കൊച്ചി: മേയർ തെരഞ്ഞെടുപ്പു ജാതി മത സമുദായ പരിഗണനകൾക്കതീതമായായിരുെന്നന്ന് കോൺഗ്രസ് പാർട്ടി വീമ്പ് പറയുമ്പോഴും യഥാർത്ഥത്തിൽ നടക്കുന്നത് അതു തന്നെയാണ്. ലത്തീൻ കത്തോലിക്കർക്കു പ്രാമുഖ്യമുള്ള കൊച്ചിയിൽ ആ വിഭാഗത്തിൽപ്പെട്ട ഷൈനി മാത്യുവെന്ന കന്നിക്കാരി വീട്ടമ്മയെ മേയറാക്കാനുള്ള നീക്കമാണ് എ ഗ്രൂപ്പുകാർ ചെയ്തുവന്നിരുന്നത്.

എന്നാൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കർശന നിലപാടിനെത്തുടർന്നാണ് സൗമിനി ജയിനെ മേയറാക്കാൻ ധാരണയായത്. സമുദായം പോയിട്ടു മതം പോലും ഇവിടെ പ്രശ്‌നമായില്ലത്രേ.

കാരണം ഹിന്ദുവായ സൗമിനി ക്രിസ്ത്യാനിയായ ജയിനെ വിവാഹം കഴിച്ചതാണ്. ഇന്നലെ നിയുക്ത മേയർ സൗമിനി ജെയിൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇപ്പോഴും താൻ ഒരു ഹിന്ദുമത വിശ്വാസിയാണെന്നാണ്.

എന്നാൽ സൗമിനി ഏതു ജാതി- മതക്കാരിയാണെന്നു നോക്കിയാണ് എറണാകുളം ജില്ലാപഞ്ചായത്തിലേക്കു പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കാരണം, അതാണ് കോൺഗ്രസിലെ കീഴ്‌വഴക്കവും ധാരണയും. മേയർ ക്രിസ്ത്യാനിയെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹിന്ദു.

ഇപ്പോൾ അണിയറയിൽ എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സൗമിനി ജയിനെ ഏതു ജാതിയായാണ് കോൺഗ്രസ് പരിഗണിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആരാകണമെന്നു തിരുമാനിക്കുന്നതെന്നാണ് അണിയറയിൽനിന്നറിയുന്നത്.

ജില്ലയിലെ മേയർ സ്ഥാനം എ ഗ്രൂപ്പിനാണ് ലഭിച്ചത്, അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്തു പ്രസിഡന്റ്സ്ഥാനം സ്വാഭാവികമായും ഐ ഗ്രൂപ്പിനാകും. ജില്ലാ പഞ്ചായത്തു കൊച്ചി കോർപറേഷൻ പോലെ തന്നെ വനിതാ സംവരണവുമാണ്. മുളന്തുരുത്തിയിൽനിന്നു ജയിച്ച ആശ സനിലിന്റെയും ആവോലി ജില്ലാ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡോളി കുര്യാക്കോസിന്റെയും പേരുകളാണ് പ്രധാന പരിഗണനയിലുള്ളത്.

എന്നാൽ ജില്ലാപഞ്ചായത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്ള ഇപ്പോഴത്തെ ആശയക്കുഴപ്പം കൊച്ചി മേയർ ഇതു ജാതി എന്നുള്ളതാണ്. ഇനി മേയറുടെ ജാതിയേതാണെന്ന് അറിയണമെങ്കിൽ എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആരെന്നു തീരുമാനിക്കുമ്പോഴറിയാം.