കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കുന്നു.മണിയുടെ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് തർക്കമാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ആരോപിച്ചതോടെയാണ് ഈ ദിശയിലുള്ള അന്വേഷണം തുടങ്ങിയത്.ദിലീപും, മണിയും ചേർന്ന് ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നുവെന്ന് ബൈജു സിബിഐക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മണിയുടെ മരണത്തിനു പിന്നിലെ വസ്തുതകൾ അറിയാമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് സ്വദേശിനി ബൈജുവിനെ ഫോണിൽ വിളിച്ചിരുന്നു.

കോഴിക്കോട് സ്വദേശിനി ബൈജു കൊട്ടാരക്കരയ്ക്ക് വാട്സ് ആപ്പിൽ അയച്ച ശബ്ദസന്ദേശമാണ് അദ്ദേഹം തെളിവായി ഹാജരാക്കിയത്. തനിക്ക് നേരിട്ട് ഇക്കാര്യങ്ങളിൽ അറിവില്ലെന്നും ബൈജു പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു കേസ് അന്വേഷിക്കുന്ന സിബിഐ. ഉദ്യോഗസ്ഥരെ താൻ വിവരം അറിയിക്കുകയായിരുന്നെന്നു മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ വ്യക്തമാക്കി.

ബൈജു കൊട്ടാരക്കരയ്ക്ക് ശബ്ദ സന്ദേശം അയച്ച കോഴിക്കോട് സ്വദേശിനിയെ സിബിഐ. ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. സിനിമാ സംവിധായകന്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശിനിയെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞുവെങ്കിലും പേരു വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ഒരു പ്രമുഖ നടന്റെ അടുത്തബന്ധുവാണ് ഇതെന്നാണ് അറിയുന്നത്. മുമ്പു കൊല്ലത്തെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു കലാഭവൻ മണിയെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന പരാതിയിൽ 2001ൽ ബൈജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.

മണി പല സ്ഥലങ്ങളിലും ഭൂമി വാങ്ങിയിരുന്നതായി കുടുംബാംഗങ്ങൾക്കും അറിയാമായിരുന്നു. എന്നാൽ അതിന്റെ പ്രമാണങ്ങൾ എവിടെയെന്നതടക്കമുള്ള വിവരങ്ങൾ അവർക്ക് അറിയില്ല. മണി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതു ദിലീപിനൊപ്പമാണെന്ന വിവരം ലഭിക്കുന്നതു ബൈജു കൊട്ടാരക്കരയിൽ നിന്നാണെന്നും അതെക്കുറിച്ചു നേരിട്ട് അറിയില്ലെന്നും സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞിരുന്നു.മുമ്പ് കേസ് അന്വേഷിച്ചിരുന്ന കേരള പൊലീസിന് ഇതു സംബന്ധിച്ച് വിവരം നൽകിയിരുന്നെങ്കിലും ഭൂമി ഇടപാടുകൾ പരിഗണിക്കാതെയാണ് അന്വേഷണം മുന്നോട്ടുപോയതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഇടുക്കിയിലെ രാജാക്കാട്, മൂന്നാർ എന്നിവിടങ്ങളിൽ ദിലീപും മണിയും ഒന്നിച്ചു ഭൂമി ഇടപാടുകൾ നടത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചന.

ഭൂമി ഇടപാടുകളും സാമ്പത്തിക പ്രശ്നങ്ങളുമാണ് മരണത്തിനു പിന്നിലെന്ന് അന്നും ഇന്നും തങ്ങൾ വിശ്വസിക്കുന്നതായി രാമകൃഷ്ണൻ പറഞ്ഞിരുന്നു. മണിയുടെ മരണശേഷം ഒരു തവണമാത്രമാണ് ദിലീപ് വീട്ടിൽ വന്നത്. മറ്റൊരു സൃഹൃത്തായ നാദിർഷാ തിരിഞ്ഞു നോക്കിയില്ലെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു. താരസംഘടനയായ അമ്മയുടെ ഭാഗത്തു നിന്നു വേദനിപ്പിക്കുന്ന അനുഭവമാണുണ്ടായത്. അതിലെ അംഗമായ ഒരാൾക്കുണ്ടായ ദുര്യോഗത്തിൽ ആത്മാർഥമായുള്ള ഇടപെടലിന് അവർക്ക് സമയുണ്ടായില്ലെന്നും ആർ.എൽ.വി രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കറുകച്ചാൽ സ്വദേശി റോയ്മാമൻ ജോസഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താൽപര്യമനുസരിച്ചാണു ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. മുഖ്യപ്രതി പൾസർ സുനിക്കെതിരേ ദിലീപ് നൽകിയ പരാതി പരിഗണിക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.