കൊച്ചി: കുവൈറ്റിൽ സുഖവാസം നടത്തുന്ന നഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി വർഗീസ് ഉതുപ്പിനെ പിടികൂടാൻ സി ബി ഐ പുതിയ തന്ത്രങ്ങൾ മെനയുന്നു. ഇയാളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയവുമായി അന്വേഷണ ഏജൻസി ബന്ധപ്പെട്ടതായാണ് വിവരം. വർഗീസ് ഉതുപ്പിന്റെ വിസാ രേഖകൾ സംബന്ധിച്ച വിവരങ്ങളും സി ബി ഐ ശേഖരിച്ചതായും സൂചനയുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പ് വർഗ്ഗീസിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനാണ് നീക്കം.

കേരളത്തിൽ തട്ടിപ്പ് കേസിൽ പ്രതിയാണെങ്കിലും ഗൾഫിൽ ഇതേ പേരിൽ തന്നെ ബിസിനസ് നടത്തുകയാണ് ഇയാളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ കെരളത്തിൽ നിന്നും ഒരു വർഷത്തിനുള്ളിൽ കയറ്റി അയച്ച നഴ്‌സുമാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക പണം പിരിച്ചെടുക്കുന്ന തിരക്കിലാണ് ഉതുപ്പെന്നും വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാട്ടിൽ നടത്തിയ തട്ടിപ്പൊന്നും കുവൈത്തിലെ പ്രവർത്തനത്തിന് ഉതുപ്പിന് വിലങ്ങുതടിയാകുന്നില്ല. അവിടുത്തെ ഇയാളുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന സ്ത്രീയാണ് ഉതുപ്പിന്റെ ഗൾഫിലെ ബിസിനസ് പൂർണ്ണമായും നോക്കി നടത്തുന്നത്. കോട്ടയം സ്വദേശിയായ ഇവരാണ് ഉതുപ്പിന് വേണ്ട സഹായങ്ങൾ എല്ലാം കുവൈറ്റിൽ ചെയ്തുകൊടുക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

സി ബി ഐ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാട്ടിലേക്ക് വരാതെ കുവൈറ്റിൽ തുടരുന്ന വർഗീസ് ഉതുപ്പ് അന്വേഷണവുമായി തീരെ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി കഴിഞ്ഞു. കുവൈറ്റ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉതുപ്പിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും സി ബി ഐ പരിശോധിക്കുന്നുണ്ട്. നിലവിൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് അൽ സറാഫ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമ വർഗീസ് ഉതുപ്പ്. പ്രൊട്ടക്ടർ ഓഫ് എമിഗ്രേറ്റ്‌സിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇനി കീഴടങ്ങുകയല്ലാതെ ഉതുപ്പിനും രക്ഷയില്ല.

നിലവിൽ കുവൈറ്റ് അടക്കം അഞ്ച് ഗൾഫ് രാജ്യങ്ങളുമായും കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യ ധാരണപത്രം ഒപ്പ് വച്ചിട്ടുണ്ട്. അതുകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ എവിടേക്ക് കടന്നാലും ഇനി ഇയാൾ പിടിക്കപ്പെടും. അറസ്റ്റ് വൈകിപ്പിക്കാൻ സമീപത്തെ മറ്റ് രാജ്യങ്ങളിൽ വർഗീസ് ഉതുപ്പ് അഭയം തേടുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. പ്രൊട്ടക്ടർ ഓഫ് എമിഗ്രേറ്റ്‌സ് അറസ്റ്റിലാകാത്ത സ്ഥിതിക്ക് ആദ്യം ഉതുപ്പ് അറസ്റ്റിലാകുന്ന പക്ഷം കൂടുതൽ കാലം റിമാന്റിൽ കഴിയെണ്ട സ്ഥിതിയും വന്നേക്കാം. അറസ്റ്റ് പരമാവധി നീട്ടികൊണ്ട് പോകാൻ തന്നെയായിരിക്കും വർഗീസ് ഉതുപ്പ് ശ്രമിക്കുകയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

പണം കുടിശ്ശിക നല്കാനുള്ള നഴ്‌സുമാരെയെല്ലാം ഭീഷണിപ്പെടുത്തിയാണത്രെ ഇയാൾ ഇപ്പോൾ കുവൈറ്റിൽ പണം പിരിക്കുന്നത്. 19000 രൂപ മാത്രം ഈടാക്കാൻ അനുമതിയുള്ള അൽ സറാഫ റിക്രൂട്ട്‌മെന്റ് സ്ഥാപനം ഒരാളിൽ നിന്ന് 19 ലക്ഷം രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത് എന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുവൈത്ത് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് നഴ്‌സുമാർക്ക് നല്കുന്ന അഡ്വവൈസ് മെമോയിൽ അടക്കേണ്ട പണത്തിന്റെ സ്ഥാനത്ത് ദശാംശം മാറ്റിയാണ് ഉതുപ്പിന്റെ കമ്പനി ഈ വൻതട്ടിപ്പ് നടത്തിയതെന്നാണ് ഇൻകം ടാക്‌സ് അധികൃതർ പറയുന്നത്.

ഈ ഇനത്തിൽ 320 കോടിയോളം രൂപയാണ് അൽ സറാഫ മാത്രം പാവപ്പെട്ട നഴ്‌സുമാരിൽ നിന്ന് തട്ടിയത്.പ്രൊട്ടക്ടർ ഓഫ് എമിഗ്രേറ്റ്‌സിന്റെ കൂടി സഹായത്തോടെയായിരുന്നു ഈ കൊള്ള. നാട്ടിലെ ഓരൊ കാര്യങ്ങളും കൃത്യമായി കുവൈത്തിലിരുന്നറിയുന്ന ഇയാൾ ഇനി എന്ത് നീക്കമാണ് നടത്തുക എന്നത് കണ്ടറിയണം.