ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഉപയോഗിച്ച് 2.71 കോടി രൂപയുടെ പെൻഷൻ പണം തട്ടിയ സംഭവത്തിൽ മൂന്ന് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. ചന്ദ്രൻ കുമാർ സിൻഹ, ഉത്തം താഗരെ, വിജയ് ജാർപെ എന്നിവർക്കെതിരെയാണ് കേസ്.

ലോക്ഡൗണിനെ തുടർന്ന് പിഎഫ് ഓർഗനൈസേഷൻ പണം പിൻവലിക്കൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഈ സാഹചര്യം ഇവർ മുതലെടുക്കുകയായിരുന്നു. ഇപിഎഫ്ഒയിലെ വിജിലൻസ് വിഭാഗത്തിന്റെ പരാതിയിൽ ഇവർക്കെതിരെ അഴിമതി, വഞ്ചനാ കുറ്റങ്ങൾ ചുമത്തി.

പാവപ്പെട്ട അതിഥി തൊഴിലാളികളുടെ ആധാർ നമ്പർ ശേഖരിക്കുകയും അവരെ വിവിധ കമ്പനികളിലെ ജീവനക്കാരായി രേഖകളിൽ കാണിച്ച് പണം തട്ടുകയുമായിരുന്നു. 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. മുഖ്യസൂത്രധാരൻ സീനിയർ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റായ ചന്ദൻ കുമാർ സിൻഹയാണെന്ന് സിബിഐ അറിയിച്ചു.