ലണ്ടൻ: സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾക്ക് പ്രവർത്തിക്കാൻ അവസാന ദിവസമായി കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന അവസാനദിനമായ ഏപ്രിൽ 30 കഴിഞ്ഞതോടെ് ബ്രിട്ടൺ അടക്കം അനവധി രാജ്യങ്ങളിലേക്ക് നേഴ്‌സുമാരെയും മറ്റും ജോലിക്കായി റിക്രൂട്ട് ചെയ്ത വമ്പൻ സ്ഥാപനങ്ങളിൽ പലതും അടച്ചുപൂട്ടി. ആശുപത്രികളും മറ്റു കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം തങ്ങളുടെ അക്കൗണ്ടിൽ എത്തിക്കുന്ന വമ്പൻ മാഫിയ ആയി റിക്രൂട്ടിങ് സ്ഥാപനങ്ങൾ വളർന്നതോടെയാണ് കേന്ദ്ര സർക്കാർ ഏജൻസികൾക്ക് കടിഞ്ഞാൺ ഇടാൻ തീരുമാനിച്ചത്. ഇത്തരം സ്ഥാപനങ്ങൾക്ക് നേരെ മുൻപും ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും ഭരണ സംവിധാനങ്ങളുടെ കരുത്തിൽ പിടിച്ചു നിൽക്കുക ആയിരുന്നു റിക്രൂട്ടിങ് സ്രാവുകൾ.

കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ഈ സമയ പരിധിക്കു മുൻപ് തന്നെ മുംബൈ ആസ്ഥാനമാക്കിയും കൊച്ചി പ്രധാന കേന്ദ്രമാക്കിയും പ്രവർത്തിക്കുന്ന മാത്യു ഇന്റർനാഷണലിനു പിടി വീണതും ശ്രദ്ധേയമായി. മാത്യു ഇന്റർനാഷണലിന്റെ കൊച്ചി, ചങ്ങനാശ്ശേരി, ബംഗ്ലൂർ ഓഫീസുകളിൽ ഒരേ സമയം നടത്തിയ റെയ്ഡിൽ അനവധി രേഖകളാണ് പിടിച്ചെടുത്തത്. മിക്കതും റിക്രൂട്ട് തട്ടിപ്പുമായി ബന്ധപ്പെട്ടവ ആണെന്നാണ് സൂചന. പ്രവർത്തനം അവസാനിപ്പിക്കണം എന്ന് മുഴുവൻ റിക്രൂട്ടിങ് ഏജൻസികൾക്കും കേന്ദ്ര സർക്കാർ ഈ മാസം 20 ന് തന്നെ താക്കീത് നൽകിയിട്ടും കുവൈറ്റ് റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് നീങ്ങിയതാണ് മാത്യു ഇന്റർനാഷണലിന് വിനയായത്.

എന്നാൽ രണ്ടരലക്ഷം പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് മാത്യു ഇന്റർനാഷണലിന്റെ വാദം. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി ലോകത്തെ ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്തിട്ടുള്ള വമ്പൻ സ്ഥാപനമാണ് മാത്യു ഇന്റർനാഷണൽ എന്നാണ് റിപ്പോർട്ട്. മുംബൈ ആസ്ഥാനമായി 1974 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉടമയാണ് പി.ജെ. മാത്യു. നാലു പതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുള്ള ഈ സ്ഥാപനത്തിന്റെ റിക്രൂട്ട് തട്ടിപ്പ് വെളിച്ചത്തായതോടെ ഇവിടെ പണം നൽകിയവരും അങ്കലാപ്പിലായി.

മുഖ്യമായും കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് പണം പോയവരിൽ ഏറെയും. ആദായ നികുതി വകുപ്പ് മാത്യു ഇൻർനാഷണലിന്റെ ഒന്നര കോടി രൂപ വാഹന പരിശോധനയിൽ പിടിച്ചെടുത്തു എന്ന വാർത്ത പരന്നതോടെയാണ് പണം നൽകിയ 100 കണക്കിന് ഉദ്യോഗാർത്ഥികളും ബന്ധുക്കളും ആദായ നികുതി ഓഫീസിന്റെ മുന്നിലെത്തി പ്രക്ഷുബ്ദ രംഗങ്ങൾ സൃഷ്ടിച്ചത്. മാത്യു ഇന്റർനാഷണലിന്റെ വാഹനത്തിൽ നിന്നും കൊച്ചിയിൽ തമ്മനത്ത്് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ആകസ്മികമായി ഒന്നര കോടി രൂപ പിടിച്ചെടുത്തത്. തങ്ങൾ ഇതുവരെ രണ്ടര ലക്ഷം പേരെ ഇന്ത്യയിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളായ ഫിലിപ്പിൻസ് ശ്രീലങ്ക എന്നിവിടങ്ങളില നിന്നുമായി ലോകത്തിന്റെ പല ഭാഗത്തും എത്തിച്ചിട്ടുണ്ടെന്നു മാത്യു ഇന്റർനാണഷണൽ തന്നെ പറയുന്നു. അനേകർ വലയിലായ റിക്രൂട്ടിങ് തട്ടിപ്പുകൾ ഇപ്പോൾ സി ബി ഐ അന്വേഷിച്ചു വരികയാണ്. വൻതുക ഈടാക്കി 300 ഓളം നേഴ്‌സുമാരെ ഇയ്യിടെ കുവൈറ്റിൽ എത്തിച്ചതോടെ ആയിരങ്ങളാണ് അവസരം തേടി മാത്യു ഇന്റർനാണഷണലിൽ എത്തിയിരുന്നത്.

ഇപ്പോഴും നടക്കുന്ന കാനഡ റിക്രൂട്ട്‌മെന്റ് ഉൾപ്പെടെ സ്വകാര്യ ഏജൻസികളുടെ മുഴുവൻ പ്രവർത്തനവും കേന്ദ്ര സർക്കാർ നിരീക്ഷണത്തിലാണ്. ഇത്തരം ഏജൻസികൾക്ക് പ്രവർത്തിക്കാൻ ഉള്ള അവസാന ദിവസമായി ഏപ്രിൽ 30വരെ അനുവദിച്ചെങ്കിലും ഏപ്രിൽ 20 ന് ശേഷം റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഒരു കാര്യവും ഏറ്റെടുക്കരുതെന്ന് കേന്ദ്ര സർക്കാർ പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേഴ്‌സിങ് റിക്രൂട്ട്‌മെന്റിലെ പ്രധാന കേന്ദ്ര കേരളം ആയിരുന്നെങ്കിലും ഇത് സംബന്ധിച്ച് നൂറു കണക്കിന് തട്ടിപ്പുകൾ പുറത്തു വന്നിട്ടും സംസ്ഥാന സർക്കാർ ഇക്കാലമത്രയും അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെയാണ് റിക്രൂട്ടിങ് കൊള്ള നടത്തിയവരെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.

ഏതെങ്കിലും ഒരു രാജ്യത്തു ഒഴിവു വരുന്ന ഏതാനും നിയമനങ്ങൾക്കായി 100 കണക്കിന് നേഴ്‌സിങ് ഏജൻസികൾ ഒന്നിച്ചു പരസ്യം നൽകി ആയിരക്കണക്കിന് തൊഴിൽ അപേക്ഷകരിൽ നിന്നും കോടികളാണ് തട്ടിയെടുത്തിരുന്നത്. ഏജൻസി ഫീസ്, അഡ്‌മിൻ ഫീസ്, എന്റോൾ ഫീസ്, ഇന്റർവ്യൂ ഫീസ് തുടങ്ങി ഇ മെയിൽ അയക്കുന്നതിന് വരെ പണം ഈടാക്കിയാണ് ഇത്തരം ഏജൻസികൾ തടിച്ചു കൊഴുത്തത്. പരസ്യം മുഖേനെയും മാർക്കറ്റിഗ് ഫീച്ചറുകൾ മുഖേനെയും മാദ്ധ്യമങ്ങളും പിന്തുണയ്ക്കാൻ എത്തിയതോടെ ഇവർക്കെതിരായ തട്ടിപ്പ് വാർത്തകൾ പോലും പുറം ലോകത്ത് എത്താതെ പൂഴ്‌ത്തപ്പെട്ടു. മുൻ നിര പത്രങ്ങളിലും മറ്റും അധികം മുതൽ മുടക്കില്ലാത്ത ചെറിയ ക്ലാസിഫൈഡ് പരസ്യം നൽകിയാണ് ഇത്തരം ഏജൻസികൾ സ്ഥിരമായി ആളെ കണ്ടെത്തിയിരുന്നത്. കാര്യമായ മുതൽ മുടക്കില്ലാതെ, കൊള്ള ലാഭം ഉറപ്പായ ബിസിനസ് എന്ന നിലയിലാണ് ഏതാനും വർഷങ്ങളായി റിക്രൂട്ടിങ് ഏജൻസികൾ കേരളത്തിൽ തട്ടിപ്പിന്റെ ശ്യംഖല സൃഷ്ടിക്കുന്നത്. ഇത്തരം തട്ടിപ്പികളെ കുറിച്ച് പരാതികൾ വ്യാപകമായതോടെ നിയന്ത്രണം എന്ന ഒറ്റ മൂലിയുമായി രംഗത്ത് എത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതമാകുക ആയിരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന പല റിക്രൂട്ടിങ് ഏജൻസികൾക്കും രാഷ്ട്രീയ നേതാക്കളുടെ ഒത്താശ ഉണ്ടായിരുന്നതും തട്ടിപ്പുകൾക്ക് മറയായി. വൻ തുക അനേകായിരം പേരിൽ നിന്നും ഈടാക്കി വർഷങ്ങളോളം റിയൽ എസ്‌റ്റേറ്റ്, ഷെയർ വിപണി, ബിസിനസ് സംരഭങ്ങൾ എന്നിവയില നിക്ഷേപിച്ച റിക്രൂട്ടിങ് സ്ഥാപനങ്ങൾ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ തവണകളായി പണം മടക്കി നൽകുന്ന പതിവും സജീവം ആയിരുന്നു. കൊടുത്ത പണം മടക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ കൂടുതൽ നിയമ പോരാട്ടത്തിന് അപേക്ഷകർ തയ്യാറാകാത്തതും ഇത്തരം ഏജൻസികൾക്ക് തണലായി. ഇപ്പോൾ കുടുക്കിലായ മാത്യു ഇന്റർനാഷണഷണൽ തന്നെ ഓരോ നിയമനത്തിനും ആയി 20 മുതൽ 25 ലക്ഷം വരെ രൂപ ഈടാക്കി എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് പുറത്തു വന്നിരിക്കുന്നത്. ഇത്രയും വലിയ തുക നൽകാൻ ആളുകൾ തയ്യാറായിരുന്നോ എന്ന അന്ധാളിപ്പിൽ അന്വേഷക സംഘം നീങ്ങവേ കുവൈറ്റ് നിയമനത്തിനും മറ്റുമായി ഇതിലധികം തുക നൽകാനും ആളുകൾ തയ്യാറായിരുന്നു എന്നാണ് കൊച്ചി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു വർഷത്തിനകം ഈ തുക ശമ്പളം ആയി ഉദ്യോഗാർത്ഥിക്ക് മടക്കി കിട്ടും എന്ന് ഏജൻസികൾ ധരിപ്പിച്ചതോടെ ബന്ധുക്കളിൽ നിന്നും മറ്റും കടം വാങ്ങിയും ബാങ്ക് വായ്‌പ്പയും വീട് പണയം നൽകിയും ഒക്കെ പണം കണ്ടെത്തി നൽകിയവരാണ് അധികവും.