തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

അന്വേഷണം സിബിഐക്കു വിടാൻ ഡിജിപി ലോകനാഥ് ബെഹ്‌റയാണു ശുപാർശ ചെയ്തത്. അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണു സിബിഐയെ കേസ് അന്വേഷണം ഏൽപ്പിക്കാനുള്ള തീരുമാനം. 

എസ്‌പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തി വന്നത്. ഇതുവരെ മരണത്തിന്റെ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണും മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഇതോടെയാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്.

ഹൈദരാബാദ് ഫോറൻസിക് ലാബിൽ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിൽ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ (മീഥൈൽ ആൽക്കഹോൾ ) അംശം ഹാനികരമായ അളവിലില്ല എന്ന് കണ്ടെത്തിയിരുന്നു. മെഥനോളും, ക്ളോർ പൈറിഫോസും കാക്കനാട് ലാബിലെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ, കീടനാശിനിയായ ക്ലോർപൈറിഫോസിന്റെ അംശം ഹൈദരാബാദിൽ കണ്ടെത്തിയതുമില്ല. ഈ സാഹചര്യത്തിൽ മരണത്തിൽ അസ്വാഭാവികതയില്ല എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതോടെയാണ് മണിയുടെ സഹോദരൻ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടത്. മണിയുടേത് ആസൂത്രിതമായ കൊലപാതകമാണ്. കോടിക്കണക്കിന് രൂപയാണ് ജ്യേഷ്ഠന് പലരിൽ നിന്നും കിട്ടാനുള്ളത്. അതു ചോദിച്ചതിന്റെ വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നതായും രാമകൃഷ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് ആറിനാണ് മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചാലക്കുടി പുഴയോരത്തെ ഔട്ട് ഹൗസായിരുന്ന 'പാടി'യിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റേയും സാന്നിദ്ധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ഹൈദരാബാദിലെ കേന്ദ്ര ലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്മാരായ ജാഫർ ഇടുക്കി, സാബു എന്നിവർക്കെതിരെയും മറ്റു സുഹൃത്തുക്കൾക്കുമെതിരെ മണിയുടെ സഹോദരൻ സംശയമുന്നയിച്ചിരുന്നു. ഇതേതുടർന്ന് എല്ലാവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.