- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളമുൾപ്പെടെ ബിജെപി ഇതര ഭരണമുള്ള 8 സംസ്ഥാനങ്ങൾ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചു; സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകാനുള്ള നിയമം മോദി സർക്കാരിന്റെ പരിഗണനയിൽ; എൻഐഎ മോഡലിൽ സിബിഐയേയും മാറ്റാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: സിബിഐ സർവ്വതന്ത്ര സ്വതന്ത്രയാക്കുന്നത് മോദി സർക്കാരിന്റെ പരിഗണനയിൽ. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകാനുള്ള നിയമം ഉടൻ കൊണ്ടു വന്നേക്കും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സജീവ പരിഗണനയിലാണ്. ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അതിശക്തമായ നിയമം വേണമെന്ന അഭിപ്രായക്കാരാണ്.
പല തവണ ഇത്തരമൊരു നിയമനിർമ്മാണത്തിനു ശ്രമിച്ചെങ്കിലും സംസ്ഥാനങ്ങൾ ശക്തമായി എതിർത്തതിനാൽ തുടർനടപടിയുണ്ടായില്ല. എന്നാൽ ഇത്തവണ നിയമവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സിബിഐയുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാരുകൾ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളവും ഈയിടെ സിബിഐയ്ക്കെതിരെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഐയെ കേന്ദ്ര അന്വേഷണ ഏജൻസിയായി മാറ്റാനാണ് നീക്കം. എൻഐഎയെ പോലെ അതിശക്തമായ ഇടപെടുകൾക്ക് ഇതോടെ സിബിഐയ്ക്കും കഴിയും. കരട് ബിൽ തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ സിബിഐക്ക് കൈമാറിയ കേസുകളുടെ കണക്കുകൾ ശേഖരിക്കാൻ തുടങ്ങി.
1946 ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഡിഎസ്പിഇ) നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണു സിബിഐയുടെ പ്രവർത്തനം. സംസ്ഥാനങ്ങളുടെ അനുമതി സംബന്ധിച്ച് ഈ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാപരമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കേരളമുൾപ്പെടെ ബിജെപി ഇതര ഭരണമുള്ള 8 സംസ്ഥാനങ്ങൾ ഇതിനകം പൊതു അനുമതി പിൻവലിച്ചിട്ടുണ്ട്. സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിലയിരുത്തലാണ് പൊതു അനുമതി പിൻവലിക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളിൽ പ്രധാനം.
ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളിൽ കേസ് അന്വേഷിക്കാൻ സർക്കാരുകളുടെ അനുമതി വേണ്ട. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽത്തന്നെ ഏകദേശം 400 കേസുകളുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. സിബിഐക്കായി പ്രത്യേക നിയമമുണ്ടാക്കാൻ 1970 ലും 1989 ലും 1991-92 ലും കേന്ദ്രത്തിനു മുന്നിൽ ശുപാർശയുണ്ടായിരുന്നു. സംസ്ഥാനങ്ങളെ പിണക്കാൻ മടിച്ച് ഈ നീക്കം ഉപേക്ഷിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അഴിമതിയുൾപ്പെടെ തുടച്ചു നീക്കാൻ സിബിഐ അനിവാര്യതയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണമെന്ന ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വ്യവസ്ഥ ഭരണഘടനയുടെ ഫെഡറൽ സ്വഭാവവുമായി ഒത്തുപോകുന്നതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഫെഡറൽ സ്വഭാവമെന്നത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, യുപിയിൽനിന്നുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട വിധിയിൽ വിശദീകരിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ യുപി സർക്കാർ സിബിഐക്ക് പൊതു അനുമതി നൽകിയിരുന്നു. എന്നാൽ, പൊതുജന സേവകർക്കെതിരെയുള്ള കേസുകളിൽ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയായിരുന്നു 1989ലെ നടപടി. കൽക്കരി വിൽപനയുമായി ബന്ധപ്പെട്ട അഴിമതി കേസിലുൾപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതു ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിനുള്ള നീക്കം.
മറുനാടന് മലയാളി ബ്യൂറോ