കൊച്ചി: അനിയന്ത്രിതമായ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ഏഴിലെ ദേശീയ ഉപവാസ പ്രാർത്ഥനയിൽ സജീവമായി പങ്കുചേരുവാൻ സി ബി സി ഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളോടും, ഇതര ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ സംഘടനകളോടും പൊതുസമൂഹത്തോടും അഭ്യർത്ഥിച്ചു.

മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമായി കോവിഡ് രോഗം വ്യാപിക്കുകയാണ്. ഭരണസംവിധാനങ്ങളും ജനജീവിതവും നിശ്ചലമാകുന്ന അതീ തീവ്ര സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യത്തുള്ളത്. കോവിഡിനെ പ്രതിരോധിക്കാനും ജനങ്ങളെ ശുശ്രൂഷിക്കാനും ക്രൈസ്തവസഭാ സംവിധാനങ്ങൾ ഒന്നാകെ ഏറെ സജീവമാണ്. മാത്രമല്ല, സഭാ സ്ഥാപനങ്ങളൊന്നാകയും വിശ്വാസി സമൂഹവും നിസ്വാർത്ഥ സേവനമാണ് ഈ തലത്തിൽ നടത്തുന്നത്. ദൈവീക ഇടപെടലുകൾക്കു മാത്രമേ ഈ വലിയ ദുരന്തത്തിൽ നിന്ന് ജനസമൂഹത്തെ രക്ഷി ക്കുവാനവുകയുള്ളുവെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. കോവിഡിൽ നിന്നുള്ള മോചനത്തിനായി മെയ് ഏഴിന് രാജ്യത്തുടനീളമായി നടത്തുന്ന ഉപവാസ പ്രാർത്ഥനയിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അൽമായ സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും പങ്കു ചേരുമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.