തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് ക്ലിഫ്ഹൗസിൽ തെളിവെടുപ്പ്. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലാണ് സിബിഐ തെളിവെടുപ്പിന് എത്തിയത്. പരാതിക്കാരിയും ഒപ്പം എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയും ഭാര്യയും ചികിത്സക്കായി അമേരിക്കയിൽ പോകുന്ന ഘട്ടത്തിലാണ് സിബിഐ തെളിവെടുപ്പിന് എത്തിയത്. മുൻധാരണ പ്രകാരമാണ് അന്വേഷണം സംഘം തെളിവെടുപ്പിന് എത്തിയതെന്നാണ് അറിയുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിബിഐയുടെ നീക്കമെന്നാണ് ശ്രദ്ധേയം.

2012 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി മൊഴി നൽകിയത്. എന്നാൽ സംസ്ഥാനസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്ലിഫ് ഹൗസിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്‌സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടും അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ചിരുന്നു. പീഡനക്കേസ് സി ബി ഐയ്ക്ക് വിട്ട സർക്കാരിനെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ റിപ്പോർട്ട്.

സോളാർ കേസിലെ പ്രതികൂടിയായ യുവതി നൽകിയ പീഡന പരാതിയിലാണ് തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സി ബി ഐ കോടതിയിൽ എഫ് ഐ ആർ നേരത്തെ സമർപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമേ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തി എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്. പീഡന പരാതിയിൽ നാലു വർഷത്തോളം കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സർക്കാരിനെ സമീപിച്ചതും അന്വേഷണം തുടങ്ങിയതും.

നേരത്തെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മുറിയിലാണ് പരിശോധന നടത്തിയത്. പീഡനം നടന്ന സ്ഥലം എന്ന രീതിയിലാണ് സിബിഐ സംഘം എംഎൽഎ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34-ാം നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്ന് പരാതിക്കാരിയുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയുമൊത്ത് സീൻ മഹ്‌സർ തയ്യാറാക്കാൻ സിബിഐ എത്തിയത്. പരിശോധനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.