കെ.വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തെ നടുക്കിയ മാറാട് കൂട്ടക്കൊല സംബദ്ധിച്ച വിവാദങ്ങളും കോടതി നടപടികളും അവസാനിക്കുന്നില്ല. രണ്ടാം മാറാട് കൂട്ടക്കൊലക്ക് പിന്നിൽ ചില വ്യവസായഗ്രൂപ്പുകളാണെന്ന ആരോപണത്തിനും സംഭവത്തിന് മുന്നോടിയായി ഗൂഢാലോചന നടത്തിയയെന്നതിനോ, കൂട്ടക്കൊലക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിനോ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി.

രണ്ടാം മാറാട് കലാപ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കൊളക്കാടൻ മൂസ ഹാജി സമർപ്പിച്ച പൊതുതാൽപര്യഹരജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. മാറാട് കലാപവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിയില്ലെന്നും അതിനാൽ കേസ് സിബിഐക്ക് വിടണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

ബേപ്പൂർ തുറമുഖ വികസനവും തീരദേശപാത നിർമ്മാണവും പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളും മുന്നിൽക്കണ്ട് മാറാട് നിവാസികളെ ഒഴിപ്പിക്കാൻ ആസൂത്രിതമായി നടത്തിയ കലാപമാണെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചത് ചില വ്യവസായ ഗ്രൂപ്പുകളാണെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യകേ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് എസ്‌പി കെ.ബി. വേണുഗോപാലാണ് കോടതിയിൽ വിശദീകരണം നൽകിയത്.

കൂട്ടക്കൊല നടന്ന കാലയളവിലെ ഭൂമി ഇടപാടുകൾ, പ്രദേശവാസികളുടെ രണ്ടുലക്ഷം രൂപക്ക് മേലുള്ള ബാങ്കിടപാടുകൾ എന്നിവയെല്ലാം പരിശോധിച്ചു. പ്രദേശത്തെ വിവിധ ട്രസ്റ്റുകളുടെ പ്രവർത്തനവും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയുമാണ്. തീവ്രവാദസ്വഭാവമുണ്ടെന്ന് കരുതുന്ന മറ്റുചില കേസുകളുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന പരാതികളും പരിശോധിച്ചു. കോയമ്പത്തൂർ ബോംബ് സ്‌ഫോടനം, ബംഗളൂരു സ്‌ഫോടനം, കളമശ്ശേരി ബസ് കത്തിക്കൽ, എറണാകുളം കലക്ടറേറ്റ് സ്‌ഫോടനം, കോഴിക്കോട് ഇരട്ട സ്‌ഫോടനം തുടങ്ങിയവക്ക് മാറാട് കേസുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

തീവ്രവാദ വിഭാഗങ്ങളുടെയും നക്‌സൽ സംഘടനകളുടെയും ബന്ധങ്ങളും ആരോപിക്കപ്പെട്ടിരുന്നു. ഈ ആരോപണങ്ങളെല്ലാം അന്വേഷണ വിധേയമാക്കിയെങ്കിലും തെളിവ് ലഭിച്ചില്ല. മാറാട് കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപ പൊലീസ് സ്റ്റേഷനുകളായ എലന്തൂർ, നല്ലളം, കസബ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ചു. പ്രദേശവാസികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റിന്റെയും ആദായ നികുതി വകുപ്പിന്റെയും സഹായത്തോടെ അന്വേഷണം നടത്തി.

എന്നാൽ, ആരോപണങ്ങൾ തെളിയിക്കുന്ന തരത്തിലെ തെളിവൊന്നും ലഭിച്ചില്ല. ശരിയായ ദിശയിൽതന്നെയാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് അത് പൂർത്തിയാക്കാൻ കൂടുതൽ സമയവും തേടി.