ചെന്നൈ: മുൻ വനംപരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വീട്ടിൽ സിബിഐ റെയ്ഡ്. അഴിമതികേസുമായി ബന്ധപ്പെട്ടാണ് ജയന്തി നടരാജന്റെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. 

യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് റെയ്‌ഡെന്നാണ് സൂചന. 63 കാരിയായ ജയന്തി നടരാജൻ രണ്ടാം യുപിഎ സർക്കാരിൽ 2011 ജൂലൈ മുതൽ 2013 ഡിസംബർ വരെയാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി സ്ഥാനം വഹിച്ചിരുന്നത്.  

അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ഇവരെ രാജിവയ്‌പ്പിക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ഇവർ 2015ൽ പാർട്ടി വിട്ടിരുന്നു.ഒഡീഷയിൽ വേദാന്തയ്ക്ക് ഖനനാനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്നും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വകുപ്പിൽ ഇടപെട്ടെന്നും ജയന്തി നടരാജൻ നേരത്തെ ആരോപിച്ചിരുന്നു.