- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകികൾ ഉപയോഗിച്ചത് മോഷ്ടിച്ച ഫോണുകൾ; കൊലയ്ക്ക് മുൻപുള്ള രാത്രി സംഘം ഈ ഫോണുകൾ ഉപയോഗിച്ചത് നിരവധി തവണ; മാഫിയ ഗാങ്ങുകളുടെ കൊലപാതകങ്ങളും എംഎൽഎയുടെ സഹായി ഉൾപ്പെട്ട കൊലപാതക്കേസും ജഡ്ജിന്റെ കൊലപാതകവുമായി കൂട്ടി വായിച്ച് അന്വേഷണ സംഘം; ഝാർഖണ്ഡിലെ ജഡ്ജിയുടെ കൊലപാതകത്തിൽ പുതിയ കണ്ടെത്തലുകളുമായി സിബിഐ
റാഞ്ചി: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷണൽ ജഡ്ജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി സിബിഐ.കേസിൽ അറസ്റ്റിലായവർ മോഷ്ടിച്ച മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നതെന്നും അതേ ഫോണുപയോഗിച്ച് കൊലപാതകത്തിന് തൊട്ടുമുൻപുള്ള രാത്രി നിരവധി പേരെ ബന്ധപ്പെട്ടതായും സിബിഐക്ക് തെളിവുകൾ ലഭിച്ചു.പൂർണേന്ദു വിശ്വകർമ എന്ന റെയിൽവേ കോൺട്രാക്ടറിൽ നിന്നും ഇവർ മൂന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാണ് സിബിഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ സ്വന്തം സിം കാർഡാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫോൺ മോഷ്ടിക്കപ്പെട്ടുവെന്ന് അന്നു തന്നെ പൂർണേന്ദു പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ഈ വിവരം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.ഡ്രൈവറായ ലഖൻ വർമ, ഇയാളുടെ സഹായി രാഹുൽ വർമ എന്നിവരെ ജൂലൈ 29ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം നടത്താൻ ഇവർ ഉപയോഗിച്ച ഓട്ടോ മോഷ്ടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഓട്ടോറിക്ഷ മോഷ്ടിച്ച ശേഷമാണ് ഫോൺ മോഷ്ടിക്കാൻ പോയതെന്നും അതിനു മുൻപ് മദ്യപിച്ചിരുന്നെന്നുമാണ് അറസ്റ്റിലായവർ പറയുന്നത്.പൊലീസ് സ്റ്റേഷനടുത്ത് വെച്ച് മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചെന്നും ഇവർ അറിയിച്ചിട്ടുണ്ട്.നിലവിൽ ന്യൂഡൽഹിയിൽ സിബിഐയുടെ കസ്റ്റഡിയിലാണ് ഇവർ രണ്ടു പേരും. നാർകോ അനാലിസിസിനടക്കം ഇവരെ വിധേയമാക്കുന്നുണ്ട്.ധൻബാദിലെ ജഡ്ജിയുടെ കൊലപാതകം ജഡ്ജിമാർ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെ കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ധൻബാദിൽ മാഫിയ ഗാങ്ങുകൾ നടത്തിയ കൊലപാതകങ്ങളും എംഎൽഎയുടെ സഹായി ഉൾപ്പെട്ട കൊലപാതക്കേസും ഉത്തം ആനന്ദ് ആ സമയത്ത് കൈകാര്യം ചെയ്തിരുന്നു. ഈ കേസുകളിലുൾപ്പെട്ടവരുടെ ജാമ്യപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഈ കേസുകൾക്ക് ജഡ്ജിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം.
ജൂലൈ 28നാണ് ജഡ്ജി ഉത്തം ആനന്ദിനെ രണ്ട് പേർ ചേർന്ന് വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ആദ്യം വാഹനാപകടമാണെന്ന് കരുതിയിരുന്ന സംഭവം പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മറ്റൊരു വാഹനങ്ങളുമില്ലാതിരുന്ന വഴിയിൽ വെച്ച് പിറകിൽ നിന്ന വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ