ചെങ്ങന്നൂർ:ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമുദായവോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. അതിന് വേണ്ട എല്ലാ ശ്രമങ്ങളും അവിടെ നടക്കുന്നുണ്ട്. ചെറു കക്ഷികളുടെ നേതാക്കളെ ലക്ഷ്യമിട്ടു കൊണ്ടാണ് മുന്നണികൾ പ്രചരണം കൊഴുപ്പിക്കുന്നത്. ജാതിവോട്ടുകൾ നിർമ്മായകമാണ് മണ്ഡലത്തിൽ എന്ന തിരിച്ചറിവിലാണ് സ്ഥാനാർത്ഥികൾ ഇത്തരമൊരു നീക്കവുമായി രംഗത്തുള്ളത്. വിവിധ സമുദായ വോട്ടുകൾ ഉറപ്പിക്കാൻ ചെറുകക്ഷികളെ രംഗത്തിറക്കിയാണ് പ്രചരണം.

നായർ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സജി ചെറിയാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തുള്ളത് കേരളാ കോൺഗ്രസ് ആർ ബാലകൃഷ്ണ പിള്ളയാണ്. അതേസമമയം ക്രൈസ്തവ വോട്ടുകൾ പിടിക്കാൻ വേണ്ടി സർവപ്രതാപിയായ തോമസ് ചാണ്ടിയെയും എൽഡിഎഫ് രംഗത്തിറക്കുന്നു. നായർവോട്ട് ഉറപ്പിക്കാൻ ആർ.ബാലകൃഷ്ണപിള്ള ചർച്ചകൾ നടത്തുന്പോൾ മാർത്തോമ്മ വിഭാഗത്തിന്റെ മാത്രമല്ല, ക്രൈസ്തവവിഭാഗങ്ങളെയെല്ലാം അടുപ്പിക്കുന്നതിനുള്ള ദൗത്യമാണ് തോമസ് ചാണ്ടിക്കുള്ളത്. കേരള കോൺഗ്രസ് നേതാവ് സ്‌കറിയാ തോമസും ഇദ്ദേഹത്തിന് കൂട്ടായുണ്ട്.

കേരള കോൺഗ്രസ് (എം) ലീഡർ മാണിതന്നെയാണ് യു.ഡി.എഫിന് ആത്മവിശ്വാസം നല്കുന്നത്. കൂടാതെ അനൂപ് ജേക്കബ്, ആർ.എസ്‌പി.നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എംപി. എന്നിവരെല്ലാം സജീവമായി ഇടപെടുന്നുണ്ട്. ഇവരുടെ വോട്ടുകളിലൂടെ രണ്ട് സമുദായ വോട്ടുകളും ഒപ്പം നിർത്താൻ സാധിക്കുമെന്നാണ് ഡി വിജയകുമാറിന്റ പ്രതീക്ഷ. നായർ സമുദായക്കാരനും ഹിന്ദു സംഘടനകളുടെ തലപ്പത്തുള്ള വ്യക്തിയുമായ വിജയുകുമാറിന് വേണ്ടി ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുമെന്നാണ് പറയപ്പെടുന്നത്.

കേരളാ കോൺഗ്രസ്, ജെ.എസ്.എസ്.രാജൻബാബുവിഭാഗം എന്നിവയുടെ നേതാക്കളെയാണ് എൻ.ഡി.എ സമർത്ഥമായി ഉപയോഗപ്പെടുത്തുന്നത്. ആടി നിൽക്കുന്ന ഈഴവ വോട്ടുകൾ രാജൻബാബുവിനെയും മറ്റ് നേതാക്കളെയും ഉപയോഗിച്ച് ഉറപ്പിക്കുന്നുണ്ട്. പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗത്തെ ഇവിടെ നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ട്. നായർ, ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഓർത്തഡോക്സ് ക്രൈസ്തവ വോട്ടുകളും നിർണായകമാണ്. അതുകൊണ്ട് തന്നെ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ സമുദായ അടിസ്ഥാനത്തിൽ പോലും മണ്ഡലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.

വ്യക്തിപ്രഭാവവും സിപിഐഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ താഴേത്തട്ടു മുതലുള്ള ബന്ധവും നൽകുന്ന കരുത്തിലാണ് സജി ചെറിയാൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണമാണ് സജി ചെറിയാന് ഒരേസമയം ഗുണവും ദോഷവുമായി ഭവിക്കുന്നതാണ്. മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ ശോഭനാ ജോർജിന്റെ സാന്നിധ്യം ചെറിയാന് തുണയാകുമോ എന്ന് കണ്ടറിയണം. സിഎസ്ഐ സഭക്കാരനാണ് സജി ചെറിയാൻ. അദ്ദേഹത്തിന് വോട്ടുറപ്പിക്കാൻ രംഗത്തുള്ള ശോഭനാ ജോർജ്ജാകട്ടെ ഓർത്തഡോക്സ് സഭക്കാരിയുമാണ്. മണ്ഡത്തിൽ നിർണായകമായ ഓർത്തഡോക്സ് വോട്ടുകൾ കീശയിലാക്കാൻ സജി ചെറിയാൻ രംഗത്തുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ശരിക്കും വിജയുകുമാറിന് തുണയാകും. വിജയകുമാറിന് വേണ്ടി സഭാ വോട്ടുകൾ കൈക്കലാക്കാൻ ശക്തമായ ശ്രമത്തിലാണ് ഉമ്മൻ ചാണ്ടി.

ഏറ്റവും ഒടുവിൽ കെ എം മാണി കൂടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കത്തോലിക്കാ വോട്ടുകളും കൂടുതലായി വിജയകുമാറിന് അനുകൂലമായി മാറിയേക്കും. ഓർത്തഡോക്‌സ് സഭാ വിശ്വാസികളെ കൂടെനിർത്താൻ പിറവം പള്ളിത്തർക്കത്തിൽ അനുകൂല നിലപാടെടുക്കുമെന്ന് കൊടുത്ത ഉറപ്പ് മതിയാകുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. അതേസമയം കാലങ്ങളായി ഒപ്പമുള്ള യാക്കോബായ സഭ ഇക്കാര്യം കൊണ്ടുമാത്രം തിരിഞ്ഞുകൊത്തില്ലെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. ഈ കണക്കൂകുട്ടൽ പിഴക്കുമോ എന്ന ആശങ്ക സജി ചെറിയാനുണണ്ട്.

അതേസമയം അവസാന നിമിഷം വിജയകുമാറിനെ സംഘിയെന്ന വിധത്തിൽ മുദ്രുകുത്തിയുള്ള ശ്രമങ്ങൾ സജി ചെറിയാനെ തിരിഞ്ഞു കുത്തിയേക്കും. ഹിന്ദു സമൂഹത്തിനിടെ കാര്യമായ സ്വാനീനമുള്ള വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ. കെ കരുണാകരന്റെ ആശീർവാദത്തോടെ തുടങ്ങിയ അയ്യപ്പസേവാ സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂട്ടിയാണ് വിജയകുമാർ. അതുകൊണ്ട് സ്ത്രീകൾ അടക്കമുള്ള വിശ്വാസ സമൂഹത്തിൽ കാര്യമായ സ്വാധീനവും അദ്ദേഹത്തിനുണ്ട്. ഇത് സജി ചെറിയാന് ഗുണകരമായി മാറും. എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങൾ സമദൂര സിദ്ധാന്തമാണ് കൈക്കൊണ്ടത് എന്നതു കൊണ്ട് കൃത്യമായ കണക്കുകൾ മൂന്ന് മുന്നണികളും പറയുന്നില്ല. എന്തായാലും മണ്ഡലത്തിൽ ചിത്രത്തിലുള്ളത് യുഡിഎഫ്-എൽഡിഎഫ് പോരാട്ടമാണ്. ബിജെപി പിന്നോക്കം പോയെന്നാണ് പൊതുവിലയിരുത്തൽ.