കൊച്ചി: രാജ്യത്തെ കാക്കാൻ വേണ്ടി കോടാനുകോടികൾ ചെലവാക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു വശത്ത് ചൈനയും മറുവശത്ത് പാക്കിസ്ഥാനുമായി ഇന്ത്യയുടെ രണ്ട് വശത്തുമായി ശത്രുക്കൾ നിലയുറപ്പിച്ചിരിക്കയാണ്. ആയുധങ്ങൾ വാങ്ങാനും മറ്റ് ആവശ്യൾക്കുമായി മുടക്കുന്ന കോടാനുകോടികൾ ഇടനിലക്കാർ അടിച്ചുമാറ്റുന്നു എന്ന വാർത്തകൾ കാലങ്ങളായി കേൾക്കുന്നതാണ്. എന്നാൽ, ഇത്തരത്തിൽ സൈനിക ആവശ്യത്തിനായി മുടക്കുന്ന പണം കേരളത്തിലേക്കും കടത്തി അഗ്രഗണ്യനായ എംകെആർ പിള്ളയുടെ കഥ ശരിക്കും മലയാളികളെ ഞെട്ടിച്ചിരുന്നു. ശ്രീവത്സം പിള്ള കോടീശ്വരനായതും കോടികൾ മുടക്കി ബിസിനസ് തുടങ്ങിയതും സൈന്യത്തിന്റെ പണം ഉപയോഗിച്ചാണെന്നാണ് അറിയുന്നത്. ഇത് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു.

നാഗാലാൻഡിന്റെ വികസനത്തിനു കേന്ദ്ര സർക്കാർ നൽകിയ 1000 കോടി രൂപ പന്തളം സ്വദേശി എംകെആർ പിള്ളയുടെ ശ്രീവൽസം ഗ്രൂപ്പ് തട്ടിയെടുത്തതായി ആദായനികുതി വകുപ്പു നടത്തിയ പരിശോധനയിൽ കണ്ടെത്തി. നാഗാലാൻഡിലെ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായ അഴിമതി അന്വേഷിക്കാൻ സിബിഐക്കു ശുപാർശ ചെയ്തു.

കേസിൽ അവിടത്തെ മന്ത്രിമാർ ഉൾപ്പെടെ പ്രതികളാവാൻ സാധ്യതയുണ്ട്. കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥർ നാഗാലാൻഡിൽ നടത്തിയ പരിശോധനയിലാണ് 1000 കോടിയുടെ അഴിമതി പുറത്തുവന്നത്. അതിർത്തി സംസ്ഥാനമായ നാഗാലാൻഡിലെ സുരക്ഷ സംബന്ധിച്ച വികസന പ്രവർത്തനങ്ങൾക്കു ലഭിച്ച തുകയാണു പദ്ധതി നടപ്പാക്കാതെ വ്യാജ റിപ്പോർട്ടുകളുണ്ടാക്കി പലപ്പോഴായി ശ്രീവൽസത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത്.

ഈ തുക വിനിയോഗിച്ചു എംകെആർ പിള്ളയും കുടുംബാംഗങ്ങളും കേരളത്തിൽ റിയൽ എസ്റ്റേറ്റ്, ജൂവലറി, വസ്ത്രവ്യാപാരം എന്നിവയാണു നടത്തുന്നത്. നാഗാലാൻഡ് പൊലീസിലെ റിട്ട.ഡപ്യൂട്ടി സൂപ്രണ്ടായ എംകെആർ പിള്ളയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വിവിധ അക്കൗണ്ടുകളിൽ നിന്നു 300 കോടി രൂപ എത്തിയതിന്റെ രേഖകൾ ആദായ നികുതി വകുപ്പു ശേഖരിച്ചു. സർവീസിൽനിന്നു വിരമിച്ച ശേഷവും ഇയാളെ പൊലീസ് ആസ്ഥാനത്തു താൽക്കാലിക ജോലിയിൽ നിയമിച്ചിരുന്നു.

പൊലീസ് വാഹനങ്ങളുടെ ചുമതലയാണു നൽകിയത്. നാഗാലാൻഡ് പൊലീസിന്റെ വാഹനങ്ങൾ ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ വന്നുപോയതായും അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്രഫണ്ടു തിരിമറിയിൽ പങ്കാളികളായ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും പരിശോധനകളോടു പൂർണമായി സഹകരിക്കാത്ത സാഹചര്യത്തിലാണു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആദായനികുതി വിഭാഗം ആവശ്യപ്പെട്ടത്.

ശ്രീവൽസം ഗ്രൂപ്പിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ സമ്പത്തിക ഇടപാടുകൾ മാത്രമാണ് ആദായനികുതി വിഭാഗം പരിശോധിച്ചത്. അഴിമതിയുടെ യഥാർഥ വലുപ്പം 1000 കോടി രൂപയിലും അധികമാണെന്നാണു സൂചന. നാഗാലാൻഡിലെ 150 ബാങ്ക് അക്കൗണ്ടുകളിൽനിന്നു ശ്രീവൽസം ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കു പണം മാറ്റിയിട്ടുണ്ട്.

കൊഹിമ, ദിമാപൂർ എന്നിവിടങ്ങളിലെ മൂന്നു ബാങ്കുകളും എംകെആർ പിള്ളയുടെയും സാഹായികളുടെയും വീടുകളും ആദായനികുതി ഉദ്യോഗസ്ഥർ പരിശോധിച്ചു. സമീപകാലത്തു നാഗാലാൻഡിൽ നടന്ന ഏറ്റവും വലിയ സാമ്പത്തിക കുംഭകോണമാണിത്. മേൽത്തട്ടു മുതൽ കീഴ്‌ത്തട്ടുവരെയുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ട്. നാഗാലാൻഡിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം കേസിലെ പ്രധാനപ്പെട്ട പല രേഖകളും പരിശോധിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല.

നാഗാ തീവ്രവാദികൾ മുതൽ ഉന്നത രാഷ്ട്രീയ നേതാക്കളുമായി വരെ ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരുന്നു. നാഗാ കലാപകാരികൾക്ക് ഇയാൾ പണം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. പണം കടത്താനായി പിള്ള നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ തോതിൽ ഭൂമിയിടപാടും നടത്തിയിരുന്നു. നാഗാലാൻഡ് പൊലീസ് വാഹനങ്ങളും മറ്റ് വാഹനങ്ങളും പന്തളത്ത് സ്ഥിരമായി വന്നു പോയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് ട്രക്ക് വിട്ടുനൽകൽ വിവാദമാകുന്നത്. നാഗാലാന്റ് പൊലീസിന്റെ അനുമതിയില്ലാതെ ട്രക്ക് കൊണ്ടു വന്നത് മോഷണത്തിന് സമാനമാണ്. ഇക്കാര്യത്തിൽ എഫ് ഐ ആർ ഇടാനുള്ള ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയുമാണ്.

ശ്രീവത്സം ഗ്രൂപ്പിന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ ഉന്നത ഇടപെടൽ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഈ കേസ് ഇന്റലിജൻസ് വിഭാഗം പുനരന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇതും പൊലീസിലെ ഉന്നതർക്ക് വിവരമുണ്ടായിരുന്നു. എന്നിട്ടും മോഷണക്കേസിലെ തൊണ്ടി മുതലാകുമാകുമായിരുന്ന ട്രക് പത്തനംതിട്ട പൊലീസ് വിട്ടുകൊടുത്തു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.