കോട്ടയം: സങ്കടപ്പെടുന്ന ഒരാൾ ആശ്വസിപ്പിക്കപ്പെടുമ്പോൾ ദൈവം പുഞ്ചിരിക്കുന്നുവെന്ന് മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പള്ളിക്കുള്ളിൽ എന്ന പോലെ പുറത്തേക്കും ഒരു പുരോഹിതന്റെ പ്രാർത്ഥനകളും സമർപ്പണങ്ങളും നീളുമ്പോഴാണ് വൈദികവൃത്തി അതിന്റെ നിയോഗത്തിലെത്തുക എന്നും പൗരോഹിത്യത്തിന്റെ നാല്പത്തിനാലാം വാർഷിക ദിനത്തിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ അദ്ദേഹം പറയുന്നു.

1978 ജൂൺ 30ന് ഇടവകപള്ളിയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവയിൽ നിന്നാണ് അദ്ദേഹം പട്ടമേറ്റത്. 'മനസുകൾക്ക് മുമ്പാകെയുള്ള അർപ്പിക്കലുകൾ ദൈവത്തിങ്കൽ തന്നെയുള്ള സമർപ്പണമായാണ് അനുഭവപ്പെടാറുള്ളത്. വേദനിക്കുന്നവർക്ക് സാന്ത്വനമാകുന്നതിനുള്ള എളിയ പ്രവൃത്തികൾ പരിശുദ്ധ ബലിപീഠത്തിന്റെ മുമ്പിലെ ദൈവശുശ്രൂഷയായി കാണുന്നയാളാണ് ഞാൻ. എല്ലാ മാറ്റവും നല്ലതിനുവേണ്ടിയാണ് എന്ന് വിശ്വസിക്കുമ്പോഴാണ് നല്ല മനുഷ്യർ സൃഷ്ടിക്കപ്പെടുന്നത്. ഈ ഭൂമി നല്ല മനുഷ്യരെക്കൊണ്ട് നിറയാൻ വേണ്ടിയാണ് ഈ ദിവസത്തെ എന്റെ പ്രാർത്ഥന-കാതോലിക്കാബാവ പറയുന്നു.

ബാവയുടെ കുറിപ്പിന്റെ പൂർണരൂപം:

ഇന്നേക്ക് നാല്പത്തിനാല് വർഷം മുമ്പ് കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം പൗരോഹിത്യത്തിന്റെ വലിയ ഉത്തരവാദിത്തം ദൈവം എന്നെ ഭരമേല്പിച്ചു. ആ പട്ടംകൊട ശുശ്രൂഷയിൽ മുഖ്യ കാർമ്മികനായിരുന്ന പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ മുമ്പിൽ മദ്ബഹായിൽ മുട്ടുകുത്തി തലകുനിച്ച് നിലക്കുന്ന സന്ദർഭമാണ് എന്റെ മനസ്സിൽ ഓടിയെത്തുന്നത്. ഇത് 1978 ജൂൺ 30ന് എന്റെ ഇടവകപള്ളിയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് ആയിരുന്നു. അതുകൊണ്ട് ഈ ദിവസം എന്നെ ഇന്നലെകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

സെമിനാരി വിദ്യാഭ്യാസ കാലത്ത് ശെമ്മാശ്ശനായി പ്രവർത്തിക്കുമ്പോൾ വൈദിക പദവിയിൽ എത്തി വി.കുർബ്ബാന ചൊല്ലുന്നതിനുള്ള ദൈവീക അനുഗ്രഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. ഈ ദിവസമാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. അന്ന് ഈ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികൻ പരിശുദ്ധസഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവ ആയിരുന്നു എന്നത് എന്നത്തെയും വലിയ അഭിമാനവും ചാരിതാർഥ്യവുമാണ്. എന്റെ മാതാവും സഹോദരങ്ങളും ആ നിമിഷത്തിന് സാക്ഷികളായിരുന്നു. എന്റെ പിതാവ് നിത്യതയിലിരുന്ന് ശുശ്രൂഷയിൽ സംബന്ധിച്ചു.

അന്നേ ദിവസം തൊട്ട് ഇന്നേവരെ ദൈവത്തോട് അടുത്തുനില്കാനാണ് ശ്രമിച്ചിട്ടുള്ളത്. ദൈവം പറയുന്നത് കേൾക്കാനും അനുസരിക്കാനും എപ്പോഴും ശ്രദ്ധ വച്ചിരുന്നു. വിശുദ്ധ മദ്ബഹാ ദൈവസാന്നിദ്ധ്യത്തിന്റെ നിറവാണ്. ഓരോ മനുഷ്യനും ദൈവത്തിന്റെ വിശുദ്ധ ആലയമാണെന്നത് പ.പൗലോസ് ശ്ലീഹാ നമ്മെ എന്നും ഓർമ്മിപ്പിക്കുന്നു. അങ്ങനെ ആ ദൈവമന്ദിരമായ എനിക്ക് പുതിയൊരനുഭവമായി പൗരോഹിത്യം പരിണമിച്ചു. മനസുകൾക്ക് മുമ്പാകെയുള്ള അർപ്പിക്കലുകൾ ദൈവത്തിങ്കൽ തന്നെയുള്ള സമർപ്പണമായാണ് അനുഭവപ്പെടാറുള്ളത്.

വേദനിക്കുന്നവർക്ക് സാന്ത്വനമാകുന്നതിനുള്ള എളിയ പ്രവൃത്തികൾ പരിശുദ്ധ ബലിപീഠത്തിന്റെ മുമ്പിലെ ദൈവശുശ്രൂഷയായി കാണുന്നയാളാണ് ഞാൻ. സങ്കടപ്പെടുന്ന ഒരാൾ ആശ്വസിപ്പിക്കപ്പെടുമ്പോൾ ദൈവം പുഞ്ചിരിക്കുന്നു. പള്ളിക്കുള്ളിൽ എന്നപോലെ പുറത്തേക്കും ഒരു പുരോഹിതന്റെ പ്രാർത്ഥനകളും സമർപ്പണങ്ങളും നീളുമ്പോഴാണ് വൈദികവൃത്തി അതിന്റെ നിയോഗത്തിലെത്തുക എന്നതാണ് നാല്പത്തിനാലുവർഷമായി ഓരോ ജൂൺ 30ാം തീയതിയും പറഞ്ഞുതരാറുള്ളത്. വിവിധ സന്നദ്ധപ്രവൃത്തികളിലൂടെ എന്നാലാവുന്നത് ചെയ്യുന്നു. ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. ദൈവം അതിന് അനുഗ്രഹിക്കുമായിരിക്കും.

ഈ ദിവസം എല്ലാവർഷത്തെയുമെന്നപോലെ ഞാൻ മുൻപിതാക്കന്മാരെ ഓർമിക്കുന്നു. അവരായിരുന്നു എന്റെ പ്രകാശഗോപുരങ്ങൾ. ആ വെളിച്ചം ഇനിയും എനിക്ക് വഴികാട്ടുമാറാകട്ടെ. സെമിനാരിയിൽ പഠിപ്പിച്ച ഗുരുശ്രേഷ്ഠരായ വൈദികർക്കും കൂപ്പുകൈ. നിങ്ങൾ എല്ലാവരും ഓരോ പാഠപുസ്തകമായിരുന്നു. വേദപുസ്തകങ്ങൾക്കൊപ്പം ഞാൻ നിങ്ങളിൽ നിന്നും ഒരുപാട് പഠിച്ചു. ആ പാഠങ്ങൾ പ്രാവർത്തികമാക്കാൻ ഇപ്പോഴും ശ്രമിക്കുന്നു. ഞാൻ പഠിച്ചവ എനിക്ക് മുന്നിലെത്തിയ പിൻതലമുറയിലെ വൈദികവിദ്യാർത്ഥികൾക്ക് പകരാനും ശ്രമിച്ചിട്ടുണ്ട്. ശിഷ്യപരമ്പരകൾക്കും നമസ്‌കാരം. മാതാപിതാക്കൾ എന്നെ എന്റേതായ വഴിയേ സഞ്ചരിക്കാൻ അനുവദിച്ചു. ജന്മം കൊണ്ട് തീരാത്ത കടപ്പാടാണ് അത്. അവരും എനിക്ക് ദൈവം തന്നെയാണ് എന്നും.

എന്റെ സഹോദരങ്ങൾ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, അഭ്യുദയാകാംക്ഷികൾ, സന്നദ്ധപ്രവർത്തനങ്ങളോട് സഹകരിക്കുന്നവർ തുടങ്ങി ഈ നാളുവരെ എന്നോട് നല്ല മനസോടെ ഇടപഴകിയ എല്ലാവർക്കും ഈ ദിവസത്തിൽ നന്ദി പറയുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മലങ്കരസഭയിലെ വിശ്വാസികളെയും സഭയിലെ എല്ലാ പുരോഹിതന്മാരെയും വണങ്ങുന്നു. ജാതിമതഭേദമെന്യേ എന്നോട് സ്നേഹം കാട്ടുന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹവും ഇനിയും എന്നെ നേർവഴിക്ക് തന്നെ നടത്തട്ടെ...

നാലുപതിറ്റാണ്ടുകൾക്ക് മുമ്പൊരു ജൂൺ 30ന് ഞാൻ അണിഞ്ഞിരുന്ന വസ്ത്രത്തിന് വെളുപ്പ് നിറമായിരുന്നു. പിന്നീട് കറുത്ത കുപ്പായവും ചുവന്ന കുപ്പായവും ദൈവം മാറി മാറി അണിയിച്ചു, വലിയ ഉത്തരവാദിത്തങ്ങളും....പക്ഷേ അതൊരു പ്രതീകമായി ഞാൻ കാണുന്നു. ഇരവുപകലുകളെന്നപോലെ ഈ ഭൂമിയിൽ എന്തും മാറിമാറിവരുന്നു എന്നതിന്റെ അടയാളം. ഓരോനിമിഷവും നാം പുതുക്കപ്പെടുന്നു, പുതിയൊരാളാകുന്നു. ഓരോ അസ്തമയവും പുതിയ പ്രഭാതത്തിനുള്ള തിരിനാളം തെളിക്കുന്നു. ഓരോ മാറ്റവും നമ്മെ നന്മയിലേക്ക് കൂടുതൽ അടുപ്പിക്കട്ടെ...എല്ലാ മാറ്റവും നല്ലതിനുവേണ്ടിയാണ് എന്ന് വിശ്വസിക്കുമ്പോഴാണ് നല്ല മനുഷ്യർ സൃഷ്ടിക്കപ്പെടുന്നത്. ഈ ഭൂമി നല്ല മനുഷ്യരെക്കൊണ്ട് നിറയാൻ വേണ്ടിയാണ് ഈ ദിവസത്തെ എന്റെ പ്രാർത്ഥന..