തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അധികമുള്ളത് ഹിന്ദുക്കളാണെങ്കിലും ശതമാനക്കണക്കിൽ വർധന മുസ്ലിങ്ങൾക്ക്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജാതി സെൻസസ് വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്.

കേരളത്തിൽ ആകെ ജനസംഖ്യ 3,34,06,061 ആണെന്നാണ് 2011ലെ സെൻസസ് വ്യക്തമാക്കുന്നത്. ഇതിൽ 1.60കോടി പുരുഷന്മാരും 1.73കോടി സ്ത്രീകളും ഉൾപ്പെടുന്നു. ജാതി തിരിച്ചു വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് 1,82,82,492 ഹിന്ദുക്കളാണുള്ളത്. 88,73,472 മുസ്ലിങ്ങളും 61,41,269 ക്രിസ്ത്യാനികളുമുണ്ട്.

2001ലെ സെൻസസ് പ്രകാരം കേരളത്തിൽ ആകെയുള്ള 3,18,41,374 പേരിൽ ഹിന്ദുക്കളുടെ എണ്ണം 1,78,83,449 ആയിരുന്നു. മുസ്ലിങ്ങളുടെ എണ്ണം 78,63,842 ഉം. അതായത് ആകെ ജനസംഖ്യയുടെ 56.16 ശതമാനമായിരുന്നു ഹിന്ദുക്കളുടെ എണ്ണം. മുസ്ലിങ്ങളാകട്ടെ 24.7 ശതമാനവും.

ഇത്തവണ ഹിന്ദുക്കളുടെ കാര്യത്തിൽ രണ്ടു ശതമാനത്തോളം കുറവു സംഭവിച്ചപ്പോൾ മുസ്ലിങ്ങൾക്കുണ്ടായത് രണ്ടു ശതമാനത്തോളം വർധനയാണ്. അതായത് കേരളത്തിലെ 3,34,06,061 പേരിൽ 54.73 ശതമാനമാണ് ഹിന്ദുക്കൾ. മുസ്ലിങ്ങൾ 26.56 ശതമാനവും. ഹിന്ദുക്കളുടെ എണ്ണത്തിൽ നിന്ന് ഒരു കോടിയോളം കുറവാണ് മുസ്ലിങ്ങളുടെ എണ്ണം. എന്നാൽ, ജനസംഖ്യയുടെ ശതമാനക്കണക്കു പരിശോധിക്കുമ്പോൾ വർധന മുസ്ലിങ്ങൾക്കാണ്.

അതേസമയം, ക്രിസ്ത്യാനികളുടെ കാര്യത്തിൽ കാര്യമായ മാറ്റങ്ങളില്ല. ഏതാണ്ട് അതേ ശരാശരി തന്നെ ശതമാനക്കണക്കിൽ നിലനിർത്തിയിട്ടുണ്ട്. 2001ൽ 60,57,427 പേരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 2011 ആയപ്പോഴേക്കും 61,41,269 ആണ് ക്രൈസ്തവരുടെ എണ്ണം. അതായത് ആകെ ജനസംഖ്യയുടെ 18.38 ശതമാനമാണ് ഇപ്പോഴുള്ളത്. 2001ൽ ഇത് 19.02 ശതമാനം ആയിരുന്നു.

3814 സിഖ് മതവിശ്വാസികളും4752 ബുദ്ധന്മാരും 4489 ജൈനമതക്കാരും കേരളത്തിലുണ്ട്. മറ്റു മതത്തിൽ പെട്ട 7618പേരും മതം രേഖപ്പെടുത്താത്ത 88,155 പേരും സംസ്ഥാനത്തുണ്ട്.

മതമില്ലാത്ത ജീവനു പ്രാധാന്യമേറുന്നു

തമില്ല എന്നു ജാതി സെൻസസിൽ രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു ചെറിയ സമൂഹമാണ് കേരളത്തിലുള്ളത്. സർട്ടിഫിക്കറ്റുകളിൽ മതമില്ലെന്നും ജാതിയില്ലെന്നും എഴുതി വച്ച ഈ വിഭാഗത്തിൽ കേരളത്തിലുള്ളത് 88,155 പേരാണ്. അതിൽ 42,967 പുരുഷന്മാരും 45,188 സ്ത്രീകളുമുണ്ട്. ദേശീയ തലത്തിൽ എടുത്താൽ ആകെ ജനസംഖ്യയുടെ 0.29 ശതമാനം മാത്രമാണ് മതവും ജാതിയും വേണ്ട എന്ന് തീരുമാനമെടുത്ത് ജീവിക്കുന്നത്. എന്നാൽ, കഴിഞ്ഞ സെൻസസിനെ അപേക്ഷിച്ച് ജാതിയും മതവും ഇല്ലാതെ ജീവിക്കുന്നവരുടെ ശതമാനത്തിലെ വർദ്ധന അമ്പരിപ്പിക്കുന്നതാണ്. എണ്ണത്തിൽ വളരെ കുറവാണെങ്കിലും 294 ശതമാനം വർധനയാണ് ജാതി- മതരഹിതരായവർക്ക് ഉള്ളത്. മതമില്ലാത്തവരുടെ എണ്ണം മുമ്പ് ഏകദേശം 30,000 മാത്രമായിരുന്നു.

ജാതിയും മതവും എല്ലാം ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും സംഘം ചേരലിനും ഒക്കെ ആയി ഉപയോഗിക്കുന്ന ഒരു രാജ്യത്താണ് ഇത്തരത്തിൽ ചിലർ ഉള്ളതെന്ന കാര്യമാണ് ശ്രദ്ധേയം. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതവിഭാഗക്കാർ കഴിഞ്ഞ ഏറ്റവും അധികം ഉള്ളത് ഈ മതരഹിതരാണെന്നതും ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ പ്രാധാന്യം കൂടിവരുന്നതായി മനസിലാക്കാം.

വിവിധ ജില്ലകളിലെ കണക്കുകൾ ഇങ്ങനെ

തിരുവനന്തുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ളത്. 21,94,067 ഹിന്ദുക്കളാണ് തിരുവനന്തപുരത്തുള്ളത്. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ മലപ്പുറം ജില്ലയിലാണ്. 28,88,849 പേർ. ക്രിസ്ത്യാനികൾ കൂടുതലുള്ളത് എറണാകുളത്ത്. 12,48,137 ക്രൈസ്തവരാണ് എറണാകുളത്തുള്ളത്. ആകെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ല മലപ്പുറമാണ്. 41,12,920 പേരാണ് മലപ്പുറത്തുള്ളത്. ഇതിൽ അധികവും മുസ്ലിങ്ങളാണ്. ഹിന്ദുക്കൾ 11,35,259 പേരും ക്രിസ്ത്യാനികൾ 81,556 പേരും മലപ്പുറത്തുണ്ട്.

ജില്ല തിരിച്ചുള്ള കണക്കുകൾ

  • തിരുവനന്തപുരം ആകെ ജനസംഖ്യ 3301427
    ഹിന്ദുക്കൾ 2194067
    മുസ്ലിങ്ങൾ 452915
    ക്രിസ്ത്യാനികൾ 630573
  • കൊല്ലം ആകെ ജനസംഖ്യ 2635375
    ഹിന്ദു 1697635
    മുസ്ലിങ്ങൾ 508500
    ക്രിസ്ത്യാനികൾ 421598
  • പത്തനംതിട്ട ആകെ ജനസംഖ്യ 1197412
    ഹിന്ദു 681666
    മുസ്ലിം 55074
    ക്രിസ്ത്യൻ 456404
  • ആലപ്പുഴ ആകെ ജനസംഖ്യ 212789
    ഹിന്ദു 1460447
    മുസ്ലിം 224545
    ക്രിസ്ത്യൻ 435056
  • കോട്ടയം ആകെ ജനസംഖ്യ 1974551
    ഹിന്ദു 983598
    മുസ്ലിം 126499
    ക്രിസ്ത്യൻ 858608
  • ഇടുക്കി ആകെ ജനസംഖ്യ 1108974
    ഹിന്ദു 541854
    മുസ്ലിം 82206
    ക്രിസ്ത്യൻ 481507
  • എറണാകുളം ആകെ ജനസംഖ്യ 3282388
    ഹിന്ദു 1509557
    മുസ്ലിം 514397
    ക്രിസ്ത്യൻ 1248137
  • തൃശ്ശൂർ ആകെ ജനസംഖ്യ 3121200
    ഹിന്ദു 1823442
    മുസ്ലിം 532839
    ക്രിസ്ത്യൻ 757484
  • പാലക്കാട് ആകെ ജനസംഖ്യ 2809934
    ഹിന്ദു 1875980
    മുസ്ലിം 812936
    ക്രിസ്ത്യൻ 114397
  • മലപ്പുറം ആകെ ജനസംഖ്യ 4112920
    ഹിന്ദു 1135259
    മുസ്ലിം 2888849
    ക്രിസ്ത്യൻ 81556
  • വയനാട് ആകെ ജനസംഖ്യ 817420
    ഹിന്ദു 404460
    മുസ്ലിം 234185
    ക്രിസ്ത്യൻ 174453
  • കോഴിക്കോട് ആകെ ജനസംഖ്യ 3086293
    ഹിന്ദു 1734958
    മുസ്ലിം 1211131
    ക്രിസ്ത്യൻ 131516
  • കണ്ണൂർ ആകെ ജനസംഖ്യ 2523003
    ഹിന്ദു 1509592
    മുസ്ലിം 742483
    ക്രിസ്ത്യൻ 262526
  • കാസർഗോഡ് ആകെ ജനസംഖ്യ 1307375
    ഹിന്ദു 729987
    മുസ്ലിം 486913
    ക്രിസ്ത്യൻ 87454

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ജാതി സെൻസസ്

ന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നയങ്ങൾ രൂപപ്പെടുത്താനായാണ് രാജ്യത്ത് ആദ്യമായി സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് നടത്തിയത്. കേരളത്തിൽ 2011 ഡിസംബർ ഒന്നുമുതൽ 2012 ജനവരി 15 വരെയാണ് സെൻസസ് നടത്തിയത്. രാജ്യത്ത് ഇതിനു മുമ്പ് ജാതി സെൻസസ് നടന്നത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പാണ്. 1931ലാണ് അവസാനമായി ജാതി സെൻസസ് നടന്നത്.