കൊച്ചി : സ്വാമി രാഘവേന്ദ്ര തീർത്ഥ ഇന്ത്യയെങ്ങും അറിപ്പെടുന്ന ആത്മീയാചാര്യനായിരുന്നു. ഇന്ന് സിബിഐ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയും.

കാശി മഠത്തിലെ വിഗ്രഹവും അമൂല്യ രത്‌നങ്ങൾ പതിച്ച സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയ സ്വാമിയെ കണ്ടെത്താൻ സിബിഐയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ട് എട്ട് മാസമായി. എന്നിട്ടും സ്വാമിയെ മാത്രം കണ്ടെത്താനാവുന്നില്ല. സിബിഐയ്ക്ക് തീരാ തലവേദനയായി മാറുകയാണ് സ്വാമി രാഘവേന്ദ്ര തീർത്ഥ. ഇന്ത്യയിലെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും സ്വാമിക്കായി അരിച്ചു പറക്കി. ഹിമാലസാനുക്കളിലുമെത്തി. പക്ഷേ സ്വാമിയെ കണ്ടെത്താനായില്ല. വേഷ പ്രച്ഛന്നനായി തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുമെന്ന ധാരണയിൽ സിബിഐ തെരച്ചിൽ തുടരുകയുമാണ്.

കാശി മഠാധിപതിയായിരിക്കെ സ്വാമി സുധീന്ദ്ര തീർത്ഥ നൽകിയ പരാതിയിലാണ് ഹൈക്കോടതി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടത്. അതിന് ശേഷം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. പ്രമുഖ പത്രങ്ങളിലെല്ലാം ഫോട്ടോ സഹിതം വാർത്തയും നൽകി. ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. എന്നിട്ടും സ്വാമിയെ പറ്റി ആരും ഒരു തുമ്പും നൽകിയില്ല. സിബിഐുടെ തിരുവനന്തപുരം ഓഫീസാണ് കേസ് അന്വേഷിക്കുന്നത്. ശ്രീശ്രീ വ്യാസപ്രസന്ന രാഘവേന്ദ്ര ചാറിറ്റബിൽ ട്രസ്റ്റിലെ ശ്രീമദ് രാഘവേന്ദ്ര തീർത്ഥ അഥവാ ശിവാനന്ദ പൈയെ കണ്ടെത്തുന്നവർക്കാണ് ഇനാം പ്രഖ്യാപിച്ചത്. എന്നിട്ടും സിബിഐയ്ക്ക് ആരും സഹായവുമായെത്തിയില്ല.

ഏതോ ഉന്നതന്റെ സംരക്ഷണയിലാണ് സ്വാമിയെന്ന് മാത്രമാണ് ആകെയുള്ള സൂചന. ഏത് ഉന്നതനാണെന്നും അറിയില്ല. നേരത്തെ കേസ് അന്വേഷിച്ച കേരളാ പൊലീസിന്റെ നിഗമനവും ഇതു തന്നെയായിരുന്നു. സ്വാമി രാഘവേന്ദ്ര സാമ്പത്തികമായും രാഷ്ട്രീയമായും പ്രബലനാണെന്ന് കൊച്ചി റേഞ്ച് ഐജി തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസാണ് നടത്തി വന്നത്. ഇത്തരമൊരു കേസിൽ സംസ്ഥാനത്തിന് പുറത്തു പോയി അന്വേഷിക്കാൻ പൊലീസിന് കഴിയില്ല എന്നല്ല, ഈ കേസിന് ദേശീയമാനവും സാമുദായിക വൈകാരികതയുമുണ്ടെന്ന് കണക്കാക്കിയാണ് അന്വേഷണം സിബിഐയ്ക്കു വിടുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കാശി മഠത്തിൽ നിന്ന് വജ്രം, മരതകം തുടങ്ങിയ രത്‌നങ്ങൾ പതിച്ച 234 സ്വർണ്ണാഭരണങ്ങളും ചെറിയ ആരാധനാ വിഗ്രഹവും വെള്ളി കൊണ്ടുള്ള പൂജാ പാത്രങ്ങളും മറ്റുമായാണ് സ്വാമി രാഘവേന്ദ്ര തീർത്ഥ ഒളിവിൽ പോയത്. സ്വാമി സുധീന്ദ്ര തീർത്ഥയുടെ പിൻഗാമിയായി അവരോധിക്കപ്പെട്ട ശേഷം പൂജാകാര്യങ്ങളിലും മറ്റും സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി രാഘവേന്ദ്ര തീർത്ഥയെ പിന്നീട് ഒഴിവാക്കി. ഇതേത്തുടർന്ന് അമൂല്യ വസ്തുക്കളുമായി രാഘവേന്ദ്ര ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൂജാ സാമഗ്രികളും ആഭരണങ്ങളും സ്വാമി സുധീന്ദ്ര തീർത്ഥയ്ക്ക് മടക്കി നൽകാൻ കോടതി ഉത്തരവിട്ടിട്ടും രാഘവേന്ദ്ര തീർത്ഥയെ കണ്ടെത്താത്തതിനാൽ ഇതു നടപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ല.

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ കേന്ദമായ കാശി മഠത്തിൽ നിന്നു സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം രാഘവേന്ദ്ര തീർത്ഥ സ്വാമിക്കെതിരെ കാസർകോട്ട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാഘവേന്ദ്രയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിക്കുകയും ദക്ഷിണ മേഖലാ ഐ ജി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. രാഘവേന്ദ്രയെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചതിനിടയിലാണ് ഇയാൾക്കെതിരെ കാസർകോടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാശി മഠത്തിൽ നിന്ന് പുറത്തായ രാഘവേന്ദ്ര തീർത്ഥ ഇപ്പോഴും മഠാധിപതിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫോട്ടോയും കാശി മഠത്തിന് മാത്രം അവകാശപ്പെട്ട ഔദ്യോഗിക ചിഹ്നങ്ങളും ഉൾക്കൊള്ളിച്ച ചിത്രങ്ങളുള്ള ശ്രീവ്യാസവാണി എന്ന പ്രസിദ്ധീകരണം പുറത്തിറങ്ങുന്നുണ്ട്.

ഈ പ്രസിദ്ധീകരണം കടുത്ത വഞ്ചനയാണ് നടത്തി വരുന്നതെന്നും സമുദായത്തിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്യായം ഫയൽ ചെയ്തിരുന്നു. ഈ അന്യായം ഫയലിൽ സ്വീകരിച്ച കോടതി തുടർ നടപടികൾക്കായി കാസർകോട് പൊലീസിന് നിർദ്ദേശം കൈമാറുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് രാഘവേന്ദ്ര തീർത്ഥക്കും സഹായികളായ മറ്റ് മൂന്നുപേർക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഇതിനിടെ ഒളിവിൽ കഴിയുന്ന രാഘവേന്ദ്ര തീർത്ഥയെ കണ്ടെത്താൻ കാസർകോട് ഡി വൈ എസ് പി ടി പി രഞ്ജിത്ത് തലവനായി പ്രത്യേക അന്വേഷണ സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിക്കുകയും ചെയ്തു. അങ്ങനെ കേരളാ പൊലീസിലെ രണ്ട് ടീമുകൾ അന്വേഷിച്ചിട്ടും രാഘവേന്ദ്ര തീർത്ഥയെ കണ്ടെത്താനായില്ല.

ലോകമെങ്ങുമുള്ള ഗൗഡസാരസ്വത ബ്രാഹ്മണർ ആരാധനയോടെ വണങ്ങുന്ന ആത്മീയ ഗുരുവായിരുന്നു മലയാളിയായ സ്വാമി സുധീന്ദ്ര തീർത്ഥ. ദിവസങ്ങൾക്ക് മുമ്പാണ് സ്വാമി സമാധിയായത്. അദ്ദേഹം കോടതിയിൽ നിന്ന് നേടിയ വിധിയെ അപഹസിക്കുന്ന തരത്തിലാണ് സ്വാമി രാഘവേന്ദ്ര തീർത്ഥ ഒളിവിൽ പോയത്. ഈ കേസിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ കാശി മഠത്തിന് അതൃപ്തിയുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് വിഗ്രഹങ്ങളും പൂജാസാമഗ്രികളുമായി ഒളിവിൽപോയതിന് ആന്ധ്രയിൽ അറസ്റ്റിലായ രാഘവേന്ദ്രതീർത്ഥ സ്വാമിയെ കടപ്പയിലെ സെൻട്രൽ ജയിലിലേക്ക് അയച്ചിരുന്നു. അവിടെ നിന്ന് ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് അപ്രത്യക്ഷനായ സ്വാമി ആർക്കും പിടികൊടുക്കാതെയായിട്ട് ആറ് വർഷത്തോളമായി.

ഗൗഡ സാരസ്വത ബ്രാഹ്മണ സഭയിലെ അടുത്ത മഠാധിപതിയായി നിശ്ചയിച്ചിരുന്നത് സ്വാമി രാഘവേന്ദ്ര തീർത്ഥയെയായിരുന്നു. എന്നാൽ രാഘവേന്ദ്ര തീർത്ഥയുടെ ചില വഴിവിട്ട തീരുമാനങ്ങൾ കാരണം അദ്ദേഹത്തെ മഠാധിപതി സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ സഭ തീരുമാനം എടുത്തിരുന്നു. ഈ സമയം സഭയുടെ അമൂല്യവിഗ്രഹങ്ങൾ രാഘവേന്ദ്ര തീർത്ഥയുടെ കൈവശമായിരുന്നു. ഇതിനാണ് കേസ് കൊടുക്കലും സിബിഐ അന്വേഷണവുമെല്ലാം എത്തിയത്.