വിൽക്കാൻ കഴിയുന്ന സാഹചര്യമുള്ളതു കൊണ്ടാണ് കറുവപ്പട്ടയ്ക്ക് പകരം കാസിയ വിറ്റുപോകുന്നത്. ഇതിൽ മാരകവിഷാംശം കണ്ടെത്തിയതോടെ എലിവിഷം ഉണ്ടാക്കാനാണ് മറ്റു രാജ്യങ്ങളിൽ കാസിയ ഉപയോഗിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉൽപന്നമാണ് ഇവിടെ മലയാളികൾ വിശിഷ്ടമായ കറുവപ്പട്ടയായി കറികളിലും മറ്റ് ആഹാരപദാർഥങ്ങളിലും ചേർക്കുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെ മാർക്കറ്റുകളിൽ കറുവപ്പട്ടയെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം ആണ് ദിനംപ്രതി നടക്കുന്നത്. ഇതിന്റെ യാഥാർഥ്യം മനസിലാക്കാതെ കച്ചവടക്കാർ വിൽക്കുകയും മലയാളികൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. യഥാർഥ കറുവട്ടപ്പയും സിലോൺ സിന്നമൺ അഥവാ കാസിയയും കണ്ടാൽ തിരിച്ചറിയുക വിഷമം ആയതിനാൽ മായം കണ്ടെത്താനും പ്രയാസമാണ്. ഇത് മുതലെടുത്താണ് ശ്രീലങ്കയിൽ നിന്ന് വൻതോതിൽ കാസിയ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. സിലോൺ സിന്നമണിൽ അടങ്ങിയിരിക്കുന്ന 'കുമരിൻ' എന്ന വിഷപദാർഥമാണ് തലച്ചോറിൽ രക്തം കട്ടപിടിക്കാൻ കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വൻതോതിലുള്ള ലാഭമാണ് വ്യാപാരികളെ കൊണ്ട് മലയാളികളെ വിഷം തീറ്റിക്കാൻ പ്രേരിപ്പിക്കുന്നത്. യഥാർഥ കറുവപ്പട്ടയ്ക്ക് കിലോയ്ക്ക് 2000 മുതൽ 2500 രൂപ വരെ വിലയാകുമ്പോൾ, കാസിയ എന്ന ഡ്യൂപ്ലിക്കേറ്റ് കറുവപ്പട്ടയ്ക്ക് കിലോയ്ക്ക് 50 രൂപമുതൽ 100 രൂപവരെയാണ്. 20 ഇരട്ടി ലാഭം കിട്ടുന്നതോടെ വ്യാപാരികൾ നേരിട്ട് വൻതോതിൽ ഇറക്കുമതി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. കാസിയയിൽ അടങ്ങിയിരിക്കുന്ന കുമരിൻ എന്ന വിഷപദാർഥം കരൾ , വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന് മെഡിക്കൽ ജേണലുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള മായങ്ങളൊക്കെ ആരോഗ്യവകുപ്പുിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ഇത് വരെ നടപടിയെടുക്കാൻ സാധിച്ചിട്ടില്ല.