- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വിശ്വാസികളെയും കേൾക്കാൻ കത്തോലിക്കാ സഭ; റോമിലെ ആഗോള സിനഡിന് ഒരുക്കം തുടങ്ങി
ആലപ്പുഴ: അടുത്തവർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന ആഗോള സിനഡിന്റെ മുന്നോടിയായി കത്തോലിക്ക സഭയിലെ എല്ലാ വിശ്വാസികളെയും കേൾക്കുന്ന നടപടിക്കു തുടക്കമാകുന്നു. കേരളത്തിലും ഇതിനുള്ള തുടക്കങ്ങളായിട്ടുണ്ട്. അതിരൂപതസഭയിൽ ആദ്യമായാണ് ആഗോള സിനഡിന്റെ ഭാഗമായി ഇത്രവലിയ കൂടിയാലോചന നടക്കുന്നത്. മുഴുവൻ ദൈവജനത്തോടും എതിരഭിപ്രായമുള്ളവരോടും ആശയവിനിമയം നടത്താനാണ് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചിരിക്കുന്നത്.
പ്രാദേശികതലത്തിൽ സിനഡാലിറ്റി വേണമെന്നാണു നിർദ്ദേശം. ഒരുമിച്ചുള്ള നടത്തം, സഹയാത്ര എന്നൊക്കെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാവർക്കും തുറന്നുസംസാരിക്കാനുള്ള അവസരം കൊടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കത്തോലിക്ക സഭയുടെ മൂന്നു വിഭാഗങ്ങളിലും ചർച്ച നടക്കും. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഫൊറോനകളെ നാലായി തിരിച്ചുനടത്തുന്ന ചർച്ച വ്യാഴാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി അതിരൂപത വിശ്വാസികൾക്കായി തയ്യാറാക്കിയ കുറിപ്പിൽ പത്തു ചോദ്യങ്ങളാണുള്ളത്.
പ്രസക്ത ഭാഗങ്ങൾ
1. നിങ്ങൾ സഭയുടെ ഭാഗമാണെന്നു തോന്നിയിട്ടുണ്ടോ? ആരെങ്കിലും അവഗണിക്കപ്പെടുന്നതായി അഭിപ്രായമുണ്ടോ?
2. സമർപ്പിതർ, അൽമായർ, പ്രത്യേകിച്ച് യുവതീയുവാക്കൾ എന്നിവർ കേൾക്കപ്പെടുന്നുണ്ടോ? പരസ്പരമുള്ള കേൾവിയെ തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണ്?
3. സഭാവേദികളിൽ തുറന്നുസംസാരിക്കാൻ കഴിയുന്നുണ്ടോ? കാപട്യവും അവസരവാദവുമില്ലാത്ത ആശയവിനിമയമാണോ പ്രോത്സാഹിക്കപ്പെടുന്നത്? സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ആരാണു സഭയുടെ വക്താക്കൾ?
4. നമ്മുടെ പ്രാർത്ഥനകളും കുർബാനയും അനുഭവപരമാണോ?
5. പൗരസ്ത്യസഭയായ സിറോ മലബാറിന്റെ വിവിധ പാരമ്പര്യങ്ങൾ സമന്വയിപ്പിക്കാൻ നമുക്കു കഴിയുന്നുണ്ടോ? ലത്തീൻ, സിറോ മലങ്കര സഭകളോടുള്ള ബന്ധവും സഹകരണവും എങ്ങനെയാണ്?
6. സഭാംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്യപ്പെടുന്നത്? ഇതരമത വിശ്വാസികൾ, ദൈവവിശ്വാസമില്ലാത്തവർ, ദരിദ്രർ തുടങ്ങിയവരോടു സംസാരിക്കാനും അവരിൽനിന്നു പഠിക്കാനും സഭ തയ്യാറാകുന്നുണ്ടോ?
7. യാക്കോബായ, ഓർത്തഡോക്‌സ്, പെന്തക്കോസ്ത് സമൂഹങ്ങളുമായി നമ്മുടെ ബന്ധം എങ്ങനെയാണ്?
8. പ്രാദേശിക സഭാഘടകങ്ങളിൽ അധികാരം വിനിയോഗിക്കപ്പെടുന്നത് എങ്ങനെയാണ്? കൂട്ടുത്തരവാദിത്വവും കൂടിയാലോചനയുമുണ്ടോ?
9. പങ്കാളിത്തവും സുതാര്യതയും ഉറപ്പുവരുത്താൻ നാമെന്തു ചെയ്യുന്നു?
10. പരസ്പരം കേട്ടും സംഭാഷണത്തിലേർപ്പെട്ടും എല്ലാവരോടുമൊപ്പം സഞ്ചരിക്കാൻ പരിശീലിച്ചവരാണോ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലെത്തുന്നത്?
മറുനാടന് ഡെസ്ക്