കൊച്ചി: തിരുവോണത്തിന് സദ്യ ബുക്ക് ചെയ്ത് കാത്തിരുന്ന രണ്ടായിരത്തോളം പേരുടെ ഓണ സദ്യ മുടക്കി കാറ്ററിങ് സർവ്വീസുകാർ. തൃപ്പൂണിത്തുറയിലെ പൂർണ്ണശ്രീ കാറ്ററിങ് സർവ്വീസുകാരാണ് തിരുവോണ സദ്യ ബുക്ക് ചെയ്തവർക്ക് എട്ടിന്റെ പണികൊടുത്തത്. സദ്യ കിട്ടാതായതോടെ പ്രകോപിതരായ ജനങ്ങൾ വലിയ സംഘർഷമുണ്ടാക്കി. ഒടുവിൽ പൊലീസെത്തിയാണ് സംഘർഷത്തിന് അയവു വരുത്തിയത്. തൃപ്പൂണിത്തുറയിലെ പ്രധാന കേന്ദ്രത്തിലുൾപ്പെടെ കൊച്ചിയിലെ 5 ഔട്ട്‌ലെറ്റുകളിലായി രണ്ടായിരത്തോളം പേർക്കാണ് സദ്യ സമയത്തുകൊടുക്കാതിരുന്നത്.

കൊച്ചിയിലെ പ്രധാന കാറ്ററിങ് സർവ്വീസുകാരായ പൂർണ്ണശ്രീ തിരുവോണ സദ്യക്കുള്ള ബുക്കിങ് വളരെ നേരത്തെ തന്നെയെടുത്തിരുന്നു. അയ്യായിരത്തിലധികം ബുക്കിങാണ് ഇവിടെ നടന്നിരുന്നതെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. ഒരു പായ്ക്കറ്റ് (അഞ്ച് പേർക്ക്) 1250 രൂപ നിരക്കിലാണ് ഇവർ ഈടാക്കിയത്. തിരുവോണ സദ്യ വീട്ടിൽ തയ്യാറാക്കാൻ കഴിയാത്തവരാണ് ഏറെയും ബുക്ക് ചെയ്തിരുന്നത്. തിരുവോണ ദിവസം രാവിലെ 9 മണിമുതൽ സദ്യ ഇവരുടെ എല്ലാ ഔട്ട്ലെറ്റുകൾ വഴിയും വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

ഇതിൻ പ്രകാരം രാവിലെ 9 മണിമുതൽ സദ്യ വാങ്ങാൻ എത്തിയവർക്ക് 10 മണിയായിട്ടും സദ്യ ലഭിച്ചില്ല. എന്താണ് സദ്യ കിട്ടാൻ താമസം എന്ന് ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ പധാന ഔട്ട്ലെറ്റിൽ നാട്ടുകാർ ഭക്ഷണം തടഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് അറിഞ്ഞത്. എന്നാൽ അൽപ്പ സമയത്തിനകം ഔട്്ലെറ്റുകളിലേക്ക് ഭക്ഷണം എത്തിയെങ്കിലും കുറച്ചുപേർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം കിട്ടിയവർക്കാകട്ടെ പറഞ്ഞിരുന്ന വിഭവങ്ങൾ പകുതിയും ഇല്ലായിരുന്നു. ഉടൻ ബാക്കി വിഭവങ്ങൾ എത്തും എന്ന് സദ്യ വാങ്ങാനെത്തിയവരെ ആശ്വസിപ്പിച്ചെങ്കിലും ഒരു മണി കഴിഞ്ഞിട്ടും ഭക്ഷണം എത്തിയില്ല. ഇതോടെ എല്ലായിടത്തും വലിയ സംഘർഷം ഉണ്ടായി.

ഔട്ട്ലെറ്റുകളിലെത്തിയവർ സദ്യ കിട്ടാതായതോടെയാണ് പ്രകോപിതരായത്. ഒടുവിൽ പൊലീസ് എത്തി വിതരണക്കാരോട് വിശദീകരണം ചോദിച്ചപ്പോൾ പ്രധാന ഔട്ട്ലെറ്റിൽ നിന്നും ഭക്ഷണം എത്താതിരിക്കുന്നതാണ് കാരണം എന്ന് പറഞ്ഞു. ഇഇതോടെ തൃപ്പൂണിത്തുറയിലെ ഔട്ട്ലെറ്റിൽ ബന്ധപ്പെട്ടപ്പോൾ ഇവിടെയുള്ളതിനേക്കാളേറെ ആളുകൾ ഭക്ഷണം കിട്ടാതെ സംഘർഷത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒടുവിൽ ഔട്ട്ലെറ്റുകളിൽ എത്തിയവർക്ക് പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ പണം തിരികെ നൽകുക മാത്രമല്ല, നഷ്ടപരിഹാരം നൽകണമെന്നും ചിലർ വാശിപിടിച്ചു. ഇവരോട് പരാതിയുണ്ടെങ്കിൽ എഴുതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം പ്രധാന ഔട്ട്ലെറ്റായ തൃപ്പൂണിത്തുറയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായിരുന്നു. പൊലീസ് തക്ക സമയത്തെത്തിയതിനാൽ സ്ഥാപനം ആളുകൾ തല്ലിത്തകർത്തില്ല. ഇവിടെ 500ൽ അധികം പേരാണ് ഭക്ഷണത്തിനായി തിക്കും തിരക്കും കൂട്ടിയത്. ഉണ്ടാക്കിയ ഭക്ഷണം പായ്ക്ക് ചെയ്യാൻ ആളില്ല എന്നാണ് ആദ്യം പറഞ്ഞത്. ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവർ തന്നെ പായ്ക്ക് ചെയ്ത് സദ്യ കൊണ്ടു പോകാൻ തുടങ്ങി. എന്നാൽ പറഞ്ഞിരുന്ന ആഹാര സാധനങ്ങളിൽ പകുതിയും ഇല്ലായിരുന്നു. ഉണ്ടായിരുന്നവയിൽ പലതും ആവശ്യത്തിന് വെന്തിട്ടുമില്ലായിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് മിക്കവരും ഇവിടെ നിന്നും കയ്യിൽ കിട്ടിയ ഭക്ഷണവുമായി പോയത്.

സദ്യ തയ്യാറാക്കാനായി എത്താമെന്നേറ്റ പാചകക്കാർ സമയത്തെത്താതിരുന്നതാണ് സദ്യ വിതരണത്തിൽ ആപാകതയുണ്ടാകാൻ കാരണമെന്ന് കാറ്ററിങുകാർ പറയുന്നു. ഇവരെ കഴിഞ്ഞ രാത്രിമുതൽ കാണാനില്ലെന്നും അവരുടെ വീടുകളിൽ അന്വേഷിച്ചെത്തിയപ്പോൾ അവിടെയുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. പാചകക്കാരെ ഇവരുമായി വിദ്വേഷമുള്ള ഏതെങ്കിലും കാറ്ററിങുകാർ തട്ടിക്കൊണ്ടു പോയതാവാമെന്നാണ് സംശയമെന്ന് പൂർണ്ണശ്രീക്കാർ പറയുന്നു. എന്തായാലും ഓണമുണ്ണാൻ കാത്തിരുന്നവർക്ക് ഇത്തവണ എട്ടിന്റെ പണിതന്നെയാണ് കിട്ടിയത്.