കൊച്ചി; കളമശ്ശേരി-കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലീം രാജോ താഴേക്കിടയിലുള്ള റവന്യൂ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാൽ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന് വിശദീകരിച്ച് സിബിഐ.

ഉന്നത റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണോ രേഖകൾ തിരുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തതെന്നാണ് തിരയുന്നത്. മുൻ എറണാകുളം ജില്ലാ കലക്ടർ ഷേക്ക് പരീത്, ലാന്റ് റവന്യൂ കമ്മീഷണർ ടി ഒ സൂരജ് എന്നിവരുടെ നടപടികൾ സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിന്റെ പൊതുവിലയിരുത്തൽ.

താഴേത്തട്ടിലുള്ള റവന്യൂ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് വിശ്വസിച്ച് മേൽ നടപടിക്കായി ശുപാർശ ചെയ്യുകമാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ഇരു ഉദ്യോഗസ്ഥരും പ്രാഥമിക ചോദ്യം ചെയ്യലിൽ സിബിഐയോട് പറഞ്ഞത്. ഇവർക്ക് ഇക്കാര്യത്തിൽ നേരിട്ടിടപെട്ടോയെന്നാണ് അന്വേഷിക്കുന്നത് കടകംപള്ളി കേസിൽ പണം മുടക്കിയതാരെന്ന സംശയം നേരത്തെ ഹൈക്കോടതിയും പ്രകടിപ്പിച്ചിച്ചിരുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ കിട്ടയ ശേഷമേ സൂരജിനേയും ഷേക്ക് പരീതിനേയും കേസിൽ പ്രതിസ്ഥാനത്ത് എത്തിക്കൂ. ഇപ്പോൾ അറസ്റ്റിലായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കാര്യങ്ങൾ തെളിയുമെന്നാണ് പ്രതീക്ഷ.

അതിനിടെ കളമശേരി ഭൂമിയിടപാട് കേസിലും സലീം രാജിനെക്കൂടി സിബിഐ പ്രതി ചേർക്കും. സലീം രാജിന്റെ ഇടപെടൽ സംബന്ധിച്ച് കൂടുതൽ മൊഴി കിട്ടിയ സാഹചര്യത്തിലാണിത്. കടകമ്പള്ളി കേസിൽ അറസ്റ്റിലാണ് സലിംരാജൻ. ഇതിനിടെ മുൻ എറണാകുളം കളക്ടർ ഷെയ്ക് പരീത്, ലാന്റ് റവന്യൂ കമ്മീഷണായിരുന്നു ടി ഒ. സൂരജ് എന്നിവരിലേക്കുകൂടി അന്വേഷണം നീളുകയാണ്.

കടകംപള്ളി കേസിൽ മാത്രമായിരുന്നു സലീം രാജിനെ ഇതേവരെ പ്രതിർചേർത്തിരുന്നത്. കളമശേരി കേസിലെ പരാതിക്കാർ മാത്രമായിരുന്നു സലിംരാജിന്റെ നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ച് മൊഴി നൽകിയിരുന്നത്. എന്നാൽ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥരിൽ നിന്നും സലീം രാജിന്റെ ബന്ധുക്കളിൽനിന്നും കൂടുതൽ തെളിവ് കിട്ടിയിട്ടുണ്ട്. വൈകാതെതന്നെ സലീം രാജിനെക്കൂടി കളമശ്ശേരി കേസിലെ എഫ് ഐ ആറിൽ ഉൾപ്പെടുത്തും.

കടകംപള്ളി കേസിൽ അറസ്റ്റിലായ സലിംരാജിനെ കളമശേരി കേസിൽ അറസ്റ്റു രേഖപ്പെടുത്തുകയെന്ന സാങ്കേതിക നടപടിക്രമം മാത്രമേ അന്വേഷണസംഘത്തിന് മുന്നിലുള്ളു. കടകംപള്ളി ഭൂമി ഇടപാടിൽ സിബിഐ റിമാൻഡിൽ കഴിയുന്ന സലിംരാജ് അടക്കമുള്ള ഏഴു പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഭൂമി തട്ടിയെടുക്കുന്നതിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകാനാണ് ഏഴു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്.

സിബിഐ എസ്‌പി ജോസ് മോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ . ശനിയാഴ്ചവരെയാണ് പ്രതികളെ സിബിഐയുടെ കസ്റ്റഡയിൽ വിട്ടുനൽകിയിരിക്കുന്നത്. അതിനുള്ളിൽ തന്നെ പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് ലക്ഷ്യം.