കൊച്ചി: 500 കോടി രൂപ നികുതി വെട്ടിച്ച് ആഡംബരക്കാർ ഇറക്കുമതി ചെയ്ത കേസിലെ പ്രധാന പ്രതി അലക്‌സ് സി. ജോസഫിന്റെ വ്യാജപാസ്‌പോർട്ട് നശിപ്പിച്ച് അയാളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയപ്പോൾ ആരോപണ വിധേയനായ ഡിവൈ.എസ്‌പിക്ക് ഹാർട്ട് അറ്റാക്ക്. താൻ കുടുങ്ങിയാൽ ഇതിനു പിന്നിലുള്ള കോൺഗ്രസിലെ കേന്ദ്രനേതാവിനെയും കൊണ്ടേ പോകൂവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്റെ ആത്മഗതം. കേരളാ പൊലീസ് അന്വേഷിച്ച് കുളമാക്കുകയും മധ്യതിരുവിതാംകൂറുകാരനായ കോൺഗ്രസ് നേതാവിനു വേണ്ടി അലക്‌സ് സി. ജോസഫ് എന്ന വമ്പൻ തട്ടിപ്പുകാരന് വിടുപണി ചെയ്യുകയും ചെയ്ത പൊലീസുകാർ പണി പോകുമെന്ന ഭയപ്പാടിലാണ്.

കോൺഗ്രസിലെ കേന്ദ്രനേതാവിന്റെ ബിനാമി എന്ന അറിയപ്പെടുന്ന തിരുവല്ല ചെക്കാട്ട് അലക്‌സ് സി. ജോസഫിനെ രക്ഷപ്പെടുത്താനായി ഇയാളിൽനിന്ന് പിടികൂടിയ വ്യാജപാസ്‌പോർട്ട് തിരുവല്ല പൊലീസ് അയാൾക്കു തന്നെ തിരിച്ചു നൽകുകയും നശിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്‌പിയും എസ്.ഐയും സസ്‌പെൻഷനിലായപ്പോൾ തെളിവിന്റെ അഭാവത്തിൽ അലക്‌സിനെ കോടതി വെറുതേ വിട്ടു.

സംസ്ഥാന-കേന്ദ്രഭരണത്തിലെ കോൺഗ്രസ് നേതാക്കളുടെയും മലയാള സിനിമാതാരങ്ങളുടേയും അടുത്ത സുഹൃത്തായിരുന്ന അലക്‌സ് സി. ജോസഫിനെ നികുതി വെട്ടിച്ച് കാർ കടത്തിയ കേസിൽ 2011 നവംബർ ആറിന് ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്ത് ഷംസാബാദ് പൊലീസിന് കൈമാറുകയായിരുന്നു. എബി ജോൺ എന്ന പേരിലുള്ള പാസ്‌പോർട്ടിൽ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് ഇയാളെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലാത്തതിനാൽ തടഞ്ഞുവയ്ക്കുക മാത്രമാണ് ചെയ്തത്.

അറസ്റ്റില്ലാതെ തന്നെ ജയിലിൽ ഇടാമെന്നിരിക്കേ ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിക്കാൻ കേരളാ പൊലീസിന്റെ സഹായം തേടി. പത്തനംതിട്ട എസ്‌പിയുടെ മേൽനോട്ടത്തിൽ അന്നത്തെ തിരുവല്ല ഡിവൈ.എസ്‌പി കെ.എൻ. രാജീവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനോദ് കൃഷ്ണനും സംഘവുമാണ് അലക്‌സിനെ കൊണ്ടുവരാൻ ഹൈദരാബാദിലേക്ക് പോയത്. ഷംസാബാദ് സ്റ്റേഷനിൽ നിന്ന് ഏറ്റുവാങ്ങിയ അലക്‌സിനെ യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും അവിടുത്തെ കോടതിയിൽ ഹാജരാക്കുകയാണ് കേരളാ പൊലീസ് ചെയ്തത്. കോടതി ഇയാളെ കൊണ്ടുപൊയ്‌ക്കൊള്ളാൻ പൊലീസിന് നിർദ്ദേശം നൽകി. പിന്നെയാണ് മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് കാര്യങ്ങൾ അരങ്ങേറിയത്. ഇതിന് വേണ്ട നീക്കങ്ങൾ നടത്തിയത് കോൺഗ്രസിന്റെ കേന്ദ്രനേതാവിന്റെ അടുത്ത അനുയായി ആയിരുന്നു.

നാഗർകോവിൽ വഴി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അലക്‌സുമായി പോയ പൊലീസ് സംഘത്തെ ഡിവൈ.എസ്‌പി രാജീവ് തിരിച്ചുവിളിച്ച് തിരുവല്ല വഴി വരാൻ ആവശ്യപ്പെട്ടു. തിരുവല്ല സ്റ്റേഷനിൽ എത്തിയപ്പോൾ എബി ജോൺ എന്ന പേരിലുള്ള അലക്‌സിന്റെ വ്യാജപാസ്‌പോർട്ട് അയാളുടെ സഹോദരന് കൈമാറി. ഡിവൈ.എസ്‌പിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ആണ് പാസ്‌പോർട്ട് വിട്ടു കൊടുത്തത്. എബി ജോൺ എന്ന പേരിലുള്ള തന്റെ പാസ്‌പോർട്ട് കൈപ്പറ്റിയതായി പൊലീസ് അലക്‌സിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തു. ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോൾ അലക്‌സിന്റെ വ്യാജപാസ്‌പോർട്ട് എവിടെയെന്ന് കോടതി ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോഴാണ് അതു കേരളാ പൊലീസ് മുക്കിയെന്ന വിവരം പുറത്തുവന്നത്.

കുറ്റം മുഴുവൻ എസ്.ഐയുടെ തലയിൽ വച്ച് രക്ഷപ്പെടാൻ ഡിവൈ.എസ്‌പി ശ്രമിക്കുകയും അലക്‌സ് നൽകിയ കൈപ്പറ്റ് രസീത് മാദ്ധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇതോടെ പാസ്‌പോർട്ട് മുക്കിയത് പൊലീസ് ആണെന്നതിന് ശക്തമായ തെളിവുണ്ടാവുകയും ചെയ്തു. സംഭവം വിവാദമായതോടെ എസ്.ഐയെയും ഡിവൈ.എസ്‌പിയെയും സർക്കാർ സസ്‌പെൻഡ് ചെയ്തു തലയൂരി. തെളിവില്ലാത്തതിനാൽ ഹൈക്കോടതി അലക്‌സിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിനോടകം വ്യാജപാസ്‌പോർട്ട് കത്തിച്ചു കളഞ്ഞിരുന്നു.

ഇത്രയും വലിയ ഒരു അട്ടിമറി നടന്നിട്ടും അതേപ്പറ്റി തുടരന്വേഷണം ഉണ്ടായില്ല. കൂടുതൽ അന്വേഷിച്ചാൽ കോൺഗ്രസിന്റെ പല നേതാക്കളും അഴിക്കുള്ളിൽ പോകേണ്ടി വരുമായിരുന്നു. മലയാളത്തിലെ സൂപ്പർതാരത്തിനടക്കം നികുതിവെട്ടിച്ച് അലക്‌സ് കാർ ഇറക്കിക്കൊടുത്തിരുന്നു. ഇതിനായി ഇയാൾ ഏഴോളം വ്യാജപാസ്‌പോർട്ട് സംഘടിപ്പിച്ചിരുന്നു. ഡി.ആർ.ഐ ഇയാൾക്കെതിരെ സകലവിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചിരുന്നപ്പോഴാണ് ഉന്നത നേതാവിന്റെ തണലിൽ ഇയാൾ സുഗമമായി വിദേശയാത്ര നടത്തിയിരുന്നത്. കേസ് എൻ.ഐ.എ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കൂടുതൽ തെളിവുകൾ ഹാജരാക്കാനാവാതെ ഡി.ആർ.ഐ ഉദ്യോഗസ്ഥരും കുഴങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ പൊലീസ് നിയമനങ്ങൾ തീരുമാനിച്ചിരുന്ന നേതാവിന്റെ നിർദ്ദേശത്തിന് വഴങ്ങിയതാണ് ഉദ്യോഗസ്ഥർ കെണിയിലാകാൻ കാരണമായത്. ഇവർക്കെതിരെയും കൂടുതൽ അന്വേഷണം ഉണ്ടായില്ല. കേന്ദ്രസഹായത്തോടെയാണ് കേസ് അട്ടിമറിച്ചത്. അലക്‌സ് സി. ജോസഫ് ഒന്നും സംഭവിക്കാത്തതു പോലെ പുറത്തിറങ്ങുകയും ചെയ്തു.

നാലുവർഷത്തിന് ശേഷം ഡി.ആർ.ഐയുടെ പരാതി പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയതിന് പിന്നാലെ ആരോപണ വിധേയനായ ഡിവൈ.എസ്‌പി കെ.എൻ. രാജീവിന് ഹൃദയാഘാതം ഉണ്ടായി. നിലവിൽ പത്തനംതിട്ട സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പിയായിരുന്ന രാജീവ് അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുകയാണ്. രോഗബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യലിൽനിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്. പാസ്‌പോർട്ട് തിരികെ നൽകിയ എസ്.ഐ. വിനോദ്കൃഷ്ണൻ, ഹൈദരാബാദിൽനിന്ന് അലക്‌സിനെ കൊണ്ടു വരാൻ പോയ സംഘത്തിലുണ്ടായിരുന്ന പൊലീസുകാർ എന്നിവരെ സിബിഐ ഒരു വട്ടം ചോദ്യം ചെയ്തു കഴിഞ്ഞു.

ഒരു മയവുമില്ലാതെയാണ് സിബിഐ നടപടി എന്നാണ് ചോദ്യം ചെയ്യലിന് വിധേയനായ ഒരു പൊലീസുകാരൻ പറഞ്ഞത്. അന്ന് സസ്‌പെൻഷനിലായ എസ്.ഐ. വിനോദ് കൃഷ്ണനെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന വണ്ണം വീണ്ടും തിരുവല്ലയിൽ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചു വന്ന ഡിവൈ.എസ്‌പി രാജീവിനായി ചങ്ങനാശേരിയിൽ ഒരു സബ് ഡിവിഷൻ തന്നെയുണ്ടായി അവിടെ പോസ്റ്റ് ചെയ്തു. പെരുന്നയിലെ ആത്മീയാചാര്യനും കോൺഗ്രസിലെ കേന്ദ്രനേതാവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചങ്ങനാശേരിയിൽ രാജീവിനെ നിയമിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്താണ് അവിടെ നിന്ന് പത്തനംതിട്ട സ്‌പെഷൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. പ്രമാദമായ പെണ്ണുകേസിൽ ആരോപണ വിധേയനായ കേന്ദ്രത്തിലെ കോൺഗ്രസ് നേതാവിന്റെ വാലായി നടക്കുന്ന ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ഇടപെട്ടാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ വച്ച് അലക്‌സിന്റെ വ്യാജ പാസ്‌പോർട്ട് അയാൾക്ക് തന്നെ തിരികെ നൽകിയത്. സിബിഐ അന്വേഷണം മുറുകിയാൽ താൻ എല്ലാ അവന്റെയും പേര് വിളിച്ചു പറഞ്ഞ് മാപ്പുസാക്ഷിയാകുമെന്നാണ് ഇതിൽ ഉൾപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. പറയാൻ പോകുന്ന ആദ്യ രണ്ടു പേരുകൾ കോൺഗ്രസ് ഉന്നതന്റെയും അയാളുടെ വാലായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ആയിരിക്കുമെന്നാണ് സൂചന.