- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും വലിയ കച്ചിത്തുരുമ്പ്; സോളാർ പീഡനം സിബിഐക്ക് വിടുമ്പോൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; പിണറായി ലാവലിനിൽ ചെയ്തതു പോലെ കോടതിയിൽ പോവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതിൽ ആവേശം പൂണ്ട് അണികൾ
തിരുവനന്തപുരം: കേന്ദ്രസർക്കാറുമായി കേരള സർക്കാർ ചങ്ങാത്തതിന് ശ്രമിക്കുന്നതിന് ഏറ്റവും വലിയ തെളിവാണിത്- ഇന്നലെ സോളാർ കേസ് സിബിഐക്ക് വിട്ട തീരുമാനത്തിനെതിരെ ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുകളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ യുഡിഎഫ് തന്ത്രം മുഴുവൻ ഉണ്ട്. ഉമ്മൻ ചാണ്ടി യുഡിഎഫ് അമരത്തേക്ക് തെരഞ്ഞെടുപ്പിനെ നയിക്കാൻ എത്തുമ്പോൾ അദ്ദേഹത്തെ പിന്തുണക്കാതെ മാറി നിന്ന നേതാക്കളും അണികളും പോലും ഇനി അദ്ദേഹത്തെ പിന്തുണയ്ക്കും. രാഷ്ട്രീയ വേട്ടയാടലും പിണറായിയുടെ വൈര്യനിര്യാതന ബുദ്ധിയും ആവർത്തിച്ചു പറയും. മോദിയും മല്ലുമോദിയെയും കുറിച്ചു ആവേശത്തെ സംസാരിക്കും. പ്രചരണ രംഗത്ത് കരുത്തോടെ യുഡിഎഫ് നീങ്ങും. ഫലത്തിൽ ഈ കേസ് വീണ്ടും ഉയർത്തിക്കൊണ്ടു വന്നതു കൊണ്ട് തന്നെ യുഡിഎഫിന് ഐക്യപ്പെടാനും പിണറായിക്കെത്തിരെ ശക്തമായി നീങ്ങാനുമുള്ള പ്രചോദനാണ് ലഭിച്ചിരിക്കുന്നത്.
സോളറുമായി ബന്ധപ്പെട്ട കേസിൽ ഏതന്വേഷണവും നേരിടാൻ തയാറാണെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ലാവലിൻ കേസിൽ പിണറായി കോടതിയിൽ പോയതു പോലെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ കേസിലെ സർക്കാറിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടാൻ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. കേസ്തന്നെ കെട്ടിച്ചമച്ചതാണ്. 5 വർഷം ഭരിച്ചിട്ടും ഇടതു സർക്കാരിന് ആരോപണങ്ങൾ തെളിയിക്കാനായില്ല. ഈ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും. സർക്കാർ ജനാധിപത്യമൂല്യങ്ങൾ അട്ടിമറിക്കുകയാണ്. സർക്കാരിന്റെ അടവ് ജനം തിരിച്ചറിയുമെന്നും ഉമ്മൻ ചാണ്ടി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
'ഏതന്വേഷണത്തിനും ഞങ്ങൾ തയാറാണ്. ഇടതുപക്ഷം 5 വർഷം പ്രതിപക്ഷത്തിരുന്ന സമയത്ത് 3 വർഷവും സോളർ സമരമായിരുന്നു. എന്തെല്ലാം കഥകൾ പറഞ്ഞു. അധികാരത്തിലേറി 5 വർഷമായി. അന്നു പറഞ്ഞ ഏതെങ്കിലും കഥ തെളിയിക്കാൻ സാധിച്ചോ 5 വർഷമായിട്ടും നിയമപരമായ നടപടി സ്വീകരിക്കാത്ത സർക്കാർ ജാള്യം മറയ്ക്കാനാണ് കേന്ദ്രം ഭരിക്കുന്നവരുമായി ഇപ്പോൾ ചങ്ങാത്തതിനു ശ്രമിക്കുന്നത്.
കോൺഗ്രസ് അന്വേഷണത്തിന് എതിരല്ല. വേങ്ങര തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരക്കിട്ട് മന്ത്രിസഭ ചേർന്ന് കമ്മിഷന്ന്‌റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നു പറഞ്ഞു. ഒന്നുമുണ്ടായില്ല. കമ്മിഷന്റെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹർജി അംഗീകരിക്കുകയും ഞങ്ങളുടെ വാദം ശരിയാണെന്നു കോടതി സമ്മതിക്കുകയും ചെയ്തു. ആ വിധി ശരിയല്ലെങ്കിൽ എന്തുകൊണ്ട് സർക്കാർ അപ്പീലിനു പോയില്ല
പരാതിക്കാരിയുടെ മൊഴി പ്രകാരം 2018ൽ കേസെടുത്തു. അതിനെതിരെയും ഞങ്ങൾ കോടതിയെ സമീപിച്ചില്ല. ചെയ്യാത്ത കുറ്റത്തിന് എന്തിനു കോടതിയെ സമീപിക്കണം രണ്ടു വർഷം ആരും ഒന്നും ചെയ്തില്ല. ജാമ്യമില്ലാ വ്യവസ്ഥ പ്രകാരം കേസെടുത്ത സർക്കാരിന് ഞങ്ങളെ എന്തും ചെയ്യാമായിരുന്നു. അതു ചെയ്യാതെ ഇപ്പോൾ കേസ് സിബിഐക്കു വിട്ടിരിക്കുകയാണ്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരും. ഒളിച്ചുകളി സർക്കാർ നിർത്തണം. നിയമനടപടിക്ക് എതിരല്ല, പക്ഷേ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നോർക്കണം.
ജോലിയില്ലാത്ത ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയവർക്കെതിരെ നടപടിയെടുക്കുന്നില്ല. സർക്കാർ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും. 5 വർഷമായിട്ടും ഒന്നും ചെയ്യാതിരുന്നവർ അധികാരം ഒഴിയുന്ന സമയത്ത് ഇതു ചെയ്യുന്നത് എന്തിനാണെന്ന് ജനങ്ങൾക്കു മനസ്സിലാകും. അവരുടെ കണ്ണിൽ പൊടിയിടാനാകില്ല. സർക്കാരിന്റെ അടവുകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യം അന്വേഷണ കമ്മിഷനെ ഉപയോഗിച്ചു, അത് സുപ്രീംകോടതി തടഞ്ഞു. പിന്നീട് പരാതിക്കാരിയുടെ മൊഴിയുമായി മുന്നോട്ടു പോയി. 3 ഡിജിപിമാർ കേസ് മാറിമാറി അന്വേഷിച്ചു. ഇപ്പോൾ വന്ന കേസെല്ലാം പഴയതാണ്, അടവ് പുതിയതാണെന്നു മാത്രം-ഉമ്മൻ ചാണ്ടി പറഞ്ഞു.
കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് കടുത്ത വിമർശനം ഉയർത്തുന്നതിനിടെയാണ് സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ടത്. കേസുകൾ ഏറ്റെടുക്കുന്നതിന് സിബിഐക്ക് നൽകിയ അനുമതി സംസ്ഥാനം പിൻവലിച്ചിരുന്നു. ഇതിനിടെയാണ് സർക്കാർ വീണ്ടും ചങ്ങാത്തം കൂടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. പെരിയ ഇരട്ടക്കൊലപാതക കേസ്, ഷുഹൈബ് വധം എന്നിവ സിബിഐ അന്വേഷിക്കുന്നതിനെതിരെയും നിലപാടെടുത്തു.
ഇതേ സിബിഐ അന്വേഷിക്കണമെന്നാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാക്കൾ സർക്കാറിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച് രംഗത്തുവന്നു. കേസ് സിബിഐക്ക് ലഭിക്കുന്നത് സംസ്ഥാന സർക്കാർ ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ശിപാർശ ചെയ്‌തോ കോടതി വിധി വഴിയോ ആണ്.
അഴിമതിക്കേസുകൾ അന്വേഷിക്കാൻ സർക്കാറുകൾ പൊതുസമ്മതം നേരത്തെ നൽകിയിരുന്നു. ആന്ധ്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ അടക്കം പല സംസ്ഥാനങ്ങളും ഇത് പിൻവലിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. പിന്നാലേ കേന്ദ്രത്തിന് നൽകിയ അനുമതി പിൻവലിക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികൾക്കെതിരെ അതിശക്തമായ വിമർശനമാണ് സിപിഎമ്മും സർക്കാറും നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ