ന്യൂഡൽഹി: സമ്പന്നന്മാരുടെ ബാങ്ക് തട്ടിപ്പിന്റെ കഥ വീണ്ടും പുറത്ത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11400 കോടി തട്ടിച്ചതിന് പിന്നാലെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിൽ നിന്നാണ് പുതിയ തട്ടിപ്പിന്റെ വാർത്തകൾ പുറത്ത് വരുന്നത്. 39.95 കോടിയുടെ തട്ടിപ്പാണ് ഓറിയന്റൽ ബാങ്കിൽ നടന്നത്.

ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റർനാഷണൽ എന്ന ജൂവലറിയുടെ പേരിലാണ് തട്ടിപ്പു നടത്തിയത്. സംഭവത്തിൽ സിബിഐ കേസെടുത്തു. ആഭരണ നിർമ്മാണവും സ്വർണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക ദാസ് സേത് ഇന്റർനാഷണൽ.

ജൂവലറി ഡയറക്ടർമാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാർ സിങ്, രവി സിങ് എന്നിവർക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓറിയന്റൽ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ അശോക് കുമാർ മിശ്ര നൽകിയ പരാതിയിലാണ് ജൂവലറിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. ആറുമാസം മുമ്പാണ് ബാങ്ക് ജൂവലറിക്കെതിരെ പരാതി നൽകിയത്.

2007-12 കാലഘട്ടത്തിലാണ് ഇവരുടെ കമ്പനി ബാങ്കിൽ നിന്ന് 389.95 കോടി രൂപ വായ്പയെടുത്തത്. ആഭരണ ഇടപാടുകൾ നടത്തുന്നിതിനായി ഇവരുടെ കമ്പനി ബാങ്കിന്റെ കത്തുകളും വ്യാജ ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചെന്ന് പരാതിയിൽ പറയുന്നു.