കൊച്ചി: ഷുഹൈബ് വധക്കേസിൽ സിപിഎമ്മിലെ ഉന്നത നേതാക്കൾക്ക് യാതൊരു പങ്കുമില്ലെങ്കിൽ പിന്നെ സിബിഐ അന്വേഷണത്തെ എതിർക്കേണ്ട കാര്യമെന്താണ്? കേരളത്തിലെ സാധാരണക്കാരായ ആരും ചോദിക്കുന്ന ചോദ്യം ഇതാകും. കേരള ഹൈക്കോടതിയും കേസ് പരിഗണിച്ചപ്പോൾ ഈ ചോദ്യം ഉയർത്തുകയുണ്ടായി. കെ സുധാകരന്റെ ഉറ്റ അനുയായി ആയിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വേണ്ടി സിപിഎം നേതാക്കൾ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന തുടക്കം മുതൽ വ്യക്തമായിരുന്നു. സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞ് നേതാക്കൾ അതേസമയം പ്രതികളെ സംരക്ഷിക്കാൻ വേണ്ടി രംഗത്തെത്തി. ആകാശ് തില്ലങ്കേരിയിലെയും മറ്റ് പ്രതികളെയും സിപിഎം തന്നെ ഏർപ്പാടാക്കി കൊടുക്കു എന്നായിരുന്നു ആരോപണം. കോൺഗ്രസ് ഈ ആരോപണം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

പൊലീസ് പ്രതികളെ പിടിച്ചെങ്കിലും ഇവരാണോ യഥാർത്ഥ പ്രതികൾ എന്ന കാര്യത്തിലെ ആശങ്ക ഷുഹൈബിന്റെ കുടുംബവും കോൺഗ്രസ് നേതാക്കളും പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഷുഹൈബിന്റെ പിതാവാണ് ഹർജി കൊടുത്തതെങ്കിലും എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് കെ സുധാകരനും കൂട്ടരുമായിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിലേക്ക് കടക്കുമ്പോൽ ആദ്യം പ്രതിരോധക്കിലാകുക കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ്.

പി ജയരാജന്റെ അടുത്ത അനുയായികളാണ് കൊലയാളികൾ എന്നതാണ് സിപിഎമ്മിനെ കുരുക്കുക. പി ജയരാജന് പുറമേ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള കൊലയാളികളുടെ സെൽഫികളും പുറത്തുവന്നിരുന്നു. ഈ കാര്യം അടക്കം ഹൈക്കോടതി കേസ് പരിഗണിക്കുന്ന വേളയിൽ ചോദ്യം ഉയർന്നിരുന്നു. ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോയെന്നും കോടതി ചോദിച്ചിരുന്നു. എന്തുകൊണ്ട് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയില്ലെന്നും ഹൈക്കോടതി ചോദിച്ച ശേഷമാണ് അന്വേഷണം സംഘം ആയുധങ്ങളും കൂടുതൽ പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്.

മുഖ്യമന്ത്രിക്കും പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഷുഹൈബിന്റെ കുടുംബം ഹരജിയിൽ ആരോപിക്കുകയുമുണ്ടായി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കേണ്ട ഘട്ടം പോലും സിബിഐ അന്വേഷണത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണ് ഷുഹൈബിൻേറതെന്ന് ഹരജിക്കാർ വാദിച്ചു. ജയരാജനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമാധാന യോഗത്തിൽ മന്ത്രി എ.കെ ബാലൻ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ചതാണ്. സിപിഎം സംസ്ഥാന സമ്മേളനവേദിയിൽ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. സിബിഐ അന്വേഷണം വന്നാൽ പാർട്ടിക്ക് ദോഷമെന്നു വിശ്വസിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം സിബിഐ അന്വേഷണത്തിലേക്ക് വഴിവെട്ടുന്ന കാര്യങ്ങളായി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐ.(എം). ന് ഇത്രയേറെ പ്രതിരോധമുണ്ടാക്കിയ മറ്റൊരു കൊലപാതകമുണ്ടായിട്ടില്ല. 51 വെട്ടിന് പകരം 37 വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ കൊല അത്രയേറെ ചർച്ച ചെയ്യപ്പെട്ടു. സിപിഐ.(എം). നെതിരെ ശക്തമായി പ്രതിരോധം നടത്തുന്ന പാർട്ടി ബിജെപി എന്നതിനു പകരം കോൺഗ്രസ്സ് എന്നായി മാറി.

യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സിബിഐ. അന്വേഷിക്കണെമെന്നുമാണ് കോൺഗ്രസ്സ് നേതൃത്വം ആദ്യം ആവശ്യപ്പെട്ടത്. ടി.വി. ആകാശിനേയും റിജിൻ രാജിനേയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അവർ ഡമ്മി പ്രതികളാണെന്ന് ആരോപിക്കപ്പെട്ടു. പൊലീസിനെ വിശ്വാസത്തിലെടുക്കാതെ സമരം മുന്നോട്ട് നീങ്ങി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി യഥാർത്ഥ പ്രതികളെ പിടികൂടുമെന്ന് ആവർത്തിച്ചു പറഞ്ഞു. പൊലീസിൽ നിന്നും വിവരങ്ങൾ സിപിഐ.(എം). ന് ചോരുന്നുണ്ടോയെന്ന ആക്ഷേപമായിരുന്നു പിന്നീട്. അതോടെ നിഷ്പക്ഷ നിലപാടെടുക്കാൻ അവർ നിർബന്ധിതരായി. ഷുഹൈബ് കൊലക്കേസിലെ ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതോടെ നേതൃത്വം അത് അംഗീകരിച്ചു. എന്നാൽ പിന്നീട് സിബിഐ.അന്വേഷണം ഉയർത്തിക്കാട്ടിയായിരുന്നു സമരം തുടർന്നത്. അതിനിടെ ഏതന്വേഷണവും നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഉറപ്പു നൽകിയിരുന്നു.

ഈ ഡിമാന്റ് ഉയർത്തിക്കാട്ടി സമരം ശക്തമാക്കി. ഇന്നലെ നിയമസഭയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഗൂഢാലോചനക്കുള്ള വകുപ്പുകൾ കൂടി ചേർക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ സമര പന്തലിൽ മുഖ്യമന്ത്രിക്കും സിപിഐ.(എം) നും എതിരെ പ്രതികരണങ്ങളുണ്ടായി. ഷുഹൈബ് വധത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നു. സിപിഐ.(എം) ന്റെ വ്യക്തമായ ആസൂത്രണത്തിലാണ് കൊലപാതകം നടത്തിയതെന്നും കോൺഗ്രസ്സ് ആരോപിച്ചു.

ഇതിനിടെയാണ് മുഖ്യമന്ത്രി മുൻ നിലപാടിൽ നിന്നും പിറകോട്ട് പോയി സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. ഇക്കാര്യം നിയമസഭയിലും പിണറായി ആവർത്തിച്ചു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമെന്നു രേഖകൾ പുറത്തുവന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ എഴുതിത്ത്ത്ത്തന്നാൽ സിബിഐ ഉൾപ്പെടെ ഏത് ഏജൻസിയെയും അന്വേഷണം ഏൽപ്പിക്കാൻ തയാറാണെന്നു ഫെബ്രുവരി 21 നു കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷിയോഗത്തിനു ശേഷം എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സിബിഐ എന്ന വാക്ക് ഇല്ലെങ്കിലും 'ഏതു തരത്തിലുള്ള അന്വേഷണവും' നടത്താമെന്നു മന്ത്രി പറഞ്ഞതായി യോഗത്തിന്റെ ഔദ്യോഗിക മിനുട്‌സിലും ഉണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കൾ അന്നുതന്നെ മുഖ്യമന്ത്രിക്കു കത്തെഴുതി അത് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയെ ഏൽപ്പിച്ചിരുന്നു. ചെന്നിത്തല കവറിങ് ലെറ്റർ സഹിതം പിറ്റേന്നു മുഖ്യമന്ത്രിക്ക് അയച്ചു. മന്ത്രി ബാലന്റെ പ്രസ്താവന സംബന്ധിച്ചു മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു രേഖകൾ വ്യക്തമാക്കുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിക്കുകയുണ്ടായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് പുറമേ ബിജെപിക്ക് കൂടി ആയുധം നൽകുന്നതാണ് ഷുഹൈബ് വധക്കേസ്. കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമം നടത്തുന്ന ബിജെപിക്ക് സിബിഐയെ ഉപയോഗിച്ച് ഈ കേസ് അന്വേഷണത്തിലെ ഗൂഢാലോചന ഉന്നതരിലേക്കും എത്തിക്കാൻ സാധിച്ചേക്കും. അത് എന്തുതന്നെയായിരുന്നാലും എല്ലാ അർത്ഥത്തിലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ തിരിച്ചടി നൽകുന്നതാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണം.