കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊലപ്പെട്ട കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ സിബിഐയുടെ പുനരന്വേഷണം. ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ മാധ്യമപ്രവർത്തകനായ മനോഹരന്റെ മൊഴിയെടുത്തു. ലീഗ് പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പി. ജയരാജനും ടിവി രാജേഷും ഷുക്കൂറിനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികളോട് എന്തെങ്കിലും പറയുന്നത് കേട്ടിരുന്നോ എന്നായിരുന്നു സിബിഐ സംഘം മനോഹരനോട് ചോദിച്ചത്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്റെ കാർ ആക്രമിച്ചതിന് പിന്നാലെ ആയിരുന്നു എംഎസ്എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊലപ്പെടുന്നത്. ഷുക്കൂറിനെ അക്രമിക്കുന്ന വിവരം അറിയാമായിരുന്നെന്നും , അക്രമം തടയാൻ ഇവർ ശ്രമിച്ചില്ലെന്നുമാണ് പി. ജയരാജനും ടിവി രാജേഷിനും എതിരായ കേസ്.

2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. അരിയിൽ പ്രദേശത്ത് സന്ദർശനം നടത്തിയ സി.പി.എം നേതാക്കളുടെ കാർ ലീഗ് പ്രവർത്തകർ തടഞ്ഞതിന് പ്രതികാരം എന്ന നിലയിലാണ് ഉച്ചയോടെ കീഴറയിൽ വീട് വളഞ്ഞ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സിപിഐഎം പാർട്ടി കോടതി വിചാരണ ചെയ്തുകൊല നടപ്പിലാക്കുകയായിരുന്നുവെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചാവിഷയമായത്. തുടർന്ന് 2012 ഓഗസ്റ്റ് ഒന്നിന് ജയരാജനെ അറസ്റ്റ് ചെയ്തു. 28 ദിവസം ജയരാജയൻ ജയിലിൽ കഴിഞ്ഞു. എന്നാൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയും ചേർന്ന് ആശുപത്രിയിൽ വെച്ച് ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് മൊഴി കൊടുത്ത സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിർ എന്നിവർ പിന്നീട് മൊഴിമാറ്റി . ആ ദിവസം ആശുപത്രിയിൽ പോയിട്ടേയില്ലെന്ന് ഇവർ പിന്നീട് മുൻസിഫ് കോടതിയിൽ മൊഴി കൊടുത്തത് ഏറെ വിവാദമായിരുന്നു.

കണ്ണപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്തിമ റിപ്പോർട്ട് വിചാരണക്കോടതിയിൽ നൽകിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നും പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ പി.സി. ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2016 ഫെബ്രുവരി എട്ടിനാണ് സിംഗിൾബെഞ്ച് കേസിന്റെ തുടരന്വേഷണം സിബിഐയ്ക്കു വിട്ടത്. എന്നാൽ ഷുക്കൂറിന്റെ അമ്മയുടെ ദുഃഖം വിലയിരുത്തി സിംഗിൾ ബെഞ്ച് ഹർജിയെ വൈകാരികമായി സമീപിച്ചെന്നും അധികാര പരിധി കടന്നുള്ള ഉത്തരവാണ് നൽകിയതെന്നും ആരോപിച്ച് ജയരാജനും രാജേഷു മടക്കമുള്ളവർ അപ്പീൽ നൽകി.

വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്ത കേസ് സിബിഐ.ക്ക് നൽകുന്നത് നിയമാനുസൃതമല്ലെന്നായിരുന്നു ജയരാജനും രാജേഷും ഉൾപ്പെടുന്നവരുടെ വാദം. സിംഗിൾ ബെഞ്ച് ഹർജിയെ വൈകാരികമായി സമീപിച്ചെന്ന ഇവരുടെ വാദം ഡിവിഷൻ ബെഞ്ച് തള്ളി. മകനെ നഷ്ടപ്പെട്ട അമ്മയുടെ മനോവ്യഥയും കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നു. ഒരു സംഭവത്തിൽ പ്രതിയാവുന്ന വ്യക്തി മറ്റൊരു സംഭവത്തിൽ ഇരയാകുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ പീഡനങ്ങൾ തിരിച്ചറിയപ്പെടാതെ പോകരുതെന്ന നീതി പീഠത്തിന്റെ ആശങ്കയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ. ഇത്തരം പരാമർശങ്ങൾ സിബിഐ അന്വേഷണത്തെ ബാധിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജയരാജനും രാജേഷും നൽകിയ ഹർജി തള്ളിയ കോടതി സിബിഐ കേസന്വേഷിക്കുന്നതിൽ തെറ്റില്ലെന്നു കൂടി അഭിപ്രായപ്പെട്ടു. തുടർന്ന് ഹൈക്കോടതി സർക്കാരിനോട് കേസിൽ നിലപാട് ആരാഞ്ഞപ്പോൾ കേസ് സിബിഐക്ക് വിട്ടതായി അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.പി.എം നേതാക്കളുടെ ഹർജി തള്ളുകയും ഷുക്കൂറിന്റെ അമ്മയുടെ വാദം അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡിവിഷൻ ബഞ്ചിനെ പ്രതികൾ സമീപിച്ചിരുന്നെങ്കിലും സിബിഐയ്ക്ക് അന്വേഷണം തുടരാമെന്ന ഉത്തരവാണുണ്ടായത്.

കേസന്വേഷണം ഏറ്റെടുത്ത സിബിഐ. സംഘം ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഉൾപ്പെടെയുള്ള സാക്ഷികളിൽനിന്നും മൊഴിയെടുത്തു കഴിഞ്ഞിട്ടുണ്ട്.. നിയമക്കുരുക്കിൽപ്പെട്ട കേസിൽ ഏറെ നാളുകൾക്ക് ശേഷമാണ് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം സജീവമാക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരേ സിപിഐ എം നേതാക്കൾ ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടും ഇതിൽ നിർണ്ണായകമാണ്. സിബിഐ. അന്വേഷണത്തെ സ്വാഭാവികമായും സർക്കാർ എതിർക്കാനും സാധ്യതകളുണ്ട്. അന്തരിച്ച അഡ്വ. എം കെ ദാമോദരനായിരുന്നു പ്രതികൾക്കായി അപ്പീൽ ഹർജിയിൽ ഹാജരായിരുന്നത്. അതേസമയം സിബിഐ. ഷുക്കൂർ വധക്കേസിലെ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയരാജനും ടി വി രാജേഷിനും സി ബി ഐ നോട്ടീസയ്ക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.അങ്ങിനെയെങ്കിൽ ഇത് വീണ്ടും രാഷ്ട്രീയമായും നിയമപരമായും മറ്റൊരു വിവാദങ്ങളിലേയ്ക്കാണ് ചെന്നെത്തുക