സ്‌പെയിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ അയവുവരുത്തി കൊണ്ട്‌ കാററലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം നീട്ടിവച്ചു.ജനഹിതം സ്വതന്ത്ര റിപ്പബ്ലിക്‌ സ്ഥാപിക്കണമെന്നതാണെങ്കിലും താൻ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കില്ലെന്ന്‌ കാറ്റലോണിയയുടെ പ്രസിഡന്റ്‌ കാർലെസ്‌ പ്യൂജിമൊൻ പാർലമെന്റിൽ പറഞ്ഞു.

ചർച്ചകൾക്കുള്ള സാധ്യതകൾ തുറന്നിടുന്നതിനായി ഏതാനും ആഴ്‌ചത്തേക്ക്‌ സ്വാതന്ത്ര്യ പ്രഖ്യാപനം മാററി വയ്‌ക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.എല്ലാവരും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചാൽ, പ്രതിസന്ധി ശാന്തമായും സമവായത്തോടെയും നടപ്പാക്കാമെന്നും പ്യൂജിമൊൻ അഭിപ്രായപ്പെട്ടു.

അതേസമയം, സ്‌പെയിനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയൻ ജനത തെരുവിൽ തുടരുകയാണ്.കാറ്റലോണിയ പതാക കത്തിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും അവർ ദേശീയതയ്ക്കുവേണ്ടി സമരരംഗത്താണ്. കാറ്റലോണിയയെ അനുകൂലിച്ച് പ്രകടനം നടത്തുന്നവരുമായി പലേടത്തും ദേശീയവാദികൾ സംഘർഷമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്. വലൻസിയയിലാണ് ഏറ്റവുമൊടുവിൽ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.

അതിനിടെ, കാറ്റലോണിയയുടെ സ്വാതന്ത്ര്യ മോഹങ്ങളെ തല്ലിക്കെടുത്തി, യൂറോപ്പിലെ പ്രമുഖ രാജ്യങ്ങൾ ഏകീകൃത സ്‌പെയിന് പിന്തുണ പ്രഖ്യാപിച്ചു. സ്‌പെയിനിൽനിന്ന് ഭിന്നിച്ചാൽ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാൻസും ജർമനിയും വ്യക്തമാക്കി.. കാറ്റലൻ സ്വനത്രരാജ്യത്തെ അംഗീകരിക്കില്ലെന്ന് ഫ്രാൻസിന്റെ യൂറോപ്യൻ കായാര്യ മന്ത്രിയാണ് വ്യക്തമാക്കിയത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായാൽ അടിയന്തരമായി കാറ്റലോണിയയിൽ ഇടപെടുമെന്ന് സ്പാനഷ് സർക്കാരും വ്യക്തമാക്കി.

കാറ്റലോണിയക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിന് നടന്ന ഹിതപരിശോധന സർക്കാർ ഏറെക്കുറെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, വോട്ട് ചെയ്തവരിൽ 90 ശതമാനവും സ്വാതന്ത്ര്യം ആവശ്യപ്പെട്ടതായി കാറ്റലോണിയ നേതാക്കൾ പറയുന്നു. കാറ്റലോണിയ വാദം ശക്തിപ്പെടുന്നതിനിടെ, മേഖലയിലെ വലിയ കമ്പനികൾ മാഡ്രിഡിലേക്ക് ചേക്കേറുന്നത് കാറ്റലോണിയ പക്ഷക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.

വസ്തു ഇടപാട് സ്ഥാപനമായ ഇമ്മൊബിലിയാറിയ കൊളോണിയൽ, നിർമ്മാണ കമ്പനിയായ ആൽബെർട്ടിസ് എന്നിവ മാഡ്രിഡിലേക്ക് ആസ്ഥാനം മാറ്റി. ടെലിക്കോം കമ്പനിയായ സെലിനെക്‌സും അതിനുള്ള ശ്രമത്തിലാണ്. സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായാൽ ബാഴ്‌സലോണയിൽനിന്ന് മാഡ്രിഡിലേക്ക് ആസ്ഥാനം മാറ്റുമെന്ന് മാധ്യമസ്ഥാപനമായ ഗ്രൂപ്പോ പ്ലാനെറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. വൻകിട സ്ഥാപനങ്ങൾ ഒന്നടങ്കം മാഡ്രിഡിലേക്ക് മാറുന്നത് കാറ്റലോണിയയുടെ സാമ്പത്തിക സുസ്ഥിരതയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

അതിനിടെ, കാറ്റലൻ സ്വാതന്ത്ര്യമോഹികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സ്‌പെയിനിലെ ഭരണകക്ഷിയായ പാർട്ടിഡോ പോപ്പുലർ പാർട്ടി രംഗത്തെത്തി. ആരെങ്കിലും സ്വാതന്ത്ര്യപ്രഖ്യാപനത്തിന് തുനിഞ്ഞാൽ അത് 83 വർഷം മുമ്പത്തെ ചരിത്രം ആവർത്തിക്കലാകുമെന്ന് പാർട്ടിയുടെ ഡപ്യൂട്ടി സെക്രട്ടറി പാബ്ലോ കസാഡോ പറഞ്ഞു. 1934-ൽ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ കാറ്റലൻ നേതാവ് ലൂയിസ് കൊമ്പാനിയുടെ ചരിത്രമാണ് കസാഡോ ഓർമിപ്പിച്ചത്. കൊമ്പാനിക്ക് പിന്നീടുള്ള കാലം ജയിലിൽ കഴിയേണ്ടിവന്നു.