ന്യൂഡൽഹി: നാഷണൽ സ്‌റ്റോക്ക് എക്‌സചേഞ്ച് മുൻ സിഇഒയും എംഡിയുമായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു. കേസിൽ എഫ്‌ഐആർ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പുതിയ വിവരങ്ങൾ ലഭ്യമായതിനെ തുടർന്നാണ് ചിത്ര രാമകൃഷ്ണയെ ചോദ്യം ചെയ്യുന്നത്. ചിത്ര, മുൻ സിഒഒ ആനന്ദ് സുബ്രഹ്മണ്യം, ചിത്രയുടെ മുൻഗാമി രവി നാരായൺ എന്നിവർക്ക് രാജ്യം വിടരുത് എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

2013 മുതൽ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എൻഎസ് ഇ യുടെ തലപ്പത്തിരുന്നത്. വ്യക്തിപരമായ കാരണങ്ങൾ കാട്ടിയായിരുന്നു രാജി. എൻഎസ് ഇയുടെ സുപ്രധാന സാമ്പത്തിക വിവരങ്ങൾ ഹിമാലയത്തിലെ ഒരു യോഗിയുമായി പങ്കുവച്ചു എന്ന പേരിലും ചിത്ര അന്വേഷണത്തെ നേരിടുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് ഇത് കണ്ടെത്തിയത്. ക്രമക്കേടുകളുടെ പേരിൽ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തി. ഇതിനു പിന്നാലെയാണ് സിബിഐ ചോദ്യം ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട മുംബൈയിലെ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ടിക് ബൈ ടിക് എന്ന് ഓഹരി വിപണി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചിത്രയെ ചോദ്യം ചെയ്തത്. ഒപിജി സെക്യൂരിറ്റീസ്, മാനേജിങ് ഡയറക്ടർ സഞ്ജയ് ഗുപ്ത, സോഫ്റ്റ് വെയർ വികസിപ്പിക്കാൻ സഹായിച്ച അജയ് ഷാ, എൻഎസ്ഇയിലെ അജ്ഞാതരായ ഉദ്യോഗസ്ഥർ, സെബി എന്നിവർക്കെതിരെയാണ് കേസ്. 2010 മുതൽ 2014 വരെയാണ് ഓഹരി വിപണി ക്രമക്കേടുണ്ടായത്.

എൻഎസ്ഇ എക്‌സചേഞ്ചിലെ സെർവറിൽ നിന്ന് സ്‌റ്റോക് ബ്രോക്കർമാർക്ക് വിവരം കൈമാറുന്ന സംവിധാനത്തിലാണ് ക്രമക്കേട് നടന്നത്. ടിക് ബൈ ടിക് എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ സ്റ്റോക് എക്‌സ്‌ചേഞ്ച് സെർവറുമായി ആദ്യം ബന്ധം സ്ഥാപിക്കുന്ന ബ്രോക്കർക്ക് ടിക്‌സ് അല്ലെങ്കിൽ മാർക്കറ്റ് ഫീഡ് വേഗത്തിൽ ലഭിച്ചു. വൈകി ബന്ധം സ്ഥാപിക്കുന്ന ബ്രോക്കർക്ക് വിലയേറിയ വിവരം നഷ്ടമാവുകയും ചെയ്തു. ഒപിജിയിലെ സഞ്ജയ് ഗുപ്തയ്ക്ക് ഇത്തരത്തിൽ തന്റെ എതിരാളികളേക്കാൾ വേഗത്തിൽ ഡാറ്റ കിട്ടിയിരുന്നു എന്നാണ് ആരോപണം. കടുത്ത മത്സരം നടക്കുന്ന ഓഹരി വിപണിയിൽ സെക്കൻഡുകൾക്ക് വിലയുള്ളപ്പോൾ, വിവരം ആദ്യം അറിയുന്നവർക്ക് വലിയ ആനുകൂല്യമാണ് കിട്ടുക.

2019 ഏപ്രിലിലാണ് എൻ.എസ്.ഇയിലെ വിവിധ ക്രമക്കേടുകൾ സെബി കണ്ടെത്തിയത്. മാത്രമല്ല, ശമ്പളയിനത്തിൽ ചിത്ര വൻതുക കൈക്കലാക്കിയതായും സെബി കണ്ടെത്തിയിരുന്നു ചിത്രയ്ക്ക് ഉയർന്ന ശമ്പളം നൽകാനായി ചട്ടങ്ങളിൽ മാറ്റംവരുത്തിയതിന് 50 ലക്ഷം രൂപയാണ് എൻ.എസ്.ഇ.യ്ക്ക് സെബി പിഴ ചുമത്തിയത്. എൻ.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് വെറും മൂന്ന് വർഷം കൊണ്ട് 44 കോടി രൂപയാണ് ചിത്ര ശമ്പളമായി വാങ്ങിയതെന്ന് സെബി കണ്ടെത്തിയിരുന്നു. മാത്രമല്ല, അവസാനത്തെ എട്ടുമാസം 23 കോടി രൂപ കൂടെ അധികമായി കൈപ്പറ്റിയെന്നും കണ്ടെത്തി. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ ലിസ്റ്റഡ് കമ്പനികളുമായോ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റിയൂഷനുകളുമായോ സഹകരിക്കുന്നതിൽനിന്ന് ചിത്രയെ സെബി അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു.

2022 ഫെബ്രുവരി 11-ന് ചിത്രയും നരേയ്നും അടക്കമുള്ള മുൻ ഉദ്യോഗസ്ഥർക്ക് കോടികളാണ് സെബി പിഴ ചുമത്തിയത്. എൻ.എസ്.ഇ. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എം.ഡി.യുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ച കേസിലായിരുന്നു സെബിയുടെ നടപടി. ചിത്രയ്ക്ക് മൂന്ന് കോടിയും എൻ.എസ്.ഇ, നരേയ്ൻ എന്നിവർക്ക് രണ്ടുകോടിയും പിഴ ചുമത്തി.ഫെബ്രുവരി 11-ന് പുറത്തിറക്കിയ സെബിയുടെ ഉത്തരവിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചിത്ര ഒരു യോഗിയുമായി കൈമാറിയതിന്റെ വിവരങ്ങളുള്ളത്. എൻ.എസ്.ഇയെ നിയന്ത്രിച്ചിരുന്നത് ഈ അജ്ഞാത വ്യക്തിയാണെന്നും ചിത്ര രാമകൃഷ്ണ ഇയാളുടെ കൈയിലെ കളിപ്പാവയായിരുന്നു എന്നുമാണ് സെബിയുടെ റിപ്പോർട്ടിലുള്ളത്.