തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെ ഉപയോഗിച്ച് കേരളത്തിൽ സിപിഎമ്മിനെ ഒതുക്കി ബിജെപിക്ക് വേരുപിടിപ്പിക്കാൻ അമിത് ഷാ ഇട്ട പദ്ധതികളെ കുറിച്ച് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ കൊലപാതക കേസുകളിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ട് പൊതുസമൂഹത്തിന് മുന്നിൽ സിപിഎമ്മിന് കൊലയാളി പാർട്ടിയെന്ന ഇമേജ് നൽകുക എന്നതാണ് അമിത്ഷായുടെ ബുദ്ധിയിൽ വിരിഞ്ഞ കാര്യം. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് കൂടുതൽ അണികൾക്ക് ഒഴുകുന്നതിനും അതുവഴി പാർട്ടിക്ക് കൂടുതൽ ശക്തമാകാമെന്നുമാണ് വിലയിരുത്തൽ.

ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയാരാജനെ പ്രതിചേർക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ ടി പി ചന്ദ്രശേഖരൻ - ജയകൃഷ്ണൻ മാസ്റ്റർ വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സിബിഐയെ കൊണ്ട് അന്വേഷിക്കാനുള്ള നീക്കമാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്. അടുത്തകാലത്തായി സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിബിഐ അന്വേഷണ സാധ്യതകൾ തേടിയുള്ള യുഡിഎഫ് സർക്കാറിന്റെ നീക്കത്തിന്റെ ലക്ഷ്യം തന്നെ ബിജെപിക്ക് അവസരം ഒരുക്കുമെന്നത് ഉറപ്പാണ്.

കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ കേന്ദ്ര സർക്കാരിനു കത്തെഴുതി. കേസിലെ യഥാർഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരുന്നതിനുവേണ്ടിയാണ് അഡീ. ചീഫ് സെക്രട്ടറി കേന്ദ്ര സഹായം തേടിയത്. ഈ കേസിന് പുറമേ ജയകൃഷ്ണൻ വധക്കേസിലും സിബിഐ അന്വേഷണ ആവശ്യം ഉയർന്നിട്ടുണ്ട്. ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് യഥാർത്ഥ പ്രതികൾ തന്നെയാണെങ്കിൽ ജയകൃഷ്ണൻ വധക്കേസിൽ ശിക്ഷ അനുഭവിച്ചവർ പാർട്ടി നൽകിയ പ്രതികളാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് കേസുകളും സിപിഎമ്മിന് പ്രത്യേകിച്ച കണ്ണൂരിലെ പാർട്ടിക്ക് തലവേദന ആകുന്നത്.

ഫലത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് നളിനി നെറ്റോ എഴുതിയ കത്ത് മൂലം സിബിഐ അന്വേഷണം ആവശ്യം ബിജെപിക്ക് ശക്തമായി ഉന്നയിക്കാൻ അവസരമാണ് ഒരുങ്ങുന്നത്. സംസ്ഥാന ഏജൻസിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന വാദം ഇതോടെ ബിജെപി ഉയർത്തുമെന്ന് ഉറപ്പായിട്ടണ്ട്. ടി.പി. വധക്കേസിൽ പ്രതികളായി ജയിലിൽ കഴിയുന്നവരുടെയും ഉന്നത സിപിഐ(എം). നേതാക്കളുടെയും മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കണമെന്നു നളിനി നെറ്റോ ടെലികോം മന്ത്രാലയത്തിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടി.പി. വധത്തിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി: എൻ. ശങ്കർറെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എന്നാൽ, അന്വേഷണം മരവിച്ചസ്ഥിതിയിലാണ്.

ഒരുവർഷത്തിനു മുമ്പുള്ള ഫോൺവിളികളുടെ വിശദാംശങ്ങൾ ലഭ്യമാകാത്തതാണു പ്രധാന തടസം. ഒരുവർഷത്തിനു മുമ്പുള്ള വിവരങ്ങൾ ലഭിക്കണമെങ്കിൽ മൊബൈൽ സേവനദാതാക്കളുടെ കേന്ദ്ര സെർവറുകൾ പരിശോധിക്കണം. ഒരുവർഷം വരെയുള്ള കോളുകളുടെ വിവരങ്ങൾ മാത്രമേ സൂക്ഷിക്കാറുള്ളൂവെന്നും ഡൽഹിയിലെ കേന്ദ്ര ഓഫീസിനെ സമീപിച്ചാൽ എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കേരളത്തിലെ മൊബൈൽ സേവനദാതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അഡീ. ചീഫ് സെക്രട്ടറി ടെലികോം മന്ത്രാലയത്തിനു കത്തെഴുതിയത്.

അതേസമയം, ജയകൃഷ്ണൻ വധക്കേസിലും ടി.പി. കേസിലും സിബിഐ. അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. ടി.പി. വധത്തിലെ ഗൂഢാലോചനയും ജയകൃഷ്ണൻ കേസിന്റെ പുനരന്വേഷണവുമാണ് സിബിഐ. ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികൾ പൂർത്തിയായി. ജയകൃഷ്ണൻ വധക്കേസിലെ യഥാർഥപ്രതികൾ തങ്ങളല്ലെന്ന് ഇപ്പോഴത്തെ പ്രതികൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണു കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ടു കേസുകളിലും സിബിഐ. രഹസ്യാന്വേഷണം നടത്തി വരികയാണ്. ടി.പി. കേസ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാർ രണ്ടുവട്ടം കേന്ദ്രത്തിനു കത്തയച്ചെങ്കിലും സിബിഐ. അനുകൂല നിലപാട് എടുത്തില്ല.

അതിനിടെ, കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇരിക്കയാണ്. കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) നേതാവ് പി ജയരാജനെ പ്രതി ചേർക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അടിത്തറ ഇളകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റുരണ്ടും നേതാക്കളെക്കൂടി അറസ്റ്റ് ചെയ്യാനും സിപിഐ(എം) കൊലപാതകികളുടെയും ഗുണ്ടകളുടെയും പാർട്ടിയാക്കി ചിത്രീകരിക്കാനുമാണ് നീക്കം. ടിപി ചന്ദ്രശേഖരൻ വധക്കേസ് കൂടി സിബിഐയെ ഏൽപ്പിക്കാൻ അമിത് ഷാ ആലോചന സജീവമാക്കിയിട്ടുണ്ട്. ടിപി വധക്കേസിന്റെ പേരിൽ രണ്ട് നേതാക്കളെ കൂടി പിടിക്കാം എന്നാണ് കണക്ക്.

ഒരു സമയത്ത് സിപിഎമ്മിനെ ലക്ഷ്യമാക്കുമ്പോൾ തന്നെ മറുവശത്ത് കോൺഗ്രസിനെതിരെയുള്ള നീക്കവും സജീവമാണ്. ബാർ കോഴ അടക്കമുള്ള ചില അഴിമതി കേസുകൾ ഏറ്റെടുക്കാൻ സിബിഐ ആലോചിക്കുന്നു എന്നാണ് സൂചന. ദേശീയ ഗെയിംസ് അഴിമതിയുടെ കേന്ദ്രഫണ്ട് വിനിയോഗം മാത്രമാണ് സിബിഐ ഇതുവരെ അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. സംസ്ഥാന ഫണ്ട് വിനിയോഗത്തിൽ വൻ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ദേസീയ ഗെയിംസ് അഴിമതി കൂടി ഏറ്റെടുത്താലോ എന്ന ആലോചന സജീവമാണ്. സിപിഎമ്മിനെ കൊലയാളികളുടെ പ്രതിയാക്കിയും കോൺഗ്രസിനെ അഴിമതിക്കാരുടെ പ്രതിയാക്കിയും ചിത്രീകരിച്ചാൽ ബദലായി ബിജെപി ഉയർത്തിക്കാട്ടാം എന്നാണ് ചിന്ത.