കൊച്ചി: നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസിൽ ആദ്യ കുറ്റപത്രം സിബിഐ സമർപ്പിച്ചു. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ആയ അഡോൾഫസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. പാൻ ഏഷ്യ ടൂർസ് അൻഡ് ട്രാവൽസ് ഉടമ എംകെ സലീം, എംഎസ് ട്രസ്റ്റ് ഇന്റർനാഷണൽസ് ഉടമ എംഎസ് സാജൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. വിദേശരാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പാണ് അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐ നാലു കേസുകൾ ചാർജു ചെയ്തിരുന്നു. ഇതിൽ ആദ്യകേസിലാണ് കുറ്റപത്രം തയ്യാറായത്.

വൻ തുക വാങ്ങി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയ കേസിൽ മൂന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെയാണ് 2015 മെയ് മാസത്തിൽ സിബിഐ കേസെടുത്തിരുന്നത്.
കൊച്ചിയിലുള്ള മാത്യു ഇന്റർനാഷണൽ, ജെ.കെ. ഇന്റർനാഷണൽ, ചങ്ങനാശ്ശേരിയിലുള്ള പാൻ ഏഷ്യ എന്നീ സ്ഥാപനങ്ങൾ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയതായി സിബിഐ അന്ന് വ്യക്തമാക്കിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിന് വൻ തുക ഫീസ് വാങ്ങിയതിനുമാണ് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊച്ചിയിലെ മാത്യു ഇന്റർനാഷണൽ അനധികൃത റിക്രൂട്ട്‌മെന്റിലൂടെ പത്ത് കോടിയോളം രൂപയുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. മാത്യു ഇന്റർനാഷണലിനെതിരായ കേസിൽ മൂന്നു പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) അഡോൾഫസ് ഇതിന് കൂട്ടുനിന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു. മാത്യു ഇന്റർനാഷണൽ റിക്രൂട്ടിങ് എജൻസി ഉടമ കെ.ജെ. മാത്യുവിനെ രണ്ടാം പ്രതിയായും റിക്രൂട്ട്‌മെന്റിൽ പങ്കാളികളായിരുന്ന മുംബൈയിലെ മുനവറ അസോസിയേറ്റ്‌സിനെ മൂന്നാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്.

മാത്യു ഇന്റർനാഷണലിന്റെ കൊച്ചിയിലുള്ള ഓഫീസിലും ഫ്‌ലാറ്റിലും വാടകക്കെട്ടിടത്തിലുമായി കൊച്ചി സിബിഐ യൂണിറ്റും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡുകളിൽ കണക്കിൽപ്പെടാത്ത ഒമ്പത് കോടിയോളം രൂപ കണ്ടെടുത്തിരുന്നു. കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസിനത്തിൽ പരമാവധി 20,000 രൂപ വരെയേ വാങ്ങാവൂ എന്ന ചട്ടം മറികടന്ന് 20 ലക്ഷം വരെയാണ് ഓരോരുത്തരിൽ നിന്നും സ്ഥാപനം കൺസൾട്ടൻസി ഫീസ് ഈടാക്കിയത്.

മാത്യു ഇന്റർനാഷണലിനും ജെ.കെ. ഇന്റർനാഷണലിനും അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്താൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് അഡോൾഫസിന്റെ സഹായം ലഭിച്ചിരുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ പാൻ ഏഷ്യ സ്ഥാപനത്തിനെതിരെ അംഗീകാരമില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. അടൂരിലുള്ള മറ്റൊരു റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ലൈസൻസിലാണ് പാൻ ഏഷ്യ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പല സംഭവങ്ങളിലായി നാലു കേസുകളാണ് സിബിഐ ചാർജ് ചെയ്തിട്ടുള്ളത്.

ഇതിൽ ആദ്യകേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിട്ടുള്ളത്. നഴ്‌സ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ മറ്റൊരു പ്രതിയായ ഉതുപ്പ് വർഗീസ് ഉൾപ്പെടെയുള്ളവർക്ക് എതിരെ എടുത്ത കേസിലും താമസിയാതെ കുറ്റപത്രം ഉണ്ടാകും. കൊച്ചിയിലെ അൽ സറാഫ എന്ന ഏജൻസി വഴി നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്ത ഉതുപ്പ് വർഗീസ് 300 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഉതുപ്പ് വർഗീസിനെ അബുദാബിയിൽ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റുചെയ്തിരുന്നു.