ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മൂന്ന് ദിവസത്തിനിടെ രണ്ട് ജാതിക്കൊലപാതകങ്ങൾ. പ്രദേശത്തെ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമിനെ വിന്യസിച്ചു. സെപ്റ്റംബർ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേൽജാതിക്കാരനായ ശങ്കര സുബ്രഹ്മണ്യം(37) എന്നയാളുടെ തലയറുത്തായിരുന്നു കൊലപ്പെടുത്തിയത്. 2013ൽ പട്ടിക വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് ശങ്കര സുബ്രഹ്മണ്യത്തെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

2013ൽ കൊല്ലപ്പെട്ട പട്ടികജാതി യുവാവിന്റെ ശവകുടീരത്തിന് മുകളിലാണ് ഇയാളുടെ തല കാണപ്പെട്ടത്. തുടർന്ന് പ്രദേശത്ത് സംഘാർഷാവസ്ഥ ഉടലെടുത്തു. ബുധനാഴ്ച ശങ്കര സുബ്രഹ്മണ്യത്തിന്റെ കൊലപാതകത്തിന് പ്രതികാരമുണ്ടായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 35കാരനായ മാരിയപ്പൻ എന്നയാളെ തലയറുത്തു കൊലപ്പെടുത്തി. ശങ്കരസുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയ അതേ സ്ഥലത്താണ് മാരിയപ്പന്റെ തല കണ്ടെത്തിയത്.

2014ൽ നടന്ന ജാതിക്കൊലപാതകത്തിൽ പ്രതിയായിരുന്നു മാരിയപ്പനെന്ന് പൊലീസ് പറഞ്ഞു. ശങ്കര സുബ്രഹ്മണ്യത്തിന്റെ കൊലപാതകത്തിൽ ആറ് പേരും മാരിയപ്പന്റെ കൊലപാതകത്തിൽ എട്ടുപേരും അറസ്റ്റിലായി. പ്രദേശത്ത് ഏറ്റുമുട്ടൽ ഒഴിവാക്കാൻ വൻ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.