- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടം
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പോരാട്ടം മുറുകുമ്പോൾ യുഡിഎഫിന് വൻ ഭീഷണി ഉയർത്തി കത്തോലിക്കാ സഭയുടെ നിലപാടും. ബിജെപി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരനെ രംഗത്തിറക്കിയതോടെ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ശക്തമായ മത്സരമാണ് നേരിടുന്നത്. ഇതിന് പിന്നാലെ മെട്രോമാനെ എങ്ങനെ പ്രചരണ രംഗത്ത് നേരിടും എന്ന പ്രതിസന്ധിയും കോൺഗ്രസ് നേരിടുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോ മാൻ ഇ ശ്രീധരന് പിന്തുണയുമായി പാലക്കാട് രൂപത കൂടി രംഗത്തുവന്നതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയും ചെയത്ു.
പാലക്കാട് രൂപതയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീധരന് പൂർണപിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരൻ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരിൽ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പിൽ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാലക്കാട് ബിഷപ്പ് പ്രഖ്യാപിച്ചത്. അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നൽകുമെന്നും ബിഷപ്പ് മനത്തോട്ടത്തിൽ പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്.
ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ.ശ്രീധരന്റേത് യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് മുൻപേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തിൽ നൽകുകയാണ് - ശ്രീധരനൊപ്പം മാധ്യമങ്ങളെ കണ്ട പാലക്കാട് ബിഷപ്പ് പറഞ്ഞു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സഭ ഒരു ബിജെപി സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണയ്ക്കുന്നത്. സവർണ്ണ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സഭയുടെ പിന്തുണ ബിജെപിക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.
ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ഈ ശ്രീധരൻ പ്രതികരിച്ചതും വാഗ്വാദത്തിന് വഴിവെച്ചിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബിജെപി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്നാണ് ഷാഫി പറമ്പിൽ പ്രതികികരിച്ചത്. മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. നിർമ്മാണത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഇനി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അകത്ത് വിശദമായി പരിശോധിക്കാതെയാണ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യം ആദരിക്കുന്ന ടെക്നോക്രാറ്റിനെ സ്ഥാനാർത്ഥിയായി ലഭിച്ചതോടെ ഷാഫി പറമ്പിലിന്റെ വികസന നേട്ടത്തെയും സർക്കാർ പദ്ധതികളെയും വിമർശിക്കാൻ അദ്ദേഹത്തെ ഉപയോഗിക്കുകയാണ് ബിജെപി. നിലവിൽ ഒരു നിയമസഭാംഗം മാത്രമുള്ള ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നു കൂടിയാണ് പാലക്കാട്.
പാലക്കാട് ജില്ലയെ മൊത്തമായി പരിഗണിച്ചാൽ എൽഡിഎഫാണ് കൂടുതൽ ശക്തം. വി എസ് അച്യുതാനന്ദനും ഇ കെ നായനാരും അടക്കമുള്ള ഇടതു നേതാക്കളുടെ വിജയത്തിന് സാക്ഷ്യം വഹിച്ച പാലക്കാട് ജില്ലയിൽ 2016ലും ചായ്വ് എൽഡിഎഫിലേയ്ക്കായിരുന്നു. ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഒൻപതിടത്തും എൽഡിഎപ സ്ഥാനാർത്ഥികൾ വിജയിച്ചു കയറി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 44.4 ശതമാനവും എൽഡിഎഫിനായിരുന്നു. എന്നാൽ പാലക്കാട് മണ്ഡലത്തിൽ മാത്രം ചിത്രം ഒരൽപം വ്യത്യസ്തമാണ്.
ജില്ലയിൽ യുഡിഎഫ് ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലങ്ങളിലൊന്നിൽ കഴിഞ്ഞ രണ്ട് വട്ടവും കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലാണ് തുടരുന്നത്. 2006ൽ വിജയിച്ച സിപിഎം സ്ഥാനാർത്ഥി കെ കെ ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു ഷാഫിയുടെ വിജയം. 1967, 1970, 1996 എന്നീ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് സിപിഎം സ്ഥാനാർത്ഥികൾ മത്സരിച്ചു വിജയിച്ചത്.
എന്നാൽ 2016ലെ തെരഞ്ഞെടുപ്പോടു കൂടിയാണ് മണ്ഡലത്തിലെ ചിത്രം മാറി മറിഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. ഷാഫി പറമ്പിലിന് 17000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ നാൽപതിനായിരത്തോളം വോട്ടുകൾ നേടി. സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2011 തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് 42.41 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്നെങ്കൽ 2016ൽ വോട്ടുവിഹിതത്തിൽ ഒരു ശതമാനത്തിലധികം കുറവുണ്ടായിട്ടില്ല. എന്നാൽ 2011ൽ ബിജെപി സ്ഥാനാർത്ഥിയായ സി. ഉദയഭാസ്കർ നേടിയ 19.86 ശതമാനം വോട്ട് 2016ലെ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ 29.08 ആയി വർധിപ്പിച്ചു. അതേസമയം, സിപിഎം വോട്ടുവിഹിതം 35.82 ശതമാനത്തിൽ നിന്ന് 28.07 ശതമാനമയി ഇടിഞ്ഞു. ഇതാണ് മണ്ഡലത്തിൽ ബിജെപിക്ക് പ്രതീക്ഷയാകുന്നതും സിപിഎമ്മിനും കോൺഗ്രസിനും ഒരുപോലെ ആശങ്കയാകുന്നതും.
അനുകൂല സാഹചര്യം മുതലെടുക്കാനായി അടുത്തിടെ ബിജെപിയിൽ ചേർന്ന ഡിഎംആർസി മുൻ ചെയർമാൻ ഇ ശ്രീധരനെയാണ് പാലക്കാട് നിന്നു ബിജെപി മത്സരിപ്പിക്കുന്നത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാർത്ഥിയെ കിട്ടിയതോടെ വൻ പ്രചാരണമാണ് പാലക്കാട് ബിജെപി നടത്തുന്നത്. കേരളത്തിൽ നിരവധി വൻകിട പദ്ധതികൾക്ക് നേതൃത്വം നൽകിയ ഇ ശ്രീധരനെ നിഷ്പക്ഷ വോട്ടർമാരും പിന്തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
അതേസമയം, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ തേടിയ മികച്ച വിജയമാണ് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ഷാഫി പറമ്പിലിന്റെ ഊർജം. വോട്ടിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും വിജയശതമാനം ഇരട്ടിയാക്കിയെന്നത് യുഡിഎഫ് ക്യാംപിൽ ആവേശമുണർത്തുന്ന കാര്യമാണ്. മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷമായി നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഷാഫിയുടെ പ്രചാരണം. അതേസമയം, പാലക്കാട് ഡിസിസി അധ്യക്ഷൻ എ വി ഗോപിനാഥൻ ഷാഫിയ്ക്കെതിരെ നടത്തുന്ന വിമത നീക്കം പരിഹരിക്കാത്ത പക്ഷം അത് യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്.
ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് യുവസ്ഥാനാർത്ഥിയായ സി പി പ്രമോദിനെയാണ് സിപിഎം രംഗത്തിറക്കുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താതെ സിപിഎം നീക്കിവെച്ച പാലക്കാട് മണ്ഡലത്തിൽ അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറിയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മുൻപ് എ കെ ബാലൻ മന്ത്രിയായിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി പി പ്രമോദ് പാലക്കാട് ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ്.
മറുനാടന് മലയാളി ബ്യൂറോ