കണ്ണൂർ: മനോജ് വധക്കേസിൽ റിമാൻഡിലായ സിപിഐ(എം) മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനായി വൈദ്യപരിശോധനാ റിപ്പോർട്ട് തിരുത്തിയതും സിബിഐ അന്വേഷിക്കും. ആവശ്യമെങ്കിൽ കേസ് എടുക്കുകയും ചെയ്യും. പ്രതി സഹായിക്കാനുള്ള ഗൂഢാലോചനയായാകും കേസ് രജിസ്റ്റർ ചെയ്യുക. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് നൽകിയ മെഡിക്കൽ റിപ്പോർട്ടിലാണ് തിരുത്തലുള്ളത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽനിന്ന് ഈ രേഖ സിബിഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിപ്പോർട്ട് എഴുതിയ ഡോക്ടറും അതിന് നിർദ്ദേശിച്ച ഡോക്ടറും കേസിൽ പ്രതികളാകും. ഇവർക്കെതിരെ യുഎപിഎ ചുമത്തണമോ എന്നും സിബിഐയുടെ പരിഗണനിയിലുണ്ട്.

ഇക്കാര്യത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ നടപടികളിലും സിബിഐയ്ക്ക് സംശയമുണ്ട്. റിമാൻഡിലായിക്കഴിഞ്ഞാൽ ജയരാജനെ പരിയാരത്ത് എത്തിക്കാനുള്ള ആസൂത്രിത നീക്കം നേരത്തെ തുടങ്ങിയിട്ടുണ്ടെന്നാണ് സിബിഐ.യുടെ വിലയിരുത്തൽ. ഇതിന് ജയിൽ സൂപ്രണ്ടും ഒത്താശ ചെയ്തുവെന്നാണ് വിലയിരുത്തൽ. തടവുകാർക്ക് വൈദ്യസഹായം വേണ്ടിവന്നാൽ സർക്കാർ ആസപ്ത്രികളിൽ നൽകണമെന്നാണ് ജയിൽ മാന്വൽ 196ൽ പറയുന്നത്. എന്നാൽ ഇത് ജയരാജന്റെ കാര്യത്തിൽ അട്ടിമറിച്ചു. ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ട് അശോകനിൽ നിന്ന് സിബിഐ വിശദീകരണം തേടി. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ വിദഗ്ധപരിശോധന വേണമെന്ന് നിർദ്ദേശിച്ചതിനാലാണിത് ചെയ്തതെന്നാണ് സൂപ്രണ്ട് വിശദീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർക്കെതിരെ സിബിഐ അന്വേഷണം ശക്തമാക്കുന്നത്.

യുഎപിഎ ചുമത്തിയ കേസിലെ പ്രതിയാണ് ജയരാജൻ. ഇക്കാര്യം ഡോക്ടർമാർക്കും അറിയാം. അതുകൊണ്ട് തന്നെ മനപ്പൂർവ്വമാണ് സഹായം നൽകിയത്. ഈ സാഹചര്യത്തിൽ പ്രതിയെ സഹായിച്ചവർക്കെതിരേയും സമാന സ്വഭാവമുള്ള വകുപ്പ് ചുമത്താമെന്നാണ് വിലയിരുത്തൽ. എന്നാൽ ഭീകര വിരുദ്ധ നിയമത്തെ കുറിച്ച് സമൂഹത്തിൽ ചർച്ചകൾ സജീവമായതിനാൽ ഇതിന് സിബിഐ മുതിരില്ലെന്നും സൂചനയുണ്ട്. ഏതായാലും ഡോക്ടർമാർക്കെതിരെ കേസുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഉന്നത ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ചാകും അന്തിമതീരുമാനം എടുക്കുക. സിപിഐ(എം) നേതൃത്വത്തിന്റെ സമ്മർദ്ദം ഇതിന് പിന്നിലുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ അന്വേഷണവും. കണ്ണൂരിൽ ഫസൽ വധവും സിബിഐ അന്വേഷിക്കുന്നുണ്ട്. ഈ കേസിലും രാഷ്ട്രീയ ഇടപെടൽ സജീവമാണ്. ഡോക്ടർമാർക്കെതിരയുള്ള നടപടിയിലൂടെ ഈ സമർദ്ദത്തിന് വഴങ്ങി ആരും സിബിഐയ്ക്ക് തടസ്സമുണ്ടാക്കുന്നില്ലെന്ന് വരുത്താനാണ് നീക്കം.

ജയരാജനെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ജയരാജനെ വൈദ്യപരിശോധന നടത്തിയത്. വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതായാണ് റിപ്പോർട്ടിൽ ആദ്യം എഴുതിയത്. ഇത് വെട്ടി ഹൈയർ കാർഡിയാക് സെന്ററിലേക്ക് മാറ്റണമെന്ന് എഴുതി ചേർക്കുകയായിരുന്നു. ജയരാജനെ പരിയാരത്ത് പ്രവേശിപ്പാക്കാനായി നടത്തിയ ആസൂത്രിത നീക്കമാണിതെന്നാണ് സിബിഐ. വിലയിരുത്തുന്നത്. സിബിഐ. സംഘം ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറിൽനിന്ന് വിശദീകരണം തേടി. ഇതേ ആശുപത്രിയിലെ മറ്റൊരു സീനിയർ ഡോക്ടർ നിർദ്ദേശിച്ചതിനാലാണ് ഇങ്ങനെ മാറ്റിയെഴുതിയതെന്നാണ് മെഡിക്കൽ ഓഫീസർ നൽകിയ വിശദീകരണം.

മെഡിക്കൽ ഓഫീസർ പരിശോധിച്ച ശേഷമാണ് ജയരാജൻ സീനിയർ ഡോക്ടറെ കാണുന്നത്. നെഞ്ചുവേദനയുണ്ടെന്ന് അറിയച്ചതിനെത്തുടർന്നായിരുന്നു ഇത്. ഡോക്ടർ പരിശോധിച്ച് ഹയർ കാർഡിയാക് സെന്ററിലേക്ക് റഫർ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ജയരാജന്റെ ഇ.സി.ജി.യിൽ മാറ്റം കണ്ടിരുന്നുവെന്നും മെഡിക്കൽ ഓഫീസർ മൊഴി നൽകിയിട്ടുണ്ട്. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകുന്നതിന് തടസ്സമാകാതിരിക്കാനാണ് ഇങ്ങനെ തിരുത്തി എഴുതിച്ചതെന്നും ഡോക്ടർ സിബിഐ.യോട് സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ടാണോ തിരുത്തിയതെന്ന് സിബിഐ. അന്വേഷിച്ചപ്പോഴായിരുന്നു ഡോക്ടർ ഇക്കാര്യം പറഞ്ഞത്.

ഈ മൊഴി സിബിഐ കരുതലോടെ വിശകലനം ചെയ്യുന്നുണ്ട്. അസ്വാഭാവികത ഉറപ്പിക്കാനായാൽ ഡോക്ടർമാർക്കെതിരെ കേസ് എടുക്കാനാണ് നീക്കം. ഇക്കാര്യമെല്ലാം കോടതിയേയും ധരിപ്പിക്കും. സിബിഐയുടെ മെഡിക്കൽ സംഘത്തെ കൊണ്ട് പി ജയരാജനെ പരിശോധിക്കാനും നീക്കമുണ്ട്.