കൊച്ചി: സംവരണം പരമാവധി 50 ശതമാനം മാത്രമെന്ന സുപ്രീംകോടതി വിധി സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും അതേസമയം പതിറ്റാണ്ടുകളായി തുടരുന്ന ജാതിമത സംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും കാലക്രമേണ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

മഹാരാഷ്ട്രയിൽ മറാത്ത സമുദായത്തിന് 16 ശതമാനം സംവരണമേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയുള്ള സുപ്രീംകോടതി വിധി ജാതിസംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ഇതിനെ സാമ്പത്തിക സംവരണം ഇല്ലാതാക്കുമെന്ന രീതിയിൽ ചിലർ നടത്തുന്ന ബോധപൂർവ്വമായ കുപ്രചരണങ്ങൾ ശുദ്ധ അസംബന്ധവും ജനങ്ങളിൽ തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കുന്നതുമാണ്.

കോടതിവിധിയുടെ മറവിൽ സാമ്പത്തിക സംവരണം അട്ടിമറിക്കപ്പെടുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ല. സാമ്പത്തിക സംവരണത്തെക്കുറിച്ച് ഒരു പരാമർശവും വിധിന്യായത്തിലില്ല. അതേസമയം ജാതിയിൽ അധിഷ്ഠിതമായ സംവരണത്തിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ കോടതിവിധിയിലൂടെ കുരുക്ക് വിണിരിക്കുന്നത് നിലവിലുള്ള ജാതിമത സംവരണത്തിനാണ്.

ഭരണഘടനയുടെ 102-ാം ഭേദഗതിയാണ് വിധിന്യായത്തിൽ കോടതിയുടെ പരിഗണനയിൽ വന്നത്. സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം 103-ാം ഭരണഘടനാഭേദഗതിയുടെ 15(6), 16(6) അനുഛേദത്തിലാണ്. മറാത്ത കേസിൽ സുപ്രീംകോടതി വിധിയിലോ വാദത്തിലോ ഈ ഭേദഗതികൾ പരാമർശിക്കാത്ത അവസ്ഥയിൽ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിന് യാതൊരു പ്രശ്നവുമുണ്ടാകില്ല.

സംവരണേതരവിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണവും പിന്നോക്കവിഭാഗങ്ങൾക്കുള്ള സംവരണവും വ്യത്യസ്ഥ ഭരണഘടനാഭേദഗതിയിലൂടെയായിരിക്കുമ്പോൾ സാമ്പത്തിക സംവരണത്തെ കോടതിവിധി ബാധിക്കുമെന്ന ചിലരുടെ കണ്ടെത്തലുകൾ വിചിത്രവും വസ്തുതകൾ വളച്ചൊടിക്കുന്നതുമാണ്.

സുപ്രീംകോടതി വിധി ജാതി സംവരണവുമായി ബന്ധപ്പെട്ടതായിരിക്കുമ്പോൾ പതിറ്റാണ്ടുകളായി തുടരുന്ന 49.5 ശതമാനം ജാതിസംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും ഇക്കാര്യത്തിൽ ഫെഡറൽ സംവിധാനത്തിലെ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിലും വരും നാളുകളിൽ പൊളിച്ചെഴുത്തുണ്ടാകും. പിന്നോക്ക സമുദായങ്ങളുടെ പട്ടികയും സംവരണവും സ്വന്തം നിലയിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും 2018ൽ നിലവിൽ വന്ന 102-ാം ഭരണഘടനാഭേദഗതിയിലെ 324-ാം അനുഛേദപ്രകാരം ഈ അധികാരം രാഷ്ട്രപതിക്കാണെന്നുമുള്ള വിഷയത്തിൽ ജഡ്ജിമാരുടെ വ്യത്യസ്ത നിലപാടുകൾ ഭാവിയിൽ കൂടുതൽ സംവാദങ്ങൾക്ക് ഇടനൽകുക മാത്രമല്ല കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 40 ശതമാനം ഒബിസി സംവരണത്തിലുള്ള അനർഹരായവർ ഒഴിവാക്കപ്പെടുന്നതിന് ഇടയാകുമെന്നും വിലയിരുത്താം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ 27 ശതമാനം മാത്രമുള്ള ഒബിസി സംവരണം 40 ശതമാനം ജാതിസംവരണമായി കേരളത്തിൽ അട്ടിമറിച്ചിരിക്കുന്നത് തിരുത്തലുകൾക്ക് വിധേയമാകുന്നില്ലെങ്കിൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിരിക്കുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.